ശ്രീകണ്ഠപുരം: ഇറ്റലിയിലെ റോമിൽ കുടുംബാംഗങ്ങൾക്കൊപ്പം കടൽ കാണാൻപോയ മലയാളി യുവാവ് ചുഴിയിൽപെട്ട് മുങ്ങി മരിച്ചു. കണ്ണൂർ പയ്യാവൂർ ഉപ്പുപടന്നയിലെ കുളക്കാട്ട് ബേബി-ബ്രിജീത്ത ദമ്പതികളുടെ മകൻ അനിൽ ബേബി (49) യാണ് മരിച്ചത്. അഞ്ചുവർഷമായി റോമിലുള്ള അനിൽ തിങ്കളാഴ്ച വൈകീട്ട് മക്കരേസെ ബീച്ചിൽ വിനോദയാത്രക്ക് പോയപ്പോൾ സഹോദരിയുടെ മകനോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ചുഴിയിൽ അകപ്പെട്ട അനിലിനെ ആർക്കും രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് എയർ ആംബുലൻസ് സ്ഥലത്തെത്തിയിരുന്നെങ്കിലും മരണം സംഭവിച്ചതിനാൽ മടങ്ങിപ്പോവുകയായിരുന്നു. ദിവസങ്ങളായി ഇവിടെ അപ്രതീക്ഷിതമായി വൻതിരകൾ ഉണ്ടായിരുന്നതായും ഇതിനിടെ തിരയിൽ പെട്ട മറ്റൊരാൾ കൂടി മരിച്ചിരുന്നതായും വിവരമുണ്ട്.
അനിൽ അപകടത്തിൽ പെടുന്നതിന് ഒരു മണിക്കൂർ മുമ്പുവരെ ബീച്ചിലെ ദൃശ്യങ്ങൾ വിഡിയോ കാൾ വഴി പയ്യാവൂരിലുള്ള വീട്ടുകാരെ കാണിച്ചിരുന്നു. ഞായറാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നതായി ഇറ്റലിയിലുള്ള ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ബിന്ദു. ഇവർക്ക് രണ്ടു മക്കളുണ്ട്. സഹോദരങ്ങൾ: ആശ (ഇറ്റലി), അനിത (പെരിക്കല്ലൂർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.