ശ്രീകണ്ഠപുരം: പയ്യാവൂർ പഞ്ചായത്ത് പയറ്റടിപ്പറമ്പിൽ സ്ഥാപിച്ച ആധുനിക വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷമായെങ്കിലും ഇതുവരെ ഒരു മൃതദേഹം പോലും ദഹിപ്പിച്ചില്ല. കഴിഞ്ഞ വർഷം നവംബർ 25ന് മന്ത്രി എം.ബി. രാജേഷാണ് വാതക ശ്മാശാനം ഉദ്ഘാടനം ചെയ്തത്.
തുടർന്ന് ശ്മശാനത്തിലെ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകിയ ശേഷം പ്രവർത്തനം തുടങ്ങുമെന്ന് പറഞ്ഞിരുനെങ്കിലും നടപ്പായില്ല. ആവശ്യമായ അനുമതി ലഭിക്കാത്തതാണ് ശ്മശാനം തുറക്കാൻ സാധിക്കാത്തതെന്നും ഉടൻ പ്രവർത്തനം തുടങ്ങുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
പയറ്റടിപ്പറമ്പിലെ പരമ്പരാഗത ശ്മശാനത്തിന് പകരമാണ് ആധുനിക വാതക ശ്മശാനം സ്ഥാപിച്ചത്. പഞ്ചായത്തിന് സംഭാവനയായി കിട്ടിയ രണ്ടേക്കർ സ്ഥലത്ത് 2500 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം നിർമിച്ചത്. 2017 മുതൽ വിവിധ ഘട്ടങ്ങളിലായി 1.06 കോടി ചെലവഴിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.
നിർമാണം പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തുന്നെന്നാരോപിച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.ബി. രാജേഷിന് യു.ഡി.എഫ് പഞ്ചായത്തംഗങ്ങൾ അന്ന് പരാതി നൽകിയിരുന്നു. അഗ്നിരക്ഷാ സംവിധാനം ഒരുക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നതായിരുന്നു യു.ഡി.എഫ് അംഗങ്ങളുടെ പരാതി.
പഞ്ചായത്തംഗങ്ങളായ ആനീസ് ജോസഫ്, ടെൻസൺ ജോർജ്, ടി.പി. അഷ്റഫ്, സിന്ധു ബെന്നി, സിജി ഒഴാങ്കൽ എന്നിവരായിരുന്നു പരാതി നൽകിയത്. നിലവിൽ സമീപത്തെ പരമ്പരാഗത ശ്മശാനത്തിലാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ശ്മശാനം ഉടൻ പ്രവർത്തനം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.