ശ്രീകണ്ഠപുരം: ഇനി ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങൾക്ക് ഭയാശങ്ക വേണ്ട. രാത്രി കാലങ്ങളിലടക്കം അത്യാവശ്യ സഹായം തേടാൻ ഈ മണിയൊന്നടിച്ചാൽ മതി. കട്ടിലിനോട് ചേർന്ന സ്വിച്ച് അമർത്തിയാൽ നിശ്ചിത നേരം മണിനാദമുയരും. സമീപവാസികൾ ഓടിയെത്തി സഹായിക്കും. പിന്നാലെ പൊലീസും. ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷക്കായി 'ബെൽ ഓഫ് ഫെയ്ത്' എന്ന പദ്ധതിയാണ് ജില്ലയിലും പുറത്തും ജനമൈത്രി പൊലീസ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്‌റ്റേഷനുകളിലും ഇത്തരത്തിൽ മണി നൽകിയിട്ടുണ്ട്. അഞ്ച് മുതൽ പത്ത് വരെ എണ്ണം മണികൾ ചില സ്റ്റേഷനുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഒറ്റപ്പെട്ടു താമസിക്കുന്ന വയോജനങ്ങളെ കണ്ടെത്തിയാണ് അവരുടെ വീടുകളിൽ ഈ സംവിധാനം ഒരുക്കി നൽകുന്നത്. എന്തെങ്കിലും അപകടമുണ്ടാകുന്ന സന്ദർഭത്തിൽ ബെല്ലമർത്തിയാൽ സൈറൺ മുഴങ്ങുകയും അയൽവാസികൾക്കും മറ്റ് നാട്ടുകാർക്കും അപകട സൂചന ലഭിക്കുകയും ചെയ്യും. 500 മീറ്ററോളം ചുറ്റളവിൽ ഇതിൻ്റെ ശബ്ദമെത്തും. കഴിഞ്ഞ ദിവസം ജില്ലയിൽ മയ്യിൽ പൊലീസ്സ്റ്റേഷൻ പരിധിയിലെ ആദ്യ ബെൽ മലപ്പട്ടം ചൂളിയാട്ടെ കായക്കീൽ കുഞ്ഞിരാമൻ്റെ വീട്ടിൽ സ്ഥാപിച്ചു. മലപ്പട്ടം പഞ്ചായത്ത് പ്രസിഡൻ്റ് പി. പുഷ്പജൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ എസ്.ഐ. വി.ആർ. വിനീഷ് അധ്യക്ഷത വഹിച്ചു.
ജനമൈത്രി ബീറ്റ് ഓഫീസർ കെ.രമേഷ്, ദേവൻ ബാബു, പഞ്ചായത്തംഗം ഇ. ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു. മയ്യിൽ സ്റ്റേഷൻ പരിധിയിൽ എട്ട് വീടുകളിലാണ് 'ബെൽ ഓഫ് ഫെയ്ത്' സ്ഥാപിക്കുന്നത്. ഉൾപ്രദേശങ്ങളിലടക്കം പുതിയ സംവിധാനം വരുന്നതോടെ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങൾക്ക് ഏറെ പ്രതീക്ഷയും ഉപകാരപ്രദവുമാകുമെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.