ശ്രീകണ്ഠപുരം: നാലുപേരുടെ മരണത്തിൽ വിറങ്ങലിച്ച് മലയോരം. യുവാവ് പുഴയിൽ മുങ്ങിമരിച്ചതിന് പിന്നാലെ രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽപെട്ട് മൂന്നുപേർകൂടി മരിച്ചതോടെ മലയോരഗ്രാമങ്ങൾ സങ്കടക്കടലായി മാറുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് പയ്യാവൂർ ആടാംപാറയിലെ വിദ്യാർഥി അലക്സ് പുഴയിൽ മുങ്ങിമരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച പുലർച്ച രോഗിയുമായി പയ്യാവൂരിൽനിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് എളയാവൂരിൽ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്നു പേർ മരിച്ചത്.
കുടിയാന്മല സ്വദേശിയും ചുണ്ടപ്പറമ്പിലെ താമസക്കാരുമായ ബിജോ മൈക്കിളും ഭാര്യ മണിക്കടവ് സെൻറ് തോമസ് യു.പി സ്കൂൾ അധ്യാപിക റജീന, ആംബുലൻസ് ഡ്രൈവർ പയ്യാവൂർ വാതിൽമടയിലെ നിധിൻരാജ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. റജീനയുടെ സഹോദരൻ ബെന്നി സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
മുങ്ങിമരണത്തിന് പിന്നാലെ ആംബുലൻസ് അപകടമരണവും ഉണ്ടായതോടെ ചുണ്ടപ്പറമ്പ്, പയ്യാവൂർ, ചന്ദനക്കാംപാറ, പൊട്ടൻപ്ലാവ്, കുടിയാൻമല, മണിക്കടവ്, പൈസക്കരി, വാതിൽമട, ശ്രീകണ്ഠപുരം തുടങ്ങിയ പ്രദേശങ്ങളെല്ലാം കണ്ണീരിലായി.
ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ് ബിരുദ വിദ്യാർഥിയായ അലക്സ് ഞായറാഴ്ച വൈകീട്ട് കൂട്ടുകാരുമൊത്ത് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ആശുപത്രിയിൽ എത്തുംമുന്നേ അലക്സ് മരിച്ചിരുന്നു. ചുണ്ടപ്പറമ്പിൽ താമസിക്കുന്ന ബിജോ തിങ്കളാഴ്ച പുലർച്ചയോടെയാണ് പനിയും വയറിളക്കവും ഛർദിയും അധികമായതിനാൽ പയ്യാവൂരിലെ ആശുപത്രിയിൽ പോയത്. രക്തത്തിലെ ഓക്സിജെൻറ അളവ് കുറഞ്ഞതിനാൽ കണ്ണൂരിലേക്ക് പോകാൻ ഡോക്ടർ നിർദേശിക്കുകയും യാത്രക്കിടയിൽ പുലർച്ച 5.30 ഓടെ ഇവർ സഞ്ചരിച്ച ആംബുലൻസ് അപകടത്തിൽപെടുകയും ചെയ്തു. കോവിഡ് മാനദണ്ഡമനുസരിച്ച് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധിപേരാണ് മരിച്ചവരുടെ വീടുകളിൽ എത്തിയത്. പുഴയിൽ മുങ്ങി മരിച്ച അലക്സിെൻറ മൃതദേഹം ചന്ദനക്കാംപാറ ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
ആംബുലൻസ് ഡ്രൈവർ നിധിൻരാജിെൻറ മൃതദേഹം വീട്ടുവളപ്പിലും സംസ്കരിച്ചു. ചുണ്ടപ്പറമ്പ് പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് വെച്ച ബിജോ, റജീന എന്നിവരുടെ മൃതദേഹം ചൊവ്വാഴ്ച പൊട്ടൻപ്ലാവ് സെൻറ് ജോസഫ്സ് പള്ളിസെമിത്തേരിയിൽ സംസ്കരിക്കും.
അലക്സ്, നിധിൻരാജ് എന്നിവരുടെ വീടുകളിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ജില്ല സെക്രട്ടറിയറ്റ് അംഗങ്ങളായ ടി.കെ. ഗോവിന്ദൻ, പി.വി. ഗോപിനാഥ്, ഏരിയ സെക്രട്ടറി എം. വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റോബർട്ട് ജോർജ്, പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് സാജു സേവ്യർ, ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവൽ എന്നിവർ സന്ദർശിച്ചു. ദുരന്തത്തിൽ എം.എൽ.എമാരായ സജീവ് ജോസഫ്, കെ.വി. സുമേഷ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.