ശ്രീകണ്ഠപുരം: ജില്ലയിൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ മാരക മയക്കുമരുന്നുകളുടെ ഒഴുക്ക് വർധിച്ചു. മദ്യവും കഞ്ചാവും കടന്ന് നിലവിൽ എം.ഡി.എം.എയും സ്റ്റാമ്പ് രൂപത്തിലുള്ള എൽ.എസ്.ഡിയും ട്രമഡോൾ ഹൈഡ്രോക്ലോറൈഡ് എന്ന മയക്കുഗുളികയുമാണ് പുതുതലമുറയെ കീഴടക്കിയിട്ടുള്ളത്. കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസും നാലുദിവസമായി പൊലീസും നിരവധി ചെറുപ്പക്കാരെയാണ് ഇത്തരം മയക്കുമരുന്നുകളുമായി പിടികൂടിയത്. കണ്ണൂർ, തലശ്ശേരി, ഉളിക്കൽ, പയ്യന്നൂർ എന്നിവിടങ്ങളിലെല്ലാം പൊലീസ് എം.ഡി.എം.എയും കാറും സഹിതമാണ് യുവാക്കളെ പിടികൂടിയത്.
കണ്ണൂർ സിറ്റിയിൽ ശ്രീകണ്ഠപുരം മേഖലയിലെ രണ്ടു യുവാക്കളെയും ഉളിക്കൽ പൊലീസ് ഏരുവേശി നെല്ലിക്കുറ്റി ഏറ്റുപാറയിലെ രണ്ടുപേരെയും കരിക്കോട്ടക്കരി സ്വദേശിയായ സമീപത്തെ കോളജ് വിദ്യാർഥിയെയുമാണ് പിടികൂടിയത്. പയ്യന്നൂർ പൊലീസ് തൃക്കരിപ്പൂരിലെ രണ്ടുപേരെയും പിടികൂടി. തളിപ്പറമ്പിലും പയ്യാവൂരിലും ശ്രീകണ്ഠപുരത്തുമായി ഓരോരുത്തരെയും പിടികൂടിയിട്ടുണ്ട്. അർധരാത്രിയിലും പകലും ഇത്തരം ലഹരിവസ്തുക്കൾ ചെറുപ്പക്കാർ വ്യാപകമായി കടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.നേരത്തേ മുതൽ മറുനാടൻ തൊഴിലാളികൾ മുഖേന വൻതോതിൽ കഞ്ചാവ് എത്തിച്ച് വിൽപന വ്യാപകമായിരുന്നു. കഞ്ചാവിനെക്കാൾ തീവ്രമായ ലഹരി ലക്ഷ്യമിട്ടാണത്രെ പുതിയ ഇനങ്ങൾ രംഗത്തിറക്കിയിട്ടുള്ളത്.
മണിക്കൂറുകളോളം ലഹരി നിൽക്കുമെന്നതും ഉപയോഗിച്ചാൽ പെട്ടെന്ന് മറ്റുള്ളവർക്ക് മനസ്സിലാകില്ലെന്നതും ഇത്തരം മയക്കുമരുന്നുകളെ സ്വീകരിക്കാൻ യുവാക്കളെ പ്രേരിപ്പിച്ചതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലും ശ്രീകണ്ഠപുരത്തും ഇരിട്ടിയിലും പാപ്പിനിശ്ശേരിയിലും ഇത്തരം മാരക മയക്കുമരുന്നുകൾ വിൽപന നടത്തുന്ന നിരവധി യുവാക്കളെ നേരത്തേ തന്നെ എക്സൈസ് സംഘം പിടികൂടിയിരുന്നു.
കർണാടകയിൽ നിന്നടക്കം ഇത്തരം ഉൽപന്നങ്ങൾ വ്യാപകമായി ഇവിടേക്ക് എത്തുന്നുണ്ട്. തലശ്ശേരിയിലും ഇരിട്ടിയിലും കണ്ണൂരിലും പ്രത്യേകം ഏജന്റുമാർ തന്നെ മാരക മയക്കുഗുളികകൾ എത്തിച്ചുനൽകുന്നുണ്ട്. തലശ്ശേരിയിൽ ഹെറോയിനുമായി നേരത്തേ പിടിയിലായി ജാമ്യത്തിലിറങ്ങിയയാൾ ജില്ലയിൽ മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണിയാണെന്ന് വ്യക്തമായിട്ടുണ്ട്. ടൗൺ പ്രദേശങ്ങളിൽനിന്ന് ഉൾഗ്രാമങ്ങളിലേക്ക് കൂടി മയക്കുമരുന്നുകൾ വ്യാപകമായി എത്തുന്നത് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ചെക്ക് പോസ്റ്റുകളിൽ കൈമടക്ക് നൽകുന്നതിനാൽ അതിർത്തി കടന്നു വരുന്ന കഞ്ചാവും മറ്റും പിടികൂടാറില്ല.
കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ ഇതര സംസ്ഥാന തൊഴിലാളികളെയും പലയിടങ്ങളിൽനിന്നായി മാസങ്ങൾക്കുമുമ്പ് പിടികൂടിയിരുന്നു. പ്രായമായവരെ ലക്ഷ്യമിട്ട് കരിഞ്ചന്തയിൽ വിദേശമദ്യവിൽപന നടത്തുന്ന സംഘങ്ങളും വ്യാപകമാണ്. ദിനംപ്രതി മദ്യവിൽപന നടത്തുന്ന ഓട്ടോ ഡ്രൈവർമാരെയും മറ്റും എല്ലായിടത്തും എക്സൈസ് പിടികൂടുന്നുണ്ട്. പാൻ മസാല വിൽപനക്കാരും സജീവമാണ്. ഇവർക്കെല്ലാം ജാമ്യം കിട്ടുന്നതിനാൽ പിടികൂടിയാലും വീണ്ടും വിൽപനക്കിറങ്ങുന്ന സ്ഥിതിയുണ്ട്.
മയക്കുമരുന്നുകൾക്കും കഞ്ചാവിനും വൻ തുകയായിട്ടും വാങ്ങാൻ വിദ്യാർഥികളും ചെറുപ്പക്കാരുമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. വിൽപനക്കിടെ പിടിയിലായവരിൽ കോളജ് വിദ്യാർഥികളടക്കമുണ്ട്. വീടുകളിൽനിന്നുള്ള അശ്രദ്ധ മുതലാക്കിയാണ് വിദ്യാർഥികളെ മയക്കുമരുന്ന് സംഘം വലയിലാക്കുന്നത്. ആദ്യം ഉപയോഗിക്കാൻ നൽകുകയും പിന്നീട് വിൽപനക്കാരാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. പിടികൂടിയാൽ ജാമ്യത്തിലിറക്കാനും മയക്കുമരുന്ന് മാഫിയ രംഗത്തുണ്ട്. എക്സൈസും പൊലീസും വ്യാപക ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തുന്നുണ്ടെങ്കിലും ന്യൂജെൻ ലഹരിയുടെ ഒഴുക്ക് തടയാനായിട്ടില്ലെന്നതാണ് സ്ഥിതി.
എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
പയ്യന്നൂർ: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പയ്യന്നൂർ പൊലീസിന്റെ പിടിയിലായി. 100 മില്ലിയുമായി തൃക്കരിപ്പൂർ മെട്ടമ്മലിലെ എൻ. നൂർമുഹമ്മദ് (30), 510 മില്ലിഗ്രാം എം.ഡി.എം.എയുമായി തൃക്കരിപ്പൂർ കരോളത്തെ എസ്.കെ.പി. മുഹമ്മദ് റസ്താൻ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി വാഹന പരിശാധന നടത്തുമ്പോഴാണ് ഇരുവരിൽനിന്നും മയക്കുമരുന്ന് പിടികൂടിയത്.
നൂർമുഹമ്മദിനെ കാര തലിച്ചാലം പാലത്തിന് സമീപത്തും മുഹമ്മദ് റസ്താനെ കൊറ്റി മേൽപാലത്തിനടുത്തുമാണ് അറസ്റ്റ് ചെയ്തത്. പെരുമ്പയിൽനിന്ന് എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ രണ്ട് യുവാക്കളും വ്യാഴാഴ്ച പൊലീസ് പിടിയിലായി.
ഉളിക്കലിൽ മയക്കുമരുന്നുവേട്ട; നാലുപേർ പിടിയിൽ
ഇരിട്ടി: ഉളിക്കൽ മേഖല കേന്ദ്രീകരിച്ചുനടത്തിയ മയക്കുമരുന്ന് വേട്ടയിൽ നാലുയുവാക്കൾ പിടിയിൽ. കരിക്കോട്ടക്കരി സ്വദേശി അഭിജിത് സെബാസ്റ്റ്യൻ (22), നെല്ലിക്കുറ്റി ഏറ്റുപാറ സ്വദേശികളായ നിധിൻ മാത്യു (28), നിബിൻ മാത്യു (27), ഉളിയിൽ കൂരൻമുക്ക് സ്വദേശി ഷാനിദ് (25) എന്നിവരെയാണ് എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റുചെയ്തത്. ഇരിട്ടി ഡിവൈ.എസ്.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ ഉളിക്കൽ നെല്ലിക്കാംപൊയിലിൽ വാഹന പരിശോധനക്കിടെയാണ് കരിക്കോട്ടക്കരി സ്വദേശികളായ മൂന്നുപേർ അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഉളിക്കൽ ബസ് സ്റ്റാൻഡിൽ നടന്ന പരിശോധനക്കിടെയാണ് ഷാനിദ് പിടിയിലായത്. ബംഗളൂരുവിൽനിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. മയക്കുമരുന്ന് വേട്ടസംഘത്തിൽ ഉളിക്കൽ സി.ഐ സുധീർ കല്ലൻ, എസ്.ഐ പി. നിഷിത്ത്, പൊലീസ് ഉദ്യോഗസ്ഥരായ സന്ദീപ്, പ്രഭീഷ് എന്നിവരും ഉണ്ടായിരുന്നു.
എം.ഡി.എം.എ: കണ്ണൂരിൽ രണ്ടു പേർ പിടിയിൽ
കണ്ണൂർ: നഗരത്തിൽനിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിലായി. കൂട്ടുപുഴ മഠത്തിനകത്ത് വീട്ടിൽ മനേഷ് മോഹൻ (34), ചുഴലി ചാലിൽ വയലിലെ ചാപ്പൻറകത്ത് സി. ജാഫർ (49) എന്നിവരെയാണ് കണ്ണൂർ ടൗൺ സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
തളാപ്പിന് സമീപത്തുനിന്ന് മനേഷ് മോഹൻ രണ്ടു ഗ്രാം എം.ഡി.എംഎ ജാഫറിന് കൈമാറുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ആറായിരം രൂപ വിലവരും.
ജില്ലയിലെ പലഭാഗങ്ങളിലും നഗരം കേന്ദ്രീകരിച്ചും മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻറ് ചെയ്തു. എസ്.ഐമാരായ ഇബ്രാഹിം, യോഗേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.