ശ്രീകണ്ഠപുരം: ചെങ്ങളായിയെയും മലപ്പട്ടത്തെയും ബന്ധിപ്പിക്കുന്ന ചെങ്ങളായി -അഡൂർ കടവ് പാലത്തിന്റെ നിർമാണം ടെൻഡറുമായി ബന്ധപ്പെട്ട കേസിൽ കുടുങ്ങിയിട്ട് ആറുമാസം. പാലത്തിന്റെ ടെൻഡർ നടപടികൾ നേരത്തേ പൂർത്തിയായിരുന്നു. ഊരാളുങ്കൽ സൊസൈറ്റിയാണ് ടെൻഡർ എടുത്തത്. എന്നാൽ നിയമപരമായല്ല ടെൻഡർ നൽകിയതെന്ന് ആരോപിച്ച് ഇരിക്കൂറിലെ കൺസ്ട്രക്ഷൻ കമ്പനിയാണ് കേസ് നൽകിയത്. ഇതോടെ പാലം നിർമാണവുമായി ബന്ധപ്പെട്ട മറ്റു നടപടികൾ നിലച്ചു.
കഴിഞ്ഞ ജൂലൈ 17ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു കേസ് വന്നത്. തുടർന്ന് ഉദ്ഘാടനച്ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. നിയമപരമായിട്ടാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡർ നൽകിയതെന്നും ഇരിക്കൂറിലെ കൺസ്ട്രക്ഷൻ കമ്പനിയാണ് കേസ് നൽകിയതെന്നും അധികൃതർ പറഞ്ഞു.
ചെങ്ങളായി ടൗണിനടുത്ത കടവിലാണ് അഡൂരിനെ ബന്ധിപ്പിച്ച് പാലം പണിയുക. നിലവിൽ ഇവിടെ തൂക്കുപാലമാണ് ഏക ആശ്രയം. ദിനംപ്രതി കുട്ടികളും പ്രായമായവരുമെല്ലാം തൂക്കുപാലം കടന്നാണ് മറുകരകളിലെത്തുന്നത്. തൂക്കുപാലം തുരുമ്പെടുത്ത് അപകട ഭീതിയിലാണ്. ചവിട്ടുപടികളും കൈവരിഭാഗവും തുരുമ്പിച്ചിട്ടുണ്ട്.
പുതിയ പാലം വരുന്നതോടെ മലപ്പട്ടം, മയ്യിൽ ഭാഗത്തുള്ളവർക്കെല്ലാം ശ്രീകണ്ഠപുരം പോകാതെ ചെങ്ങളായി മേഖലയിലേക്ക് എളുപ്പത്തിലെത്താൻ സാധിക്കും. വിമാനത്താവള ലിങ്ക് റോഡ് നിലവിൽ വരുമ്പോൾ വിവിധയിടങ്ങളിൽ നിന്ന് ലിങ്ക് റോഡിനെ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായികൂടിയാണ് പുതിയ പാലം പണിയുന്നത്. കാലവർഷത്തിൽ ശ്രീകണ്ഠപുരം നഗരവും പരിപ്പായി പ്രദേശവുമെല്ലാം വെള്ളത്തിനടിയിലായി ദിവസങ്ങളോളം ഗതാഗതം മുടങ്ങുന്നത് പതിവാണ്.
പാലം യാഥാർഥ്യമായാൽ ചെങ്ങളായി ഭാഗത്തെത്തുന്നവർക്ക് മലപ്പട്ടം, കണിയാർവയൽ, ഇരിക്കൂർ ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്താനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.