ചെങ്ങളായി അഡൂർ കടവ് തൂക്കുപാലം

എന്നു വരും ചെങ്ങളായി അഡൂർ കടവ് പാലം?

ശ്രീകണ്ഠപുരം: വർഷങ്ങളുടെ കാത്തിരിപ്പിനും നിവേദനങ്ങൾക്കുമൊടുവിൽ അനുമതി ലഭിച്ചിട്ടും നിർമാണം തുടങ്ങാതെ ചെങ്ങളായി-അഡൂർക്കടവ് പാലം. കാലങ്ങളായി കടത്തുതോണിയെയും പിന്നീട് തൂക്കുപാലത്തിനെയും ആശ്രയിച്ചിരുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസമായാണ് സർക്കാർ പ്രഖ്യാപനമുണ്ടായത്.

അനുമതി ലഭിച്ച് ഒരു മാസം കഴിഞ്ഞപ്പോഴേക്കും ലോക് ഡൗൺ വന്നതോടെ തുടർനടപടികൾ നിലക്കുകയായിരുന്നു. പാലത്തിന്റെ രൂപരേഖയും മറ്റും തയാറാക്കി അതിവേഗത്തിൽ പണി പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ, കോവിഡ് വ്യാപനം നടപടികളിലെ മെല്ലെപ്പോക്കിന് കാരണമായി. 11 കോടിയാണ് ഇതിനായി അനുവദിച്ചിരുന്നത്.

ഇരിക്കൂർ മണ്ഡലത്തിലെ ചെങ്ങളായിയെയും തളിപ്പറമ്പ് മണ്ഡലത്തിലുള്ള മലപ്പട്ടത്തെയും ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം. ചെങ്ങളായി ടൗണിനടുത്ത കടവിലാണ് അഡൂരിനെ ബന്ധിപ്പിച്ച് പാലം പണിയുക. നിലവിൽ ഇവിടെ തൂക്കുപാലമാണുള്ളത്.

ദിനംപ്രതി കുട്ടികളും പ്രായമായവരുമെല്ലാം തൂക്കുപാലം കടന്നാണ് മറുകരകളിലെത്തുന്നത്. പാലം വരുന്നതോടെ മലപ്പട്ടം, മയ്യിൽ ഭാഗത്തുള്ളവർക്കെല്ലാം ശ്രീകണ്ഠപുരം പോകാതെ ചെങ്ങളായി മേഖലയിലേക്ക് എളുപ്പത്തിലെത്താൻ സാധിക്കും. എയർപോർട്ട് ലിങ്ക് റോഡ് നിലവിൽ വരുമ്പോൾ വിവിധയിടങ്ങളിൽ നിന്നും ലിങ്ക് റോഡിനെ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പാലം പണിയുന്നത്.

വിമാനത്താവളത്തിലേക്കുള്ള എളുപ്പമാർഗം കൂടിയാവും. കാലവർഷത്തിൽ ശ്രീകണ്ഠപുരം നഗരവും പരിപ്പായി പ്രദേശവുമെല്ലാം വെള്ളത്തിനടിയിലായി ദിവസങ്ങളോളം ഗതാഗതം മുടങ്ങുന്നത് പതിവാണ്. പാലം യാഥാർഥ്യമായാൽ ചെങ്ങളായി ഭാഗത്തെത്തുന്നവർക്ക് മലപ്പട്ടം, കണിയാർ വയൽ, ഇരിക്കൂർ ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്താനും സാധിക്കും.

നിലവിൽ ഇവിടത്തെ തൂക്കുപാലം തുരുമ്പെടുത്ത് അപകടഭീതി സൃഷ്ടിക്കുന്നുമുണ്ട്. ചവിട്ടുപടികളും കൈവരിഭാഗവും തുരുമ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ കാലിലും കൈയിലും തുരുമ്പിച്ച ഷീറ്റും കമ്പിയും കൊള്ളുന്നതും പതിവാണ്. പുതിയ കോൺക്രീറ്റ് പാലം ഇനിയെന്ന് യാഥാർഥ്യമാകുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. പാലം നിർമാണം വേഗത്തിൽ തുടങ്ങാൻ മന്ത്രിയെ കണ്ട് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു.

Tags:    
News Summary - chengalayi adoorkadavu bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.