ശ്രീകണ്ഠപുരം: കരിന്തളം-വയനാട് 400 കെ.വി വൈദ്യുതിലൈൻ നിർമാണം സജീവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ തടഞ്ഞു. കർഷകർക്ക് ലഭിക്കേണ്ട നഷ്ടപരിഹാര പാക്കേജുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് കുടിയാന്മല കാർഷിക ഭൂമിയിൽ അറിയിപ്പ് കൂടാതെ അതിക്രമിച്ചുകയറി വിളകളും മരങ്ങളും വെട്ടിമാറ്റി ടവർ നിർമാണം തുടങ്ങിയത്.
കെ.എസ്.ഇ.ബിയുടെയും കരാർ കമ്പനിയുടെയും ശ്രമത്തെ എം.എൽ.എയുടെ നേതൃത്വത്തിൽ നാട്ടുകാർ തടയുകയായിരുന്നു. ജെ.സി.ബി ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ സ്ഥലത്തുനിന്ന് നീക്കം ചെയ്യുകയും ഉദ്യോഗസ്ഥരെ എം.എൽ.എ കൃഷിയിടത്തിൽനിന്ന് ഇറക്കിവിടുകയും ചെയ്തു.
വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തും കലക്ടറുടെ നേതൃത്വത്തിൽ എം.എൽ.എമാരുടെ യോഗവും കണ്ണൂരിലും നേരത്തെ ചേർന്നിരുന്നു. കഴിഞ്ഞ ദിവസം ഇരിട്ടിയിൽ ജനപ്രതിനിധികളുടെയും യോഗം ചേർന്നു. പാക്കേജിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും വരെ ഒരു നിർമാണ പ്രവർത്തനവും പാടില്ല എന്ന തീരുമാനമെടുത്തിരുന്നു.
ഈ തീരുമാനത്തെ അവഗണിച്ചാണ് കുടിയാന്മലയിലെ കുര്യാക്കോസ് മുണ്ടയ്ക്കലിന്റെ കൃഷിയിടത്തിൽ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറും കരാർ കമ്പനിക്കാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി ടവർ നിർമാണ പ്രവൃത്തി ആരംഭിച്ചത്. കർഷകന് പരമാവധി നഷ്ടപരിഹാരം പ്രഖ്യാപിക്കും വരെ ഒരു പ്രവൃത്തിയും നടത്താൻ അനുവദിക്കില്ലെന്ന് എം.എൽ.എ അറിയിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു, ടോമി കുമ്പിടിമാക്കാൻ, പഞ്ചായത്ത് അംഗം അലക്സ് ചുനയുമാക്കൽ, എരുവേശ്ശി മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ഐസക് എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.