ശ്രീകണ്ഠപുരം: നഗരസഭ ജനുവരി 26 മുതൽ ശ്രീകണ്ഠപുരത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഗതാഗത പരിഷ്കാരം നടന്നില്ല. തുടക്കത്തിൽ തന്നെ പല നടപടികളും വിവാദത്തിലാവുകയും ചെയ്തു. പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനെതിരെ ഒട്ടോ -ടാക്സി യൂനിയൻ നേതാക്കളും സി.പി.എമ്മും രംഗത്തിറങ്ങിയതിനുപിന്നാലെ ഒരുവിഭാഗം ഡ്രൈവർമാർ ഹൈകോടതിയെയും സമീപിച്ചതോടെയാണ് പരിഷ്ക്കാരം താളം തെറ്റിയത്.
ബസ് സ്റ്റാൻഡിന്റെ ഒരുഭാഗത്ത് ഓട്ടോകൾ നിർത്തിയിടാനും ഗുഡ്സ് ഓട്ടോകൾ മഖാം പരിസരത്ത് നിർത്തിയിടാനും തീരുമാനിച്ചതാണ് ആദ്യം പ്രതിഷേധത്തിനിടയാക്കിയത്. ഈ തീരുമാനം അംഗീകരിക്കാതെ ഓട്ടോകൾ പഴയതുപോലെ നഗരസഭ ഓഫിസിന്റെ എതിർവശത്താണ് നിർത്തിയിട്ടത്.കഴിഞ്ഞയാഴ്ച്ച നഗരസഭ ഓഫിസിനുമുന്നിൽ പാർക്കിങ് സൗകര്യമൊരുക്കുന്നതിന് സംസ്ഥാന പാത തുരക്കുന്നതും ഡ്രൈവർമാർ തടഞ്ഞിരുന്നു.
പാർക്കിങ്ങുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടയിലാണ് നഗരസഭയുടെ വാഹനങ്ങൾ മാത്രം പാർക്ക് ചെയ്യാനായി സൗകര്യമൊരുക്കാനുള്ള ശ്രമം തുടങ്ങിയത്. ഇരുമ്പുതൂണുകൾ സ്ഥാപിച്ച് ചങ്ങല ഉപയോഗിച്ച് കെട്ടിയിടാനായിരുന്നു ശ്രമം നടത്തിയത്. ഇതിനായി കംപ്രസർ ഉപയോഗിച്ച് റോഡ് തുരക്കുമ്പോഴാണ് ഡ്രൈവർമാർ തടഞ്ഞത്. പി.ഡബ്ല്യു.ഡിയുടെ അനുമതിയോടെയാണോ റോഡിൽ ഇത്തരം പ്രവൃത്തി നടത്തുന്നതെന്നും സമ്മതപത്രം എവിടെയെന്ന ചോദ്യവും ഉയർന്നു. വിവാദമായതോടെ നിർമാണം നിർത്തി റോഡ് അടച്ച് കരാറുകാരൻ പോവുകയും ചെയ്തു.
ഇതിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യമടങ്ങിയ നോ പാർക്കിങ് ബോർഡുകൾ അശാസ്ത്രീയമായി സ്ഥാപിച്ചതും വിവാദമായി. സാധാരണ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇരുവശങ്ങളിൽനിന്ന് ഡ്രൈവർമാർക്ക് കാണാനാവും വിധത്തിലാണ് ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത്. എന്നാൽ, ശ്രീകണ്ഠപുരത്ത് എല്ലാ നോ പാർക്കിങ് ബോർഡുകളും റോഡിലേക്ക് നേരെയാക്കിയാണ് സ്ഥാപിച്ചിട്ടുള്ളത്.
ഇതു കാരണം ഈ ബോർഡ് കാണാത്തതിനാൽ വാഹനങ്ങൾ പഴയപടി ഇപ്പോഴും നിർത്തുകയും പൊലീസ് സ്റ്റിക്കർ പതിച്ച് പിഴ ചുമത്തുകയും ചെയ്യുകയാണ്. നോ പാർക്കിങ് ബോർഡ് ശാസ്ത്രീയമായി സ്ഥാപിക്കാത്തതിനാൽ പിഴയടച്ച് മടുത്തുവെന്നും ഇവ നിയമപ്രകാരം മാറ്റിസ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കൃത്യമായി കൂടിയാലോചന നടത്താതെ പരിഷ്ക്കാരം നടത്താൻ ശ്രമിച്ചതാണ് എല്ലാം താളപ്പിഴയാവാൻ കാരണമായതെന്നാണ് ആക്ഷേപം. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരെല്ലാം വാഹനം നിർത്തിയിട്ടാൽ പിഴയടക്കേണ്ട ഗതികേടിലായത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അതേസമയം, രാഷ്ട്രീയ വിരോധമാണ് ഗതാഗത പരിഷ്കരണത്തിനെതിയുള്ള അനാവശ്യ പ്രതിഷേധങ്ങൾക്ക് പിന്നിലെന്നാണ് നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന പറയുന്നത്. ആർ.ടി.ഒയും പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറും ഉൾപ്പെടുന്ന റെഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരമാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.
ഇതിനായി യൂനിയൻ നേതാക്കളുമായും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും നാലുതവണ യോഗം നടത്തിയെന്നും അന്നൊന്നും ഒരു എതിർപ്പും പറയാത്ത സി.പി.എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.