ശ്രീകണ്ഠപുരം: അതിർത്തി മലയോര ഗ്രാമങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ വൈദ്യുതി തൂക്കുവേലി വരുന്നു.
പയ്യാവൂര്‍ പഞ്ചായത്തിെൻറ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ തൂക്കുവേലികൾ (തൂങ്ങിനില്‍ക്കുന്ന സൗരോർജ വേലികള്‍) സ്ഥാപിക്കാന്‍ ധാരണയായത്. ജില്ല പഞ്ചായത്തിെൻറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ആടാംപാറ മുതൽ കാഞ്ഞിരക്കൊല്ലി വരെ കർണാടകയുമായി അതിർത്തി പങ്കിടുന്ന 16 കിലോമീറ്റർ ഭാഗത്താണ് 32 ലക്ഷം രൂപ ചെലവിൽ വേലികൾ നിർമിക്കുന്നത്. പഞ്ചായത്ത് ഫണ്ട് സമഗ്ര ആനവേലി നിർമാണത്തിന് അപര്യാപ്തമാണ് എന്നതുകൊണ്ട് ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായം തേടുകയുമായിരുന്നു. പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്ത് 15 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷവുമാണ് തുക അനുവദിച്ചത്. പയ്യാവൂരിൽ പരീക്ഷണാർഥം നടത്തുന്ന പദ്ധതി പൂർണ വിജയമായാൽ ജില്ലയിൽ കാട്ടാനയിറങ്ങുന്ന പ്രദേശങ്ങളിലെല്ലാം ഈ സംവിധാനം ഒരുക്കാനാണ് അധികൃതരുടെ തീരുമാനം.
സംവിധാനം ആനക്ക് പരിക്കേൽക്കാത്ത രീതിയിൽ
തൂങ്ങിയാടുന്ന വൈദ്യുതി വേലിയിൽ ആനയും മറ്റും മുട്ടിയാൽ ചെറുതായി വൈദ്യുതാഘാതമേൽക്കുകയും പിന്തിരിഞ്ഞോടുകയും ചെയ്യും. ഇവക്ക് പരിക്ക് സംഭവിക്കുകയില്ലെന്ന ഗുണവുമുണ്ട്. സംസ്ഥാനത്ത ആദ്യത്തെ തൂക്കുവേലിയാണ് പയ്യാവൂരിലെ അതിർത്തി വനമേഖലയിൽ ഒരുക്കുന്നത്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് വനം മന്ത്രി കെ.രാജു ശ്രീകണ്ഠപുരം മേഖലയിൽ ഏഴ് കിലോമീറ്റർ തൂക്കുവേലി നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല.
നേരത്തെ ആടാം പാറയിൽനിന്ന് കാഞ്ഞിരക്കൊല്ലിയിലേക്ക് ആറ് കിലോമീറ്റർ നീളത്തിൽ സൗരോർജ വേലി നിർമിച്ചിരുന്നെങ്കിലും കാട്ടാന ശല്യം പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിരുന്നില്ല. ഏറെ കാലങ്ങളായി കാഞ്ഞിരക്കൊല്ലി, വഞ്ചിയം, ആടാംപാറ, അരീക്കാമല, ശാന്തിനഗർ, ചന്ദനക്കാംപാറ, നറുക്കും ചീത്ത, ഷിമോഗ, ചിറ്റാരി, ഏലപ്പാറ, ചീത്തപ്പാറ തുടങ്ങിയ മേഖലയിലുള്ളവർ കാട്ടാനശല്യം മൂലം പൊറുതിമുട്ടുകയായിരുന്നു. ഈ മേഖലയിലെ കൃഷിയിടങ്ങൾ പൂർണമായും കാട്ടാനക്കൂട്ടം നശിപ്പിക്കുന്നതും ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നതും പതിവാണ്. കർഷകർ രാപ്പകൽ ഉറക്കമൊഴിഞ്ഞ് ജീവൻ പണയപ്പെടുത്തി കാവലിരുന്നിട്ടും ഫലമുണ്ടാകാറില്ല.
കഴിഞ്ഞ ദിവസം പയ്യാവൂർ നറുക്കുംചീത്തയിലെ വെട്ടുകാട്ടിൽ സജൻെറ വീട്ടുപറമ്പിലെത്തി വിള നശിപ്പിച്ച ആനക്കൂട്ടത്തിലെ പിടിയാന ചെരിഞ്ഞിരുന്നു. കുന്നിറങ്ങി വന്ന ആന വൈദ്യുതി തൂണിലിടിച്ച് ലൈനടക്കം നിലംപതിച്ചപ്പോൾ തുമ്പിക്കൈയിൽ ഷോക്കേറ്റ് മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ വർഷവും ഇതേ പ്രദേശത്ത് വീട്ടുപരിസരത്തെ കുഴിയിൽ വീണ ആനയെ വനപാലകർ രക്ഷിച്ച് മുത്തങ്ങയിലേക്ക് ചികിത്സക്ക് കൊണ്ടുപോകവേ ലോറിയിൽവച്ച് ചെരിഞ്ഞത് ഏറെ വിവാദവുമായിരുന്നു.
കാട്ടാന ശല്യം കൂടാതെ കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി എന്നിവയുടെ ശല്യവും ഈ മേഖലകളിൽ രൂക്ഷമാണ്. കാട്ടുപന്നികളും കൂട്ടമായിറങ്ങുന്ന കുരങ്ങുകളും ഭക്ഷ്യവിളകൾ വ്യാപകമായി നശിപ്പിക്കാറുണ്ട്. ആനക്കൂട്ടത്തെയും മറ്റ് മൃഗങ്ങളെയും ഭയന്നാണ് ഈ മേഖലയിലെ കുട്ടികളും പ്രായമായവരും കഴിയുന്നത്. ജീവൻ പണയപ്പെടുത്തിയാണ് പല കർഷകരും പുലർച്ച റബർ ടാപ്പിങ്ങിനും മറ്റ് പണികൾക്കുമായി പുറത്തിറങ്ങുന്നത്. തൊട്ടുമുന്നിലെത്തിയാൽ മാത്രമാണ് പലപ്പോഴും ആനയെ കാണുന്നതെന്നും ഭയന്നോടുമ്പോൾ വീണ് പരിക്കേൽക്കുന്നത് പതിവാണെന്നും കർഷകർ പറയുന്നു. ആന പിന്തുടർന്ന് ഓടിച്ചില്ലെങ്കിൽ കാട്ടുപന്നികളുടെ കുത്തേൽക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ മാസം പേരട്ട പെരിങ്കരിയിൽ രാവിലെ പള്ളിയിൽ പോകുന്നതിനിടെ ദമ്പതികളെ കാട്ടാന ആക്രമിച്ചതും ഗൃഹനാഥൻ മരിച്ചതും മലയോരത്തെ ജനങ്ങൾ ഏറെ ഭീതിയോടെയാണ് ഓർക്കുന്നത്.
'കർഷകർക്ക് ആശ്വാസമാകുന്ന മാതൃക പദ്ധതി'
മുന്നോടിയായി അടുത്തയാഴ്ച അതിർത്തി വനമേഖലയിലെ സ്വകാര്യ വ്യക്തികളുടേതടക്കമുള്ള സ്ഥലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ കാടുവെട്ടിത്തെളിച്ച് വൈദ്യുതി വേലി സ്ഥാപിക്കാനുള്ള വഴിയൊരുക്കുമെന്നും കർഷകർക്ക് ഏറെ ആശ്വാസമാകുന്ന മാതൃക പദ്ധതിയായി ഈ സൗരവേലി സംസ്ഥാന ശ്രദ്ധയാകർഷിക്കുമെന്നും പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാജു സേവ്യർ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.