ശ്രീകണ്ഠപുരം: ഏറെനാളായുള്ള ജനങ്ങളുടെ ദുരിതയാത്രക്ക് അറുതിയാകുന്നു. ശ്രീകണ്ഠപുരം - ചെമ്പന്തൊട്ടി - നടുവിൽ റോഡിന്റെ പ്രവൃത്തിക്ക് ടെൻഡർ ക്ഷണിച്ചതായി സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. ഈ മാസം 16നുള്ളിൽ ടെൻഡർ സമർപ്പിക്കണം. സംസ്ഥാനപാതയെ മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്.
9.76 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ടാറിങ് നടന്നിട്ട് വർഷങ്ങളായി. യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാറുകൾ ബജറ്റിൽ റോഡിനായി തുക നീക്കിവെച്ചിരുന്നു. ഒന്നാം പിണറായി സർക്കാറിന്റെ ആദ്യ ബജറ്റിൽ ഈ റോഡിനായി അഞ്ച് കോടി രൂപ അനുവദിച്ചിരുന്നെങ്കിലും പണി നടന്നില്ല. പിന്നീട് രണ്ടു തവണ എസ്റ്റിമേറ്റിൽ മാറ്റം വരുത്തി.
ഏറ്റവും ഒടുവിൽ കിഫ്ബി വഴി 31.91 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതിയായതാണ്. എന്നാൽ, സാങ്കേതികാനുമതി ലഭിച്ചിരുന്നില്ല. കിഫ്ബി രൂപരേഖ റിവ്യൂ ചെയ്തതിനെ തുടർന്ന് എസ്റ്റിമേറ്റ് വീണ്ടും പുതുക്കി. ഇതനുസരിച്ച് റോഡിന്റെ വീതി ഏഴു മീറ്റർ എന്നുള്ളത് 12 മീറ്റർ ആക്കുകയും റോഡ് പൂർണമായും ഹൈവേ റോഡുകളുടെ നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു. തുടർന്ന് 47.86 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് ടെൻഡർ ക്ഷണിച്ചത്.
ഏറെനാളായി ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ നരകയാത്രയാണ്. നിലവിൽ കുഴികൾ നിറഞ്ഞ് വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ഓവുചാലുകൾ നികത്തിയതിനാൽ വെളളം റോഡിലൂടെ ഒഴുകിയതാണ് തകർച്ചക്ക് പ്രധാന കാരണം. മഴപെയ്താൽ നടുവിൽ ടൗണിനടുത്ത് വെള്ളം കെട്ടി നിന്ന് ചളി പ്രളയമാണുണ്ടാവുന്നതെന്ന് വ്യാപാരികളും മറ്റും പറയുന്നു. ശ്രീകണ്ഠപുരം കൊട്ടൂർവയൽ മുതൽ ടൗൺ വരെ പൂർണമായി തകർന്നു കിടക്കുകയാണ്. കൊക്കായി മുതൽ നടുവിൽ വരെ റോഡരികുകൾ പോലും വലിയ അപകടക്കെണിയായി മാറിയിട്ടുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ് ചെറുവാഹനങ്ങൾക്ക് പോലും പോകാൻ സാധിക്കുന്നില്ല. മലയോര പ്രദേശങ്ങളിലുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തിലേക്കെത്താനുള്ള പ്രധാന റോഡാണിത്. ഇതുവഴിയാണ് പാലക്കയംതട്ട്, മുന്നൂർ കൊച്ചി ഉൾപ്പെടെയുള്ള വിനോദ സഞ്ചാരമേഖലയിലേക്ക് പോകേണ്ടത്. ടെൻഡർ നടപടി പൂർത്തിയാക്കി ഉടൻ നിർമാണം തുടങ്ങുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.