ശ്രീകണ്ഠപുരം (കണ്ണൂർ): വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് കെ.പി.സി.സി. ജനറൽ സെക്രട്ടറിയും മാർക്കറ്റ് ഫെഡ് ചെയർമാനുമായ സോണി സെബാസ്റ്റ്യനെ അപകീർത്തിപ്പെടുത്തിയതിന് കേസിൽപ്പെട്ട ജില്ല യു.ഡി.എഫ് ചെയർമാനും കോൺഗ്രസ് നേതാവുമായ പി.ടി. മാത്യുവിനെ സ്ഥാനത്തുനിന്ന് നീക്കിയേക്കും. സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സോണിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചേർത്താണ് ആലക്കോട് പൊലീസ് പി.ടി മാത്യുവിനെതിരെ കേസെടുത്തത്.
സാമൂഹികസ്പർധയുണ്ടാക്കി, വ്യക്തിഹത്യ നടത്തി തുടങ്ങിയ വകുപ്പുകൾ ചേർത്ത കേസായതിനാൽ യു.ഡി.എഫ് ജില്ല ചെയർമാൻ പദവിയിലിരുത്തുന്നത് ഗുണം ചെയ്യില്ലെന്നാണ് സംസ്ഥാന യു.ഡി.എഫ് നേതൃത്വം വിലയിരുത്തിയത്. വിഷയം കെ.പി.സി.സിയുടെ പരിധിയിലേക്ക് എത്തിയിട്ടുണ്ടെന്നും നേതൃത്വമാണ് മറ്റ് കാര്യങ്ങൾ ആലോചിക്കുകയെന്നും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു.
എന്നാൽ എ ഗ്രൂപ്പിലെ ജില്ലയിലെ പ്രമുഖ നേതാക്കൾ തമ്മിലുള്ള വിഷയമായതിനാൽ കോൺഗ്രസ് സംസ്ഥാന നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാനുള്ള നീക്കം തുടങ്ങിയതായും സൂചനയുണ്ട്. പ്രശ്നം പറഞ്ഞുതീർത്ത് കോടതിയിൽ വച്ച് ഒത്തുതീർപ്പാക്കാനുള്ള നീക്കമാണ് നേതാക്കൾ നടത്തുന്നത്.അങ്ങനെ തീർന്നില്ലെങ്കിൽ ജില്ലയിൽ കോൺഗ്രസിലെ എ ഗ്രൂപ്പിൽ വലിയ പൊട്ടിത്തെറിയുണ്ടാവും. മാത്രമല്ല , മാത്യുവിെൻറ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാവുകയും ചെയ്യും.
കരുവഞ്ചാലിൽ മാത്യുവിെൻറ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ലാൻഡ്ലൈൻ മുഖേനയുള്ള ഇൻറർനെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് സോണി സെബാസ്റ്റ്യനെ അവഹേളിക്കുന്ന പ്രൊഫൈൽ നിർമിച്ചതെന്നാണ് സൈബർസെല്ലിെൻറ കണ്ടെത്തൽ. സോണി നൽകിയ പരാതിയിൽ ആദ്യം സംശയമുയർന്നില്ലെങ്കിലും പിന്നീട് മാത്യുവിലേക്ക് എത്തുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സ്ഥാനാർഥിനിർണയം നടക്കുന്ന മാർച്ച് ആദ്യം ജോൺ ജോസഫ് എന്നയാളുടെ പേരിൽ പ്രൊഫൈൽ നിർമിച്ച് തനിക്കെതിരെ പ്രചാരണം നടത്തിയെന്നായിരുന്നു സോണിയുടെ പരാതി.
ആലക്കോട് റബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡൻറായിരിക്കേ സോണി ഔദ്യോഗിക പദവി ദുരുപയോഗംചെയ്ത് വ്യാജരേഖ ചമച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും ഈ കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സോണി നൽകിയ ഹരജി ഹൈകോടതി തള്ളിയതായും ജോൺ ജോസഫിെൻറ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഹൈകോടതി ഉത്തരവും ഒപ്പം ചേർത്തു.കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെ ടാഗ് ചെയ്തിരുന്നു. 'അഴിമതിവീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർഥിയായി വരണോ? ഏപ്രിൽ 28ന് തലശ്ശേരി വിജിലൻസ് കോടതിയിൽ സോണി മുഖ്യപ്രതിയായ കൊപ്ര കേസ് നടപടി തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർഥിയായിവരുന്നത് വളരെയേറെ ദോഷംചെയ്യും.
എല്ലാവരുടെയും അഭിപ്രായം എന്താണ്' എന്നായിരുന്നു മറ്റൊരു പോസ്റ്റിൽ. തുടർന്നുള്ള ദിവസങ്ങളിലും സമാനരീതിയിലുള്ള പോസ്റ്റുണ്ടായിരുന്നു. ഇതാണ് പരാതിക്കിടയാക്കിയത്. സംഭവം പുറത്തായതോടെ 21ന് ഉച്ചകഴിഞ്ഞ് പ്രൊഫൈൽ ഫേസ് ബുക്കിൽനിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. സിറ്റിങ് എം.എൽ.എ കെ.സി. ജോസഫ് ഇരിക്കൂറിൽ ഇക്കുറി മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചതോടെ ഈ സീറ്റിനുവേണ്ടി എ ഗ്രൂപ് കാരായ ഇരുവരും രംഗത്തിറങ്ങി കളികൾ പയറ്റിയിരുന്നു.
അതേസമയം, സ്ഥാനാർഥി നിർണയം നടക്കുന്ന സമയത്താണ് വ്യാജ പ്രൊഫൈലിൽ ഫേസ് ബുക്ക് പോസ്റ്റ് വന്നതെന്നും പരാതിയിൽ താൻ ഉറച്ചുനിൽക്കുമെന്നും ആരൊക്കെയാണ് പിന്നിലെന്ന് പൊലീസ് തെളിയിക്കുമെന്നും സോണി സെബാസ്റ്റ്യൻ പറഞ്ഞു. എന്നാൽ, തെൻറ അറിവില്ലാത്ത പോസ്റ്റാണ് പുറത്തുവന്നതെന്നും 49 വർഷത്തെ പൊതുജീവിതത്തിൽ ആരെയും വ്യക്തിഹത്യ നടത്താൻ ശ്രമിച്ചിട്ടില്ലെന്നും താൻ കുറ്റം ചെയ്തിട്ടില്ലെന്നും അത് തെളിയിക്കുമെന്നും പി.ടി. മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.