ഏരുവേശി എരുത്തുകടവ് (ഫയൽ ചി​ത്രം)

തൂക്കുപാലം തകർന്നു; ഏരുത്തുകടവിൽ മറുകരയെത്താൻ മാർഗമില്ല

ശ്രീകണ്ഠപുരം: ഏരുവേശി-പയ്യാവൂർ മേഖലകളെ ബന്ധിപ്പിക്കുന്ന മുയിപ്ര എരുത്തുകടവിൽ മറുകരയെത്താൻ വഴിമുട്ടി ജനങ്ങൾ. ഇവിടെയുണ്ടായിരുന്ന തൂക്കുപാലം അറ്റകുറ്റപണി നടത്താത്തതിനാൽ പൂർണമായി തകർന്നു.

റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കാൻ നടപടി തുടങ്ങിയെങ്കിലും പണി ആരംഭിച്ചതുമില്ല. തൂക്കുപാലത്തിലൂടെയാണ് മുയിപ്ര, ഏരുവേശി, കിഴക്കേമൂല, കൂട്ടക്കളം, വെമ്പുവ എന്നിവിടങ്ങളിലുള്ളവർ മറുകര കടന്നിരുന്നത്. കുറച്ചുവർഷമായി പഞ്ചായത്ത് അറ്റകുറ്റപ്പണിക്ക് ഫണ്ട് നീക്കിവെക്കാറില്ലാത്തതിനാൽ പാലം അപകടാവസ്ഥയിലായിരുന്നു. സമീപവാസികൾ മുൻകൈയെടുത്ത് രണ്ടു വർഷം അറ്റകുറ്റപ്പണി നടത്തി. എന്നാൽ, തൂണുകളും കമ്പികളും മാറ്റാതെ നവീകരിക്കാനാവാത്ത സ്ഥിതിയായതോടെ പാലം പൂർണമായി തകരുകയായിരുന്നു.

ചെറുകിട ജലസേചന വകുപ്പ് ഇവിടെ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കാൻ നടപടി ആരംഭിച്ചിട്ട് വർഷങ്ങളായി. സർവേ നടപടികളും മണ്ണ് പരിശോധനയുമെല്ലാം കഴിഞ്ഞെങ്കിലും തുക അനുവദിക്കുകയോ കരാർ നൽകുകയോ ചെയ്തിട്ടില്ല.

നാട്ടുകാരുടെ കമ്മിറ്റി ഇതിനായി പല തവണ അധികൃതരുമായി ബന്ധപ്പെട്ടിട്ടും മറുപടിയുണ്ടായില്ല.വേനൽക്കാലത്ത് പുഴയിൽ വെള്ളം കുറഞ്ഞാൽ മാത്രം ചപ്പാത്ത് വഴി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാറുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ ചപ്പാത്ത് യാത്രയും മുടങ്ങും. വിവിധ ആവശ്യങ്ങൾക്കായി ഇരുകരകളിലും എത്തേണ്ടവർ ഏറെ വളഞ്ഞ് ചുറ്റിസഞ്ചരിക്കേണ്ട സ്ഥിതിയാണ്. വൈകിയെങ്കിലും റെഗുലേറ്റർ പാലം വരുമോയെന്ന കാത്തിരിപ്പിലാണ് ഇരുകരകളിലുമുള്ളവർ.

Tags:    
News Summary - hanging bridge collapsed; There is no way to reach the other side of the river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.