ശ്രീകണ്ഠപുരം: വിവാഹബ്യൂറോയില്‍ നിന്ന് എന്ന പേരില്‍ ഓട്ടോ ഡ്രൈവറെ ഫോണില്‍ വിളിച്ച് പണം തട്ടിയെടുത്തു. ചെങ്ങളായിലെ ഓട്ടോഡ്രൈവര്‍ ജിജുവാണ് തട്ടിപ്പിനിരയായത്. ഇതു സംബന്ധിച്ച് ജിജു ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നല്കി.
ജിജുവിന്റെ ഫോണില്‍ മിസ് കോള്‍ അടിച്ചായിരുന്നു തട്ടിപ്പ്. മിസ് കോള്‍ കണ്ട് ജിജു തിരിച്ചു വിളിച്ചപ്പോള്‍ നിലമ്പൂരിലെ അര്‍ച്ചന മാട്രിമോണിയല്‍ എന്ന സ്ഥാപനത്തിലെ സബിത എന്നാണ് മറുപടി പറഞ്ഞത്. തുടര്‍ന്ന് ജിജുവിനോട് വിവാഹാലോചനയില്‍ താല്പര്യമുണ്ടോയെന്ന് അന്വേഷിച്ചു. താല്പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഫീസായി 2800 രൂപ നല്കാന് പറഞ്ഞു. ഗൂഗ്ള്‍പേ വഴി പണം അയച്ചുകൊടുത്തു.
രണ്ട് പെണ്‍കുട്ടികളുടെ ഫോട്ടോ ജിജുവിന് സബിത അയച്ചുകൊടുക്കുകയും ചെയ്തു. ഇഷ്ടപ്പെട്ടോയെന്ന് അന്വേഷിച്ച് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ രണ്ട് ഫോണ്‍ നമ്പറും നല്കി. അതില്‍ ആദ്യത്തെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ തൃശൂരിൽ മെഡിക്കൽ വിദ്യാര്‍ഥിനിയെയാണ് ലഭിച്ചത്. അവര്‍ വിവാഹാലോചനക്ക് ആരെയും ചുമതലപ്പെടുത്തിയില്ലെന്ന് പറഞ്ഞ് ക്ഷുഭിതയായി.
ഇക്കാര്യം സബിതയെ വിളിച്ചറിയിച്ചപ്പോള്‍ രണ്ടാമത്തെ നമ്പറില്‍ വിളിക്കാന്‍ പറഞ്ഞു. അതില്‍ ബന്ധപ്പെട്ടപ്പോള്‍ കോഴിക്കോട് ഒരു എന്‍ട്രന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയുടേതായിരുന്നു നമ്പര്‍. അവരും ഇതേ കാര്യം പറഞ്ഞ് രോഷാകുലയായി. ഇക്കാര്യം സബിതയോട് പറഞ്ഞപ്പോള്‍ അവർ ജിജുവിനെ അപഹസിച്ചുകൊണ്ട് സംസാരിച്ചുവത്രെ. ഇതേത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ജിജുവിന് അയച്ചു കൊടുത്ത യുവതികളുടെ ഫോട്ടോ ഒറിജിനലാണോയെന്നും പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തെമ്പാടും അവിവാഹിതരെ വിളിച്ച് വലയിലാക്കി പണം തട്ടുന്ന സംഘമാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.