ശ്രീകണ്ഠപുരത്തെ ഹോട്ടലുകളിൽ നിന്ന് ആരോഗ്യ വിഭാഗം പിടികൂടിയ പഴകിയ ഭക്ഷ്യവസ്തുക്കൾ

ശ്രീകണ്ഠപുരത്ത് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടികൂടി

ശ്രീകണ്ഠപുരം: നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കളും നിരോധിത പ്ലാസ്റ്റിക്കുകളും പിടികൂടി. ശ്രീകണ്ഠപുരം ടൗണ്‍, ചെമ്പന്തൊട്ടി, ഓടത്തുപാലം, കൂട്ടുമുഖം, അലക്‌സ് നഗര്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും മത്സ്യ വില്‍പന കേന്ദ്രങ്ങളിലുമാണ് വ്യാഴാഴ്ച രാവിലെ മുതൽ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ജയചന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

ഹോട്ടലുകളില്‍ നിന്ന് പഴകിയ ബീഫ്, ചിക്കന്‍, നെയ്‌ച്ചോറ്, ഉള്ളിക്കറി, കൈതച്ചക്ക, പാൽ തുടങ്ങിയവ പിടിച്ചെടുത്തു. കൂട്ടുമുഖം സി.എച്ച്.സിക്ക് സമീപത്തെ നന്മ, കൂട്ടുംമുഖത്തെ വാഴത്തോപ്പ് റസ്റ്റോറൻറ്, ഓടത്തുപാലത്തിനടുത്ത എവര്‍ഷൈന്‍, ചെമ്പന്തൊട്ടിയിലെ എക്‌സ്മാര്‍ട്ട് എന്നീ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.

വൃത്തി കുറഞ്ഞ നിലയിൽ പ്രവർത്തിച്ച ബസ് സ്റ്റാൻഡിലെ ഹോട്ടൽ നടത്തിപ്പുകാർക്ക് താക്കീത് നൽകി. ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയ ഹോട്ടലുകള്‍ക്ക് നോട്ടീസും നല്‍കി. കൂട്ടുംമുഖത്തെ വാഴത്തോപ്പ് റസ്റ്റാറന്റിന് ലൈസൻസ് പുതുക്കാത്തതിനാൽ അടച്ചുപൂട്ടാനും അനധികൃതമായി നിര്‍മ്മിച്ച ഭാഗം പൊളിച്ചുനീക്കാനും നിര്‍ദേശം നല്‍കി. ചെമ്പന്തൊട്ടിയിലെ ഹോട്ടലിന് കെട്ടിട നമ്പറും മറ്റ് രേഖകളുമില്ലാത്തതിനാൽ പൂട്ടിച്ചു. കൂട്ടുംമുഖത്തെ മത്സ്യ വില്‍പന കേന്ദ്രങ്ങളില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കുന്നതായും കണ്ടെത്തി.

അലക്‌സ് നഗറിലെ കടകളില്‍ നിന്നാണ് നിരോധിത പ്ലാസ്റ്റിക്കുകൾ കൂടുതലായും പിടിച്ചെടുത്തത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം. രേഖ, കെ.എം. മുനീര്‍, എ.എസ്. സന്ദീപ്, ഡ്രൈവര്‍ മധുസൂദനന്‍, നഗരസഭ ജീവനക്കാരായ മണികണ്ഠന്‍, സത്താര്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Inspection of hotels in Srikantapuram; Stale food and banned plastic seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.