ശ്രീകണ്ഠപുരം: പയ്യാവൂരിലെ ജ്വല്ലറിയില്‍നിന്ന് മൂന്ന് കിലോ വെള്ളിയാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. തമിഴ്നാട് നാമക്കല്‍ സ്വദേശി വേലായുധ സെല്ലമുത്തു (47) ആണ് പിടിയിലായത്. കണ്ണൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ പയ്യാവൂര്‍ എസ്.ഐ കെ. ഷറഫുദ്ദീന്, ക്രൈം സ്ക്വാഡ് എസ്.ഐ അബ്ദുൽ റൗഫ് എന്നിവരുടെ നേതൃത്വത്തില്‍ കോയമ്പത്തൂര്‍ ഉക്കടത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ 13ന് രാത്രിയാണ് പയ്യാവൂര്‍ ടൗണിലെ ചേന്നാട്ട് ജ്വല്ലറിയുടെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ആഭരണ നിര്‍മാണശാലയില്‍ കവര്‍ച്ച നടന്നത്. പഴയ ആഭരണങ്ങള്‍ ഉരുക്കുന്ന മുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്നായിരുന്നു കവര്‍ച്ച. പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പയ്യാവൂര്‍ ടൗണിലെ സി.സി.ടി.വിയില്‍നിന്ന് കവര്ച്ചക്കാരന് ഓട്ടോറിക്ഷയില്‍ കയറി ശ്രീകണ്ഠപുരത്തേക്ക് പോകുന്ന ദൃശ്യം ലഭിച്ചിരുന്നു. ശ്രീകണ്ഠപുരത്ത് നിന്ന് ബസില്‍ തളിപ്പറമ്പിലേക്കും കണ്ണൂരിലേക്കും പോകുന്നതിന്റെയും അവിടെ നിന്ന് ട്രെയിനില്‍ കയറി പോകുന്നതിന്റെയും ദൃശ്യം ലഭിച്ചു.
ഇവ പരിശോധിച്ചാണ് വേലായുധ സെല്ലമുത്തുവാണ് കവര്‍ച്ചക്ക് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം നാമക്കലിലെത്തി തിരച്ചില്‍ നടത്തി. ഇയാള്‍ ട്രിച്ചി ഭാഗത്തേക്ക് പോയതായി സൂചന ലഭിച്ചു. അവിടെ നിന്ന് കോയമ്പത്തൂരിലേക്ക് കടന്നതായി വ്യക്തമായതോടെ കോയമ്പത്തൂരില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ പിടിയിലാവുകയും ചെയ്തു. പ്രതിയെ പയ്യാവൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു.
ജ്വല്ലറികളിലെ മാലിന്യം അടിച്ചുവരാന്‍ അനുമതി നേടിയെടുത്ത ശേഷം അടിച്ചുകൂട്ടുന്നവയിൽ നിന്ന് സ്വര്‍ണം, വെള്ളി തരികള്‍ വേര്‍തിരിച്ചെടുത്ത് വില്‍ക്കുന്ന കുടുംബമാണ് വേലായുധത്തിന്റേത്. ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജ്വല്ലറികളില്‍ ഇയാളും കുടുംബവും എത്താറുണ്ട്. ആ സമയം ജ്വല്ലറികള്‍ കണ്ടുവച്ച് അവിടെ കവര്‍ച്ച നടത്തുകയാണ് പതിവ്. മഞ്ചേശ്വരം, തൃശൂര്‍, ഒല്ലൂര്‍, തമിഴ്നാട്ടിലെ സേലം, നാമക്കല്‍ എന്നിവിടങ്ങളില്‍ നേരത്തെ കവര്‍ച്ച നടത്തിയതിന് ഇയാള്‍ക്കെതിരേ കേസുണ്ട്. 30 വര്‍ഷത്തോളം ഇയാള്‍ തൃശൂരില്‍ താമസിച്ചിരുന്നു.
പയ്യാവൂരില്‍ നിന്ന് കവര്‍ച്ച ചെയ്ത വെള്ളി കോയമ്പത്തൂരില്‍ വിറ്റതായി വ്യക്തമായിട്ടുണ്ട്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മോഷണമുതൽ കണ്ടെടുക്കാനാണ് പൊലീസിന്റെ തീരുമാനം. പയ്യാവൂർ എ.എസ്.ഐ മുത്തലിബ്, സീനിയർ സി.പി.ഒ ഉനൈസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.