ശ്രീകണ്ഠപുരം: ജനങ്ങളുടെ സ്വപ്നമായ കാഞ്ഞിലേരി-അലക്സ് നഗര്‍ പാലം നിർമാണം അന്തിമ ഘട്ടത്തിലെത്തി. പാലത്തിന്റെ മധ്യഭാഗത്തെ സ്പാനിന്റെ നിർമാണമാണ് നിലവിൽ നടക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നിരവധി പരാതികൾക്കും നിവേദനകൾക്കും ശേഷമാണ് കുടിയേറ്റ പ്രദേശമായ അലക്സ് നഗറിനെയും കാഞ്ഞിലേരിയെയും ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് പാലം നിർമാണം തുടങ്ങിയത്.
2017ല്‍ പ്രവൃത്തി ആരംഭിച്ചെങ്കിലും അഞ്ചു വർഷം കഴിഞ്ഞിട്ടും 50 ശതമാനം പോലും പ്രവൃത്തി പൂർത്തീകരിക്കാൻ കരാറുകാരന് സാധിച്ചില്ല. തുടർന്ന് സജീവ് ജോസഫ് എം.എൽ.എ മുൻകൈയെടുത്ത് കരാറുകാരനെ നീക്കി പാലം നിർമാണം റീ ടെൻഡർ ചെയ്യുകയായിരുന്നു. 10.10 കോടി രൂപയാണ് നേരത്തേ പാലത്തിന്റെ നിര്‍മാണത്തിന് വകയിരുത്തിയത്.
ഇതില്‍ ഐച്ചേരി-അലക്സ് നഗര്‍ റോഡ് നിര്‍മാണവും ഉള്‍പ്പെട്ടിരുന്നു. പുതിയ ടെൻഡറിൽ റോഡ് നിര്‍മാണം ഒഴിവാക്കി 5.84 കോടി രൂപയാണ് വകയിരുത്തിയത്. റീ ടെൻഡറിൽ കെ.കെ ബില്‍ഡേഴ്സാണ് പാലത്തിന്റെ നിർമാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.
113.75 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലമാണ് നിർമിക്കുന്നത്. ഇതിൽ 1.5 മീറ്റർ വീതിയിൽ ഇരുവശത്തുമായി നടപ്പാതയും ഒരുക്കും. നിലവിൽ സമീപത്തുള്ള തൂക്കുപാലമാണ് ഇവിടത്തെ ജനങ്ങളുടെ ഏക യാത്രാമാർഗം. മിക്ക വർഷങ്ങളിലും അറ്റകുറ്റപ്പണി നടത്തിയാണ് തൂക്കുപാലം സഞ്ചാരയോഗ്യമാക്കുന്നത്.
അലക്സ് നഗർ പാലം വരുന്നതോടെ കാഞ്ഞിലേരി, മൈക്കിൾഗിരി, ഇരൂഡ് ഭാഗങ്ങളിലുള്ളവർക്ക് ഐച്ചേരി, പയ്യാവൂർ, ശ്രീകണ്ഠപുരം ഭാഗങ്ങളിലെത്താൻ എളുപ്പമാർഗമാകും. കണിയാർ വയൽ- കാഞ്ഞിലേരി - ഉളിക്കൽ റോഡ് നിർമാണം പൂർത്തിയായതോടെ അലക്സ് നഗർ ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ ഉളിക്കലിലേക്കും കണിയാർ വയലിലേക്കും എത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.