ശ്രീകണ്ഠപുരം: വികസന സ്വപ്നങ്ങൾ കാത്ത് കുടിയേറ്റ ഗ്രാമമായ കുടിയാന്മല. ജില്ലയിലെ ഏക ദേശസാത്കൃത റൂട്ട് അവസാനിക്കുന്നിടമായിട്ടും ആവശ്യമായ വികസനമൊന്നും ഇവിടെ വന്നെത്തിയിട്ടില്ല. 14 കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയിരുന്ന കുടിയാന്മലയിൽ ലോക്ഡൗണിനുശേഷം മൂന്ന് ബസുകൾ മാത്രമാണ് വരുന്നത്. ഇതിനെതിരെ പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.
ഇരിട്ടിയിൽ നിന്ന് പയ്യാവൂർ വഴി കുടിയാന്മലയിലേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസുകളും ഓടുന്നില്ല. ഇതോടെ മലയോര കുടിയേറ്റ ജനതയുടെ ആശ്രയമായ ഈ ചെറു ടൗണിലേക്ക് എത്തിപ്പെടാൻതന്നെ ബുദ്ധിമുട്ടായിരിക്കുകയാണ്. ഇവിടെ നിന്ന് കോഴിക്കോട്- പാല- റാന്നി റൂട്ടിൽ ദീർഘദൂര ബസുകളുണ്ടായിരുന്നെങ്കിലും ഇതും നിലച്ച നിലയിലാണ്.
കുടിയാന്മല ടൗണിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ല. നൂറോളം കടകളുള്ള ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും മറ്റും സൗകര്യമില്ല. വീതികുറഞ്ഞ റോഡായതിനാൽ ബസുകൾ നിർത്തിയിട്ടാൽ ഗതാഗതക്കുരുക്കാണ്.
കുടിയാന്മലയിൽ ഏതെങ്കിലും കെ.എസ്.ആർ.ടി.സി ബസ് കേടായാൽ പയ്യന്നൂരിൽ നിന്നോ കണ്ണൂരിൽ നിന്നോ മെക്കാനിക് വാഹനം വരുന്നതുവരെ മലമടക്കിലെ ഇടുങ്ങിയ റോഡിൽ കിടക്കേണ്ട സ്ഥിതിയാണ്. കുടിയാന്മലയിലേക്ക് വീതികൂടിയ റോഡും ബസ് സ്റ്റാൻഡും കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയും വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ ഇല്ലാത്തതിനാൽ ഇവയും റോഡരികിൽ നിർത്തിയിടേണ്ട സ്ഥിതിയാണ്. ഏരുവേശ്ശി പഞ്ചായത്തിലെ ഈ ചെറിയ നഗരത്തിൽ മൂത്രപ്പുരയോ കുടിവെള്ള പദ്ധതികളോ ഇല്ലാത്തത് ഇവിടെയെത്തുന്നവരുടെ ദുരിതം വർധിപ്പിക്കുന്നു.ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ വൈതൽമല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് കുടിയാന്മല വഴിയാണ് പോകേണ്ടത്. നഗരം വികസിപ്പിച്ചാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യം ലഭിക്കും.
ഒടുവള്ളിത്തട്ട് മുതൽ കുടിയാന്മല വരെയുള്ള 11 കിലോമീറ്റർ റോഡിന് കേന്ദ്ര ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ, വേങ്കുന്ന് കവല മുതൽ താവുകുന്ന് കവല വരെ മാത്രം ഊരാളുങ്കൽ സൊസൈറ്റി പണി നടത്തി. ബാക്കിയുള്ള നാമമാത്ര ഭാഗം കാസർകോട്ടെ കരാറുകാരന് നൽകി. എന്നാൽ, മൂന്നുവർഷം കഴിഞ്ഞിട്ടും ഈ ഭാഗത്ത് പണി നടത്തിയിട്ടില്ല.
ഇതിൽ കുടിയാന്മല മുതൽ പുലിക്കുരുമ്പ വരെ കാൽനട പോലും സാധിക്കാത്ത സ്ഥിതിയാണ്. കുടിയാന്മലയിൽ റോഡ് വികസനം വരുമെന്നും വീതികൂട്ടുന്നതിനാൽ കടകളുടെ മുൻഭാഗം പൊളിച്ചുനീക്കേണ്ടിവരുമെന്നും പറഞ്ഞിട്ട് വർഷങ്ങളായി. ഇതിൽ തീരുമാനമാവാത്തതു കൊണ്ട് വ്യാപാരികൾക്ക് കടകളുടെ നവീകരണ പ്രവൃത്തി പോലും നടത്താനാവുന്നില്ല. ഇതിെൻറ നഷ്ടപരിഹാരത്തെ പറ്റിയും അധികൃതർക്ക് വ്യക്തതയില്ല.
കുടിയാന്മലയിൽ പി.എച്ച്.സിയുണ്ടെങ്കിലും കിടത്തി ചികിത്സയില്ലാത്തതിനാൽ രോഗികൾ തളിപ്പറമ്പിലോ കണ്ണൂരിലോ പോകേണ്ട സ്ഥിതിയാണ്. ഏറെ വൈകിയെങ്കിലും ഈ കുടിയേറ്റ മണ്ണിൽ വികസനം വരുമെന്ന കാത്തിരിപ്പിലാണ് കർഷക മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.