ശ്രീകണ്ഠപുരം: തിമിർത്തു പെയ്ത മഴയിൽ കാപ്പിമല വൈതല്‍ക്കുണ്ടില്‍ ഉരുള്‍പൊട്ടി. വിനോദസഞ്ചാര കേന്ദ്രമായ വൈൽമലക്കും കാപ്പിമലക്കും ഇടയിലുള്ള വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്തെ കൃഷിയിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.
വ്യാഴാഴ്ച് രാവിലെ ഒമ്പതരയോടെയാണ് സംഭവം. കനത്ത മഴക്കിടെ ഉഗ്രശബ്ദത്തോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്തെ വലിയ വീട്ടില്‍ ജോസ്, പട്ടരുമഠം കുഞ്ഞൂഞ്ഞ്, രയരോം കാക്കടവിലെ ചാവനാലില്‍ ചാക്കോച്ചന് തുടങ്ങിയവരുടെ കൃഷിയിടങ്ങളിലായാണ് ഉരുള്‍പൊട്ടിയത്. വാഴയുൾപ്പെടെ വിവിധ കാര്‍ഷിക വിളകളും മരങ്ങളും ഉരുൾപൊട്ടലിനെ തുടർന്നുള്ള വെള്ളച്ചാട്ടത്തിൽ കുത്തിയൊലിച്ച് താഴേക്ക് പതിച്ച നിലയിലാണ്. വന്‍ നാശനഷ്ടമാണ് ഇവിടെ സംഭവിച്ചത്. ആള്‍താമസമുള്ള വീടുകള്‍ സമീപത്ത് ഇല്ലാതിരുന്നത് വന്‍ ദുരന്തമൊഴിവാക്കി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും രൂക്ഷമായത് പൈതൽ മലയടിവാരത്തെ പ്രദേശങ്ങളിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തി. പ്രദേശത്തേക്കുള്ള റോഡുകള്‍ കല്ലും മണ്ണും നിറഞ്ഞ് തടസ്സപ്പെട്ട നിലയിലാണ്. താഴ്വരയിലെ നൂറുകണക്കിന് വീടുകളാണ് ദുരന്തഭീതി നേരിടുന്നത്. നാശനഷ്ടത്തിന്റെ വ്യാപ്തിയും കണക്കാക്കിയിട്ടില്ല.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആലക്കോട്-കരുവന്‍ചാല്‍ പുഴകളില്‍ വെള്ളം കയറി. സമീപപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ശ്രീകണ്ഠപുരം, ചെങ്ങളായി, പയ്യാവൂർ, വഞ്ചിയം മേഖലകളിലും പുഴകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പയ്യാവൂർ വണ്ണായിക്കടവ് പാലം വെള്ളത്തിനടിയിലായി ഗതാഗതം തടസ്സപ്പെട്ടു. ചെങ്ങളായിലടക്കം വയലുകളിൽ വെള്ളം കയറിയതിനാൽ നെൽകൃഷിയും വാഴ, കപ്പ എന്നിവയും വെള്ളത്തിനടിയിലായി. പ്രളയഭീതിയുള്ളതിനാൽ ശ്രീകണ്ഠപുരത്തടക്കം വ്യാപാരികളും ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.