ശ്രീകണ്ഠപുരം: വാർഷിക പദ്ധതിയെ ചൊല്ലിയുള്ള തർക്കത്തിൽ നടുവിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന് ഇടതുപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. 2022 -23 വാര്‍ഷിക പദ്ധതിക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ അന്തിമരൂപം നല്‍കിയെന്നാരോപിച്ചാണ് ഇറങ്ങിപ്പോക്ക്. പ്രതിഷേധത്തിന് സാജു ജോസഫ്, ജോസ് സെബാസ്റ്റ്യന്‍, ഷീബ ജയരാജന് എന്നിവർ നേതൃത്വം നൽകി. സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ 19ന് ഇറക്കിയ മാനദണ്ഡത്തില്‍ മേയ് 12 മുതല്‍ 25 വരെ ഗ്രാമസഭകള്‍ വിളിച്ച് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നിർദേശിച്ചിരുന്നു.
എന്നാൽ, നടുവില്‍ പഞ്ചായത്തില്‍ ഒരുഗ്രാമസഭ പോലും ചേരാതെയാണ് ജൂണ്‍ ഒന്നിന് വികസന സെമിനാര്‍ മാത്രം നടത്തി പദ്ധതിക്ക് രൂപം നല്‍കിയത്. ഈ കാരണത്താല്‍ പുതിയ വാര്‍ഷിക പദ്ധതിക്ക് ജില്ല പ്ലാനിങ് കൗണ്‍സിലില്‍ അംഗീകാരം ലഭിക്കില്ല.
മാത്രമല്ല നടുവില്‍ പഞ്ചായത്തിലെ പല പദ്ധതികളും ഇക്കാരണത്താല്‍ നടപ്പാക്കാന്‍ സാധിക്കാതെ വരും. ഈ സാഹചര്യത്തിലാണ് ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതെന്ന് എൽ.ഡി.എഫ് നേതാക്കൾ അറിയിച്ചു.
ഗ്രാമസഭകൾ ചേരാതെ വികസന സെമിനാർ നടത്തിയ ഭരണസമിതി തീരുമാനത്തിനെതിരെ മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് മണ്ഡലം ഭാരവാഹിയുമായ ജേക്കബ് മാത്യു ജില്ല പ്ലാനിങ് ഓഫിസർക്ക് പരാതി നൽകി.
കഴിഞ്ഞ സാമ്പത്തിക വർഷവും വർക്കിങ് ഗ്രൂപ് യോഗങ്ങൾ ചേരാതെയാണ് സെമിനാർ നടത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ വികസന സെമിനാറും പദ്ധതി രൂപരേഖയും റദ്ദ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.