ശ്രീകണ്ഠപുരം: ഏറെ നാടകീയതക്കൊടുവിൽ നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ സ്ഥാനം രാജിവെച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ബേബി പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമർപ്പിച്ചത്. ഇടതു നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഭാഗമായി തന്നെ പഞ്ചായത്ത് പ്രസിഡന്റാകാൻ നേരത്തെ പിന്തുണച്ചവരെ നേരിൽക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമായിരുന്നു ബേബിയുടെ രാജി പ്രഖ്യാപനം.
ഇതോടെ ഒരുവർഷമായുള്ള നടുവിൽ പഞ്ചായത്തിലെ ഇടതുഭരണമാണ് മധുവിധു തീരുംമുമ്പ് അട്ടിമറിക്കപ്പെട്ടത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെയും ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെയും നേതൃത്വത്തിൽ നടത്തിയ തന്ത്രപരമായ നീക്കമാണ് നടുവിൽ വീണ്ടും യു.ഡി.എഫിന് ലഭിക്കുന്ന സാഹചര്യമൊരുക്കിയത്.
കെ. സുധാകരൻ ബേബിയോട് നിർദേശിച്ചതു പ്രകാരമാണ് രാജി. ഇതുപ്രകാരം ചില ഉറപ്പുകളും നൽകിയതായാണ് വിവരം. ഇപ്പോഴല്ലെങ്കിൽ പഞ്ചായത്ത് ഭരണത്തിന്റെ അവസാന കാലഘട്ടത്തിൽ ബേബിയെ വീണ്ടും പ്രസിഡന്റാക്കുമെന്നതാണ് ഒരുറപ്പ്. കൂടാതെ ബേബിയെയും അദ്ദേഹത്തെ പിന്തുണച്ച മൂന്ന് പഞ്ചായത്ത് അംഗങ്ങളെയും അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ നൽകിയ കേസില്‍ ഇവര്‍ക്ക് അനുകൂലമായി ഡി.സി.സി നിലപാട് സ്വീകരിക്കുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വർഷങ്ങളായി തുടരുന്ന കുത്തക വിജയം യു.ഡി.എഫിന് നടുവിൽ പഞ്ചായത്തിൽ ലഭിച്ചിരുന്നു.
എന്നാൽ, ഡി.സി.സി ജനറല്‍ സെക്രട്ടറിയും നടുവില്‍ മേഖലയിലെ പ്രമുഖ നേതാവുമായിരുന്ന ബേബി ഓടംപള്ളിലിനെ തഴഞ്ഞ് മറ്റൊരാളെ പ്രസിഡന്റാക്കാൻ നീക്കം തുടങ്ങിയതോടെയാണ് അദ്ദേഹം ഇടതുപിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായത്. വിളക്കന്നൂര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതയായി മത്സരിച്ച രേഖ രഞ്ജിത്തിന്റെയും മറ്റ് രണ്ട് കോണ്‍ഗ്രസ് അംഗങ്ങളായ സെബാസ്റ്റ്യന്‍ വിലങ്ങോലിന്റെയും ലിസി ജോസഫിന്റെയും പിന്തുണ ബേബിക്ക് ലഭിച്ചിരുന്നു. ഇതോടെ 19 അംഗ ഭരണസമിതിയില്‍ 11 പേരുടെ പിന്തുണ ബേബിക്ക് ലഭിച്ചു.
അവസരം കാത്തിരുന്ന ഇടതിന്റെ പട്ടികയിൽ ചരിത്രം തിരുത്തി നടുവിലും കയറിക്കൂടി. ഇടതു പാളയത്തിൽ അപ്രതീക്ഷിത വിജയവും വലതിന് തമ്മിലടിയുടെ നഷ്ടവുമാണ് നടുവിൽ നൽകിയത്. ഇതാണ് ഒരുവർഷം കൊണ്ട് അട്ടിമറിച്ച് യു.ഡി.എഫ് തിരുത്തിയത്. അട്ടിമറി നീക്കത്തിന്റെ ഭാഗമായി രേഖ രഞ്ജിത്ത് രണ്ടുദിനം മുമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. പിന്നാലെ ഇവരെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുകയും ചെയ്തു.
സെബാസ്റ്റ്യന്‍ വിലങ്ങോലിനെയും കോണ്‍ഗ്രസില്‍ തിരിച്ചെടുത്തിട്ടുണ്ട്. ഇതോടെ ഭരണസമിതിയില്‍ ബേബി ഉള്‍പ്പെടെ 11 പേരുടെ പിന്തുണയും യു.ഡി.എഫിന് ഉണ്ടാകും. ലിസി ജോസഫ് കോണ്‍ഗ്രസില്‍ തിരിച്ചുവരുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണറിയുന്നത്. പ്രതീക്ഷിക്കാതെ നടുവിൽ നഷ്ടമായത് ഇടതുപക്ഷത്ത് വൻ ഞെട്ടലാണുണ്ടാക്കിയിട്ടുള്ളത്.
അതേസമയം തന്ത്രം മെനഞ്ഞ് ഭരണം അട്ടിമറിച്ചിട്ടും പാളയത്തിലെ പട തീരാത്തത് ഇപ്പോഴും കോൺഗ്രസിനെ വെട്ടിലാക്കുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ഇടപെടലിലൂടെ പ്രശ്നങ്ങളില്ലാതെ വീണ്ടും യു.ഡി.എഫ് ഭരണം നടുവിലിൽ വരുമെന്നാണ് പ്രവർത്തകർ പറയുന്നത്.
ശ്രീകണ്ഠപുരം: നടുവില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബേബി ഓടംപള്ളിലിനെയും അദേഹത്തെ പിന്തുണച്ചവരെയും കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നതിനെതിരെ പരാതിയുമായി നടുവില്‍ മണ്ഡലം കമ്മിറ്റി രംഗത്ത്.
മണ്ഡലം പ്രസിഡന്റ് ഷാജി പാണംകുഴിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബേബിയെയും പിന്തുണച്ചവരെയും തിരിച്ചെടുക്കുന്നതിനെതിരെ പ്രമേയം പാസാക്കിയത്. തുടർന്ന് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മാര്ട്ടിന് ജോര്‍ജിനെ നേരിൽക്കണ്ട് പരാതി നൽകുകയായിരുന്നു. കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനും പരാതി അയച്ചിട്ടുണ്ട്. അധികാരമോഹം സാക്ഷാത്കരിക്കാന്‍, തന്നെ ജയിപ്പിച്ച പാര്‍ട്ടിയെയും മണ്ഡലം - ബ്ലോക്ക് കമ്മിറ്റികളെയും വഞ്ചിച്ച് സി.പി.എമ്മിന്റെ പിന്തുണയോടെ ബേബി പഞ്ചായത്ത് പ്രസിഡന്റായത് നടുവില്‍ പഞ്ചായത്തിന്റെ ചരിത്രത്തില്‍ കറുത്ത അധ്യായമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. സ്വയം അച്ചടക്കം ലംഘിക്കുകയും തന്റെ ആജ്ഞാനുവര്‍ത്തികളായ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളെയും ഒരു കോണ്‍ഗ്രസ് വിമത അംഗത്തെയും അതിന് പ്രേരിപ്പിക്കുകയും ചെയ്തത് മാപ്പര്‍ഹിക്കാത്ത നടപടിയാണ്.
ഈ സാഹചര്യത്തില്‍ ബേബിയെയും സെബാസ്റ്റ്യന്‍ വിലങ്ങോലില്‍, രേഖ രഞ്ജിത്ത് എന്നീ പഞ്ചായത്തംഗങ്ങളെയും മണ്ഡലം കമ്മിറ്റികളുടെ വികാരം കണക്കിലെടുക്കാതെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂറുമാറ്റം സംബന്ധിച്ച കേസില്‍ വിധിവരാനിരിക്കെ അയോഗ്യരാക്കപ്പെടാതിരിക്കാനാണ് ഇവര്‍ തിരിച്ചുവരുന്നതെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം. കൂറുമാറ്റക്കേസില്‍ സാക്ഷിപറയേണ്ട മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി രണ്ടുതവണ ഹാജരാകാത്തതിലുള്ള പ്രതിഷേധവും മണ്ഡലം കമ്മിറ്റിയുടെ പ്രമേയത്തിലുണ്ട്. ഡി.സി.സി പ്രസിഡന്റിനെ ബൂത്ത്, വാര്‍ഡ്, മണ്ഡലം ഭാരവാഹികള്‍ക്ക് നേരില്‍ കാണാന്‍ സമയം അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
പി.വി. നാരായണൻ നമ്പ്യാർ, കെ. ഗോവിന്ദന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ത്രേസ്യാമ്മ ജോസഫ്, ബിന്ദു ബാലന്, നടുവില്‍ സഹകരണ ബാങ്ക് പ്രസിഡന്റ് വിന്‍സെന്റ് പല്ലാട്ട് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിനിടെ സമാന രീതിയിലുള്ള പ്രമേയവും പരാതിയുമായി കരുവഞ്ചാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും രംഗത്തുവന്നിട്ടുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.