ശ്രീകണ്ഠപുരം: മലയോരത്ത് വ്യാപകമായി ഓടകൾ (ഈറ്റ) മുറിച്ചു കടത്തുന്നത് പതിവായി. തോട്ടിൻ കരകളിലും പുഴയോരങ്ങളിലുമുള്ള ഈറ്റകളാണ് അനധികൃതമായി മുറിച്ച് മറുനാടുകളിലേക്കടക്കം കടത്തുന്നത്.
പൈതൽമല, ഏഴരക്കുണ്ട്, കാപ്പിമല, കുടിയാൻമല, അരീക്കമല, കാഞ്ഞിരക്കൊല്ലി പ്രദേശങ്ങളിലെല്ലാം ഈറ്റകൾ അനധികൃതമായി കൂട്ടത്തോടെ മുറിച്ചുകടത്തിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഈറ്റകൾ കടത്താനുള്ള ശ്രമം നാട്ടുകാർ സംഘടിച്ച് തടയുകയും ചെയ്തിട്ടുണ്ട്. പുറമേ നിന്നെത്തിയ സംഘമാണ് ഇതിന്റെ പിന്നിലെന്ന് കരുതുന്നു. ഇവിടെയുള്ള ചിലർ ഒത്താശ ചെയ്യുന്നതായും സൂചനയുണ്ട്. പുറമ്പോക്ക് ഭൂമിയിൽ നിന്ന് അനുമതിയില്ലാതെ മുറിച്ച ലോഡ് കണക്കിന് ഇറ്റ കെട്ടുകളാക്കി ലോറിയിൽ കയറ്റി കൊണ്ടുപോകാനായി മലമടക്കു പ്രദേശങ്ങളിലെ റോഡരികിൽ കൂട്ടിയിട്ട കാഴ്ചയുമുണ്ട്. വിവിധ ഉപകരണങ്ങളും മറ്റ് കരകൗശല വസ്തുക്കളും നിർമിക്കാനും ചില ഹോട്ടലുകളുടെയും പൈതൃക ടൂറിസം ശാലകളടക്കമുള്ളവയുടെയും ഭംഗി കൂട്ടാനുമാണ് ഈറ്റകൾ ഇവിടെ നിന്ന് കൊണ്ടുപോകുന്നത്. മുതൽമുടക്ക് ഒന്നുമില്ലാതെ അനധികൃതമായി ഇവിടെ നിന്ന് മുറിച്ചു കടത്തുന്ന ഈറ്റ മറ്റ് സംസ്ഥാനങ്ങളിലെത്തിച്ചാൽ വൻ തുക ലഭിക്കുന്നതിനാലാണ് ഇത്തരം ലോബി തഴച്ചു വളരാൻ കാരണം. വേനൽക്കാലങ്ങളിൽ മലമടക്കുകളിലടക്കം കുടിവെള്ള ക്ഷാമം അതിരൂക്ഷമാകാതെ ഒരു പരിധിവരെ തടയുന്നതും തണുപ്പ് നിലനിർത്തുന്നതും തോടുകളുടെ കരകളിൽ സമൃദ്ധമായി വളർന്നു നിൽക്കുന്ന ഈറ്റയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ തകർക്കുന്ന ഈറ്റ മുറിക്കലിനെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.