ശ്രീകണ്ഠപുരം: തറികളുടെ നാടായ കണ്ണൂരിൽ ഇനി ജലക്കാഴ്ചകളുടെ മേളവും. മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി നവംബറിൽ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ മലപ്പട്ടം മുനമ്പ് കടവിലെ നിർമാണ പ്രവൃത്തി പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങിയിരുന്നില്ല. വളപട്ടണം, കുപ്പം പുഴകളിലൂടെയുള്ള ജലയാത്രയും സമീപ ഗ്രാമങ്ങളിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളും അനുഭവവേദ്യമാക്കുന്നതിനാണ് 80.37 കോടി ചെലവിൽ റിവർ ക്രൂസ് ടൂറിസം പദ്ധതി സർക്കാർ നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി വളപട്ടണം മുതൽ മലപ്പട്ടം മുനമ്പ് കടവുവരെ ‘മുത്തപ്പൻ ആൻഡ് മലബാറി ക്യൂസിൻ ക്രൂസ്’ എന്ന പേരിൽ നടത്തുന്ന പദ്ധതിയുടെ പ്രവർത്തനങ്ങളാണ് മലപ്പട്ടത്ത് നിർമിച്ചത്.
മുനമ്പ് കടവ്, കൊവുന്തല ഭാഗങ്ങളിൽ 2.72 കോടി രൂപ ചെലവിലാണ് നിർമാണം നടത്തിയത്. എന്നാൽ, പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്തി പാർക്ക് തുറന്നുകൊടുക്കാൻ അധികൃതർ തയാറായില്ല.
പറശ്ശിനിക്കടവ് ഭാഗത്ത് കുറച്ച് മണ്ണെടുക്കാനുണ്ട്. മണ്ണ് നീക്കിയാൽ മാത്രമേ വലിയ ബോട്ടുകൾക്ക് കടന്നുവരാൻ സാധിക്കൂവെന്നതാണ് പ്രശ്നം. മണ്ണെടുപ്പ് വൈകുന്ന സാഹചര്യത്തിൽ നവംബറിൽ ഉദ്ഘാടനം നടത്തി ചെറിയ ബോട്ട് സർവിസ് ആരംഭിക്കാനാണ് തീരുമാനം.
കണ്ണൂരിന്റെ മലയോര മേഖലകളിലേക്കുള്ള കവാടമായാണ് മുനമ്പിനെ കണക്കാക്കുന്നത്. മലയോരത്തെ ടൂറിസം വികസനവും പദ്ധതി വഴി ലക്ഷ്യമിടുന്നു. പറശ്ശിനിക്കടവിൽനിന്ന് ആരംഭിക്കുന്ന ബോട്ടുയാത്ര മുനമ്പ് കടവിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് പൈതൽമല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി, പഴശ്ശി ഡാം, മാലിക് ദിനാർ പള്ളി എന്നിവിടങ്ങളിലേക്കും പോകാനുള്ള സൗകര്യമുണ്ട്.
നാടൻ കലാരൂപങ്ങളായ കോൽക്കളി, ഒപ്പന, തിരുവാതിരക്കളി തുടങ്ങിയവ സഞ്ചാരികളുടെ ആവശ്യാനുസരണം അവതരിപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. ഫെബ്രുവരിതൊട്ട് മേയ് വരെ പ്രദേശത്ത് വിവിധ ഇടങ്ങളിലായി പലതരം തെയ്യങ്ങളും അരങ്ങേറുന്നുണ്ട്. മുനമ്പ് കടവിനടുത്ത് അരങ്ങേറുന്ന തെയ്യം വിദേശ സഞ്ചാരികളെ എന്നപോലെ തെയ്യം പ്രേമികളെയും ആകർഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.