ശ്രീകണ്ഠപുരം: ‘ഇത് കാലത്തെ അതിജീവിച്ച ഒരു കസേരയാണ്, ഒപ്പം നല്ല ഓർമയുടെയും. പ്രിയ അധ്യാപകൻ സി. ഗോപാലൻ നമ്പ്യാർ ഇരുന്ന കസേരയാണ്’... വീടിന്റെ സ്വീകരണമുറിയുടെ ഒരു കോണിൽ ഇരിക്കുന്ന ഒരു പഴയ കസേര ചുണ്ടിക്കാട്ടി ഊരത്തൂരിലെ സി.വി. കുഞ്ഞനന്തൻ മാഷ് പറഞ്ഞുതുടങ്ങിയപ്പോൾ ഓർമകളുടെയും ആത്മാർഥമായ ഗുരുശിഷ്യബന്ധത്തിന്റെയും കടലിരമ്പമായി.‘51 വർഷത്തോളമായി ഇത് എന്നോടൊപ്പമുണ്ട്. കാലപ്പഴക്കം കൊണ്ടുള്ള അവശതകളൊക്കെ അതിജീവിച്ച് അത് ഇവിടെയിരിക്കുന്നു. ഇടക്കിടെ ആശാരിമാരെക്കൊണ്ട് സുഖപ്പെടുത്തിയാണ് ഇന്നും കാത്തു സൂക്ഷിക്കുന്നത്. ഏറെ ആത്മബന്ധമുണ്ടായിരുന്ന അധ്യാപകന്റെ ഓർമ നിലനിർത്താൻ ഒരു നിധിപോലെ ഈ കസേര എന്റെയൊപ്പമുണ്ടാകും’. -റിട്ട. പ്രഥമാധ്യാപകൻ കൂടിയായ കുഞ്ഞനന്തൻ പറഞ്ഞു.
1963- 64 കാലഘട്ടത്തിൽ ഊരത്തൂർ എ.എൽ.പി സ്കൂളിൽ പഠിക്കുമ്പോഴാണ് ഏച്ചൂർ സ്വദേശിയായ അധ്യാപകൻ സി. ഗോപാലൻ നമ്പ്യാർ ഇരുന്ന കസേര കുഞ്ഞനന്തൻ ആദ്യമായി കാണുന്നത്. അന്ന് ഒരു ക്ലാസിലെ കസേര ഒരധ്യാപകൻ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. മറ്റധ്യാപകർ ഇതുപയോഗിച്ചിരുന്നില്ല. ഒരിക്കൽ ഗോപാലൻ നമ്പ്യാർ ഉപയോഗിച്ചിരുന്ന കസേരയുടെ ഒരറ്റം പൊട്ടിയപ്പോൾ കുഞ്ഞനന്തന്റെ അച്ഛന്റെ കടയിലെ ആശാരിയെ നന്നാക്കാൻ ഏൽപിച്ചു. തിരികെ വാങ്ങും മുമ്പേ ഗോപാലൻ നമ്പ്യാർ കാഞ്ഞിരോട് സ്കൂളിലേക്ക് സ്ഥലംമാറി പോവുകയും ചെയ്തു.
1975ൽ അധ്യാപകനെ വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് തന്റെ അച്ഛന്റെ കടമുറിയിൽ മാഷിരുന്ന കസേരയുണ്ടെന്ന് കുഞ്ഞനന്തൻ അറിഞ്ഞത്. ഗുരുശിഷ്യ ബന്ധം അത്രയേറെയുണ്ടെന്നതിനാൽ അന്നു തന്നെ ആ കസേര കുഞ്ഞനന്തന്റെ സ്വീകരണമുറിയിലെത്തി. 1980ൽ സി.വി. കുഞ്ഞനന്തൻ താൻ പഠിച്ച ഊരത്തൂർ എ.എൽ.പി സ്കൂളിൽ തന്നെ അധ്യാപകനായി ജോലിയിലും പ്രവേശിച്ചു.1987ൽ തന്റെ കല്യാണത്തിന് പങ്കെടുക്കാനെത്തിയപ്പോൾ വർഷങ്ങൾക്കു ശേഷം അധ്യാപകൻ ആ കസേരയിൽ വീണ്ടും ഇരുന്നതും കുഞ്ഞനന്തൻ ഓർക്കുന്നു. 2014ലാണ് ഗോപാലൻ നമ്പ്യാർ മരിച്ചത്. മരണം വരെയും അധ്യാപകനും ശിഷ്യനും തമ്മിലുള്ള ബന്ധം തുടർന്നുകൊണ്ടിരുന്നു.
കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനന്റെ അച്ഛനാണ് ഗോപാലൻ നമ്പ്യാർ. ഒരിക്കൽ മേയർ ഊരത്തൂരിലെത്തിയപ്പോൾ അച്ഛനിരുന്ന കസേര കാണാൻ കുഞ്ഞനന്തന്റെ വീട്ടിലെത്തുകയും ചെയ്തു. 2009ൽ ഊരത്തൂർ എൽ.പി.സ്കൂൾ പ്രഥമാധ്യാപകനായി വിരമിച്ച സി.വി. കുഞ്ഞനന്തൻ ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും കെ.എസ്.എസ്.പി.എ. പേരാവൂർ മണ്ഡലം സെക്രട്ടറിയുമാണ്. ഭാര്യ: പി. ദാക്ഷായണി(റിട്ട. പ്രഥമാധ്യാപിക, കല്യാട് എ.യു.പി.സ്കൂൾ). മക്കൾ: പി. ധന്യ (അധ്യാപിക, ഊരത്തൂർ എ.എൽ.പി സ്കൂൾ), ഡോ.പി. ദയ (ബംഗളുരു).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.