ശ്രീകണ്ഠപുരം: നിയമം കാറ്റിൽ പറത്തി കുന്നിടിക്കലും വയൽ നികത്തലും തുടരുന്നു. നിലവിൽ ദേശീയപാത നിർമാണത്തിനായുള്ള മണ്ണെടുപ്പിന്റെ മറവിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുന്നിടിച്ച് മണ്ണെടുക്കുന്നത്. കരിങ്കൽ ഉത്പന്നങ്ങളും ദേശീയപാത മറയാക്കി കടത്തുന്നുണ്ട്.
കർശന നിയമം നിലനിൽക്കെയാണ് കുന്നിടിച്ച് വ്യാപകമായി വയലുകൾ നികത്തുകയും മണ്ണ് കടത്തുകയും ചെയ്യുന്നത്. കുടിനീർ വറ്റുന്നതിനും നെൽവയൽ ഇല്ലാതാവുന്നതിനും കാരണമാകുന്ന ഇത്തരം പ്രവൃത്തിക്കെതിരെ നടപടിയെടുക്കേണ്ടവർ മൗനം പാലിക്കുകയാണെന്ന പരാതി വ്യാപകമാണ്.
മലയോര മേഖലയിലടക്കം ചില സംഘങ്ങൾ കുന്നുകളിടിച്ച് വൻ വിലയീടാക്കിയാണ് മണ്ണ് വിൽപന നടത്തുന്നത്. റവന്യൂ വകുപ്പിൽ പലയിടത്തും വൻതുക നൽകിയാണ് കുന്നിടിച്ച് മണ്ണ് കടത്തുന്നത്. പൊലീസ് പിടികൂടാതിരിക്കാൻ ദേശീയപാത വികസന പ്രവൃത്തിയെന്ന് വ്യാജ ബോർഡും സ്ഥാപിച്ചാണ് കടത്ത്.
ദേശീയപാതക്കായി സർക്കാർ അനുമതിയോടെ മണ്ണ് കടത്തുന്നതിന്റെ മറവിലാണ് തട്ടിപ്പു സംഘങ്ങളും മണ്ണ് കൊണ്ടു പോകുന്നത്. ഇത്രമാത്രം കുന്നുകൾ നശിപ്പിക്കുമ്പോഴും ആരും പ്രതികരിക്കുന്നില്ലെന്ന് ഉൾപ്രദേശങ്ങളിലെ കർഷകരും മറ്റും പറയുന്നു.
ജില്ലയിൽ ചെറുപുഴ, പെരിങ്ങോം, ശ്രീകണ്ഠപുരം, ചെങ്ങളായി, പയ്യാവൂർ, ഏരുവേശി മേഖലകളിലെല്ലാം കുന്നിടിക്കൽ തകൃതിയാണ്. ചെങ്ങളായിൽ ചേരൻ കുന്ന്, വളക്കൈ നിടുമുണ്ട, കൊയ്യം, പാറക്കാടി ഭാഗങ്ങളിലും വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തുന്നുണ്ട്. ജനങ്ങൾ പരാതി പറയുന്നതിനാൽ ഞായറും മറ്റ് അവധി ദിനങ്ങളിലുമാണ് പലയിടത്തും കുന്നുകളിടിച്ച് കടത്ത്.
അവധി ദിനങ്ങളിലാവുമ്പോൾ നടപടിയെടുക്കേണ്ടുന്ന സർക്കാർ ഓഫിസുകളിൽനിന്ന് ആരും തിരിഞ്ഞു നോക്കില്ലെന്ന ഉറപ്പുണ്ട്. പെരിങ്ങോത്ത് മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ കഴിഞ്ഞയാഴ്ച ഏറ്റുമുട്ടുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുമുണ്ട്.
എന്നാൽ പിന്നിൽ രാഷ്ട്രീയ ഇടപെടൽ വന്നതോടെ കേസ് നിലനിൽക്കുമോയെന്ന് കണ്ടറിയേണ്ട സ്ഥിതിയാണുള്ളത്. മലമടക്കുഗ്രാമങ്ങളിലെല്ലാം കുന്നുകൾ രാപ്പകലില്ലാതെ ഇടിച്ച് നിരപ്പാക്കി മണ്ണ് വിൽപന തുടരുന്നുണ്ട്. ലോഡിന് വൻ വിലയീടാക്കിയാണ് മണ്ണ് വിൽപന.
കുന്നിടിക്കലും വയലും തണ്ണീർത്തടവും നികത്തലും തടയാൻ അധികൃതർ തയാറാവുന്നില്ലെങ്കിൽ പരിസ്ഥിതി പ്രത്യാഘാതങ്ങളാണുണ്ടാവുക. വയലിൽ വീടുവെക്കാനെന്ന് പറഞ്ഞ് മണ്ണിട്ട് നികത്തിയ ശേഷം വാടക വീടുകളും കടമുറികളും എടുക്കുന്ന സ്ഥിതിയുണ്ട്. വാഴയും തെങ്ങും വയലിൽ നട്ടശേഷം പിന്നീട് ഇതിന്റെ മറവിൽ മണ്ണിട്ട് നികത്തുന്നവരും ഏറെയാണ്.
സംസ്ഥാനത്താകെ പൊതുഅവധി ദിനങ്ങളിലടക്കം നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൈയോടെ പിടികൂടാൻ കോവിഡ് കാലത്ത് രൂപവത്കരിച്ച പ്രത്യേക സ്ക്വാഡുകളെയും കാണാനില്ല.
ലാൻഡ് റവന്യൂ കമീഷണർക്ക് വേണ്ടി അസി. കമീഷണർ (എൽ.എ) 2020ൽ ഇറക്കിയ ഉത്തരവാണ് കടലാസിൽ മാത്രമൊതുങ്ങിയത്. പൊതുഅവധി ദിനങ്ങളിലടക്കം അനധികൃത വയൽ നികത്തൽ, മണൽ ഖനനം, പാറ ഖനനം, കുന്നിടിക്കൽ, സർക്കാർ ഭൂമി കൈയേറ്റം, അനധികൃത നിർമാണം, അനധികൃത മരംമുറി തുടങ്ങിയവ നടക്കുന്നതിനാൽ ഇത് കർശനമായി തടയണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.
ഇതനുസരിച്ച് ജില്ല കലക്ടർമാരുടെ മേൽനോട്ടത്തിൽ ജില്ല -താലൂക്ക് തലങ്ങളിലാണ് പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരമറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമടക്കം പ്രവർത്തന സജ്ജമാക്കിയിട്ടും ഒന്നും ഫലം കണ്ടില്ല. പിറവിയിലേ ചരമമടഞ്ഞ ഉത്തരവായി ഇത് മാറുകയാണുണ്ടായത്.
ഇത്തരത്തിൽ പല തവണയിറക്കിയ നിരവധി ഉത്തരവുകൾ ഉണ്ടെങ്കിലും നാമമാത്ര നാൾ നടപ്പാക്കിയെങ്കിലും പിന്നീട് അധികൃതരുടെ ഒത്താശയിൽ തന്നെ എല്ലാം കടലാസിൽ ഒതുങ്ങിപ്പോവുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.