ശ്രീകണ്ഠപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയുടെ വിജയത്തിനു പ്രവർത്തിക്കാതെ വിമതനുവേണ്ടി രംഗത്തിറങ്ങിയതായി ആക്ഷേപമുയർന്ന മുസ്ലിം ലീഗ് വളക്കൈ ശാഖ കമ്മിറ്റി പിരിച്ചുവിട്ടു.
വ്യാഴാഴ്ച ചേർന്ന ജില്ല കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്. തെരഞ്ഞെടുപ്പ് കാലയളവിൽ സംഘടന പ്രവർത്തനം നിഷ്ക്രിയമായിരുന്നുവെന്ന് കണ്ടെത്തിയതിനാൽ മുസ്ലിം ലീഗ് ചെങ്ങളായി പഞ്ചായത്ത് കമ്മിറ്റിയിൽ അഴിച്ചുപണി നടത്തി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ചെങ്ങളായി പഞ്ചായത്ത് തേർലായി വാർഡിൽ ഔദ്യോഗിക സ്ഥാനാർഥിയായ മൂസാൻകുട്ടിക്കെതിരെ എം. മുസ്തഫ വിമതനായി മത്സരിച്ചിരുന്നു. എന്നാൽ, ശാഖ കമ്മിറ്റി വിമതനെ പിന്തുണച്ച് പ്രവർത്തിച്ചുവെന്നും ഔദ്യോഗിക സ്ഥാനാർഥിയെ സഹായിച്ചില്ലെന്നും കാണിച്ച് ഒരു വിഭാഗം പ്രവർത്തകർ ജില്ല നേതൃത്വത്തിന് പരാതി നൽകി. ഫലം വന്നപ്പോൾ മൂസാൻകുട്ടി വിജയിച്ചു.
എങ്കിലും പരാതി അന്വേഷിക്കാൻ അള്ളാംകുളം മഹമൂദ്, ഇബ്രാഹിം മുണ്ടേരി എന്നിവരടങ്ങുന്ന കമീഷനെ ജില്ല കമ്മിറ്റി നിയോഗിച്ചു. ഇവർ സ്ഥലത്തെത്തി പ്രവർത്തകരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കെ.പി. മൂസാൻ പ്രസിഡൻറും സത്താർ വളക്കൈ ജന.സെക്രട്ടറിയുമായ വളക്കൈ ശാഖ കമ്മിറ്റി പിരിച്ചുവിട്ടത്.
മുൻകാലങ്ങളെ അപേക്ഷിച്ച് സംഘടന പ്രവർത്തനം ഏറ്റവും നിഷ്ക്രിയമായ അവസ്ഥയാണ് ഇത്തവണ ചെങ്ങളായിയിലുണ്ടായതെന്ന് കണ്ടെത്തിയതിനാലാണ് പഞ്ചായത്ത് കമ്മിറ്റി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചത്. സംസ്ഥാന ജോ. സെക്രട്ടറിയും ജില്ല നിരീക്ഷകനുമായ അഡ്വ. പി.എം.എ. സലാം ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു.
ജില്ല വൈസ് പ്രസിഡൻറ് അഡ്വ. എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുൽ ഖാദർ മൗലവി, ജില്ല ജന. സെക്രട്ടറി അബ്ദുൽ കരീം ചേലേരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.