ശ്രീകണ്ഠപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങൾ മാസങ്ങളുടെ അടച്ചിടലിനു ശേഷം വീണ്ടും തുറന്നു. ഇനി വിസ്മയ സുന്ദരക്കാഴ്ചകൾ നുകരാം. കോവിഡും ലോക്ഡൗണും സഞ്ചാരികളെ വിലക്കിയതിനാൽ ജില്ലയിലും പുറത്തും വിനോദസഞ്ചാര മേഖല നിശ്ചലമായിരുന്നു. ആളനക്കമില്ലാത്ത മാസങ്ങൾ കഴിഞ്ഞാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നത്. ഇതോടെ സഞ്ചാരികളുടെ പറുദീസയായ വൈതൽമലയിലടക്കം കഴിഞ്ഞ ദിവസം നൂറുകണക്കിന് സഞ്ചാരികളാണ് എത്തിയത്. നിറം മങ്ങിയ കാഴ്ചകളും ലക്ഷങ്ങളുടെ നഷ്ടവുമാണ് കഴിഞ്ഞ മാസങ്ങളിലുണ്ടായതെങ്കിൽ നിലവിൽ കാഴ്ചയുടെ വേറിട്ട ലോകമാണ് മലമടക്കുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുള്ളത്.
ജില്ലയിൽ മലയോര മേഖലയിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് വൈതൽമല, ഏഴരക്കുണ്ട്, പാലക്കയം തട്ട്, കാഞ്ഞിരക്കൊല്ലി എന്നിവ. ഇവിടങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക് അനുഭവപ്പെടേണ്ട മധ്യവേനലവധിയിലാണ് അടച്ചിടൽ വേണ്ടി വന്നത്. ചൂടുകാലത്ത് വിദേശസഞ്ചാരികളടക്കം കാഴ്ച നുകർന്ന് താമസിക്കാൻ ഇവിടെയെത്താറുണ്ട്. കത്തുന്ന വേനലിലും വറ്റാത്ത അരുവിയും വന്യജീവികളും ഔഷധ സസ്യങ്ങളും ചേർന്ന ഈ മാമലകളിൽ കോടമഞ്ഞും കാടും കൈകോർക്കുന്ന അത്യപൂർവ സുന്ദരക്കാഴ്ചയുമുണ്ട്. നേരത്തെ ദിനംപ്രതി രണ്ടായിരത്തിലധികം സഞ്ചാരികൾ പാലക്കയം തട്ടിലെത്താറുണ്ടെന്നാണ് കണക്ക്. അവധിദിവസങ്ങളിൽ ഇതിലും കൂടും. വൈതൽമലയിൽ ആയിരത്തിനു മുകളിലും ഏഴരക്കുണ്ട് വെള്ളച്ചാട്ടം കാണാൻ മുന്നൂറിലധികവും ആളുകൾ എത്താറുണ്ടായിരുന്നു.
കാഞ്ഞിരക്കൊല്ലി ശശിപ്പാറയിലും കന്മദപ്പാറയിലും അളകാപുരിയിലും വേനലവധിക്കാലത്തും മറ്റ് അവധി ദിനങ്ങളിലും സ്വപ്നക്കാഴ്ചകൾ ആസ്വദിക്കാൻ ഒട്ടേറെപ്പേരാണെത്തിയിരുന്നത്. നിലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നെങ്കിലും കോവിഡ് നിയമങ്ങൾ പാലിച്ചാണ് പ്രവേശനം.
വനം വകുപ്പിെൻറ നിയന്ത്രണത്തിലാണ് വൈതൽമലയിലേക്കുള്ള പ്രവേശനം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പാലക്കയം തട്ടിലും കാഞ്ഞിരക്കൊല്ലിയിലും വിനോദ സഞ്ചാര വകുപ്പാണ് പ്രവേശനം നിയന്ത്രിക്കുന്നത്. മഞ്ഞപ്പുല്ലിലും വൈതൽമലയിലുമായി പ്രവർത്തിച്ചിരുന്ന പത്തിലധികം റിസോർട്ടുകൾ ഇതുവരെ അടഞ്ഞുകിടക്കുകയാണ്.
പുറമെ നിന്നും സഞ്ചാരികളെത്തുന്നതോടെ തുറക്കാനാവുമെന്ന കാത്തിരിപ്പിലാണിവർ. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ യന്ത്രങ്ങളും ഇരുമ്പ് വടങ്ങളും മറ്റും തുരുമ്പെടുത്തെങ്കിലും അവയെല്ലാം മിനുക്കുപണി നടത്തിയാണ് തുറന്നത്. മാസങ്ങളായി സഞ്ചാരികൾ എത്താത്തതിനാൽ മാമലകളിലെല്ലാം
നഷ്ടമായ ജൈവവൈവിധ്യ സമ്പത്ത് തിരിച്ചെത്തിയ കാഴ്ചയുമുണ്ട്. വൈതലിലും പാലക്കയത്തും കാഞ്ഞിരക്കൊല്ലിയിലുമെല്ലാം ഈ മാറ്റം കാണാനുണ്ട്. നിലവിൽ അപൂർവങ്ങളായ ഒട്ടേറെ ചെടികൾ പുതുതായി തളിർത്തുവന്നിട്ടുണ്ടെന്നും നിരവധി വന്യജീവികൾ എത്തുന്നുണ്ടെന്നും വനപാലകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.