ശ്രീകണ്ഠപുരം: കഴിഞ്ഞ ഓണത്തിനു ശേഷം മാസങ്ങളായി മാവേലി -സപ്ലൈകോ സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങളില്ല. ഇതോടെ മലയോര ഗ്രാമങ്ങളിലടക്കം ജില്ലയിൽ ദുരിതക്കയത്തിലായത് സാധാരണക്കാർ. സാധനങ്ങൾ സബ്സിഡിയായി എത്തിക്കുന്നുണ്ടെന്നുള്ള വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനവും മറ്റ് പ്രചാരണവും പാഴ് വാക്കായി മാറി. പൊതുവിപണിയിൽ സാധനങ്ങൾക്ക് പൊള്ളുന്ന വിലയായിട്ടും നിയന്ത്രിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടുമില്ല. അതിനിടെയാണ് സപ്ലൈകോ -മാവേലി സ്റ്റോറുകൾ വഴി വിതരണം ചെയ്തിരുന്ന 13 ഇനം സാധനങ്ങളും നൽകാതിരിക്കുന്നത്.
രണ്ടുമാസം മുമ്പ് വരെ ഒന്നും രണ്ടും സബ്സിഡി സാധനങ്ങളെങ്കിലും നാമമാത്രമായി പലയിടത്തും എത്തിയിരുന്നെങ്കിൽ, നിലവിൽ അതുമില്ല. പ്രതീക്ഷയോടെ വന്ന് മണിക്കൂറുകളോളം വരിനിൽക്കുന്ന വീട്ടമ്മമാരടക്കം കുറഞ്ഞ നിരക്കിലുള്ള സാധനങ്ങൾ കിട്ടാതെ നിരാശരായി മടങ്ങേണ്ട അവസ്ഥയാണ് സപ്ലൈകോ സ്റ്റോറുകളിലുള്ളത്. ചിലർ സബ്സിഡി സാധനങ്ങൾ കിട്ടാത്തതിനെ ചോദ്യം ചെയ്താൽ കഴിഞ്ഞ ദിവസം തീർന്നതാണെന്ന വ്യാജ മറുപടിയാണ് ബന്ധപ്പെട്ടവർ നൽകുന്നത്.
കഴിഞ്ഞയാഴ്ച ഒരു തവണ മാത്രമാണ് അരിയെത്തിയത്. എന്നാൽ പ്രതീക്ഷയോടെ സ്റ്റോറുകളിലെത്തിയവരിൽ പലരും നിരാശരായി മടങ്ങി. സബ്സിഡിയില്ലാത്ത വിലകൂടിയ അരിയും സോപ്പും മുളകുപൊടിയടക്കമുള്ള പാക്കറ്റ് ഉൽപന്നങ്ങളും വാങ്ങാനാണ് ചിലയിടങ്ങളിൽനിന്ന് പറയുന്നത്. അര ലിറ്റർ വെളിച്ചെണ്ണയെത്തിയെങ്കിലും അതും നാമമാത്രമാണ്.
പൊതുവിപണിയിലാണെങ്കിൽ അരിക്കുൾപ്പെടെ കരിഞ്ചന്ത വിലയാണ്. കൂലിപ്പണിയെടുക്കുന്ന സാധാരണക്കാരടക്കം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
സബ്സിഡി നിരക്കിലുള്ള 13 നിത്യോപയോഗ സാധനങ്ങളാണ് പ്രധാനമായി മാവേലി -സപ്ലൈകോ സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്നത്. എന്നാൽ ഇവ ഒരിടത്തും മുഴുവനായി ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു.
അതേസമയം സബ്സിഡിയില്ലാത്ത സാധനങ്ങളെല്ലാം സ്റ്റോറുകളിൽ ലഭ്യവുമാണ്. ഇവ വാങ്ങാൻ നിർബന്ധിക്കുന്നതായും പരാതിയുണ്ട്. നിത്യോപയോഗ സാധനങ്ങൾക്കും പച്ചക്കറികൾക്കും ഉൾപ്പെടെ പൊള്ളുന്ന വിലയായതോടെ സാധാരണക്കാർ പ്രതിസന്ധിയിലാണ്.
വർഷങ്ങളായി സപ്ലൈകോ സ്റ്റോറുകളിൽ പണിയെടുക്കുന്ന പാക്കിങ് തൊഴിലാളികളും പട്ടിണിയിലാണ്. സാധനങ്ങൾ വരാത്തതിനാൽ ഇവരുടെ പണി കുറയുകയും നാമമാത്ര വരുമാനക്കാരായി ഇവർ മാറുകയും ചെയ്തുവെന്നതാണ് സ്ഥിതി.അതിനിടെ സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിക്കാനും സർക്കാർ തത്ത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.
13 സാധനങ്ങൾക്ക് പകരം 15 സാധനങ്ങൾ വരെ നൽകാനും ആലോചനയുണ്ടെന്നാണ് വിവരം. അതേസമയം സാധനങ്ങൾ എത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സപ്ലൈകോ വലിയ തുക നൽകാൻ ബാക്കിയുള്ളതിനാലാണ് സബ്സിഡി സാധനങ്ങൾ മുടങ്ങുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ 'മാധ്യമ' ത്തോട് പറഞ്ഞു.
(സപ്ലൈകോയിൽ സാധനങ്ങളുടെ വില, ബ്രാക്കറ്റിൽ പൊതുവിപണിയിലെ നിരക്ക്. ഉൾഗ്രാമങ്ങളിലെ കടകളിൽ വില വീണ്ടും വ്യത്യാസപ്പെടും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.