ശ്രീകണ്ഠപുരം: പണിതുടങ്ങി അഞ്ചുവർഷമായിട്ടും പൂർത്തിയാവാത്ത ഒടുവള്ളി -കുടിയാന്മല റോഡിന്റെ ശോച്യാവസ്ഥ തുറന്നുകാട്ടി അധികൃതരെ കളിയാക്കി നാട്ടുകാരുടെ ബോർഡ്. 'റോഡുപണി നല്ലരീതിയിൽ പൂർത്തിയാക്കിയ കരാറുകാർക്കും മേൽനോട്ടം വഹിച്ച എൻജിനീയർമാർക്കും നാട്ടുകാരുടെ അഭിനന്ദനങ്ങൾ' എന്നെഴുതിയ ബോർഡാണ് പുലിക്കുരുമ്പ ടൗണിൽ സ്ഥാപിച്ചത്.
2017 ഒക്ടോബർ എട്ടിന് അന്നത്തെ എം.പി പി.കെ. ശ്രീമതിയാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ചുള്ള നിർമാണം എങ്ങുമെത്താത്ത സ്ഥിതിയിലാണുള്ളത്. 21.3 കോടി രൂപയ്ക്കാണ് പണി ടെൻഡർ നൽകിയത്. ഒടുവള്ളിത്തട്ടു മുതൽ താവുന്ന് കവല വരെയും വേങ്കുന്ന് മുതൽ കൂടിയാന്മല ടൗൺ വരെയുമാണ് വീതി കൂട്ടി മെക്കാഡം ടാർ ചെയ്യേണ്ടത്. ആകെ 12 കിലോമീറ്റർ നിർമാണം നടത്താനാണ് അഞ്ചു വർഷത്തിലധികം വേണ്ടിവന്നത്. ഇപ്പോൾ പൊന്മല പാലത്തിനോട് ചേർന്ന റോഡ് നിർമാണമാണ് നാമമാത്രമായി നടക്കുന്നത്. അധികൃതർ തിരിഞ്ഞുനോക്കാത്തതിനാൽ കരാറുകാരൻ തോന്നിയപോലെയാണ് പണി നടത്തുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഒരു മണ്ണുമാന്തിയന്ത്രവും കൈവിരലിലെണ്ണാവുന്ന തൊഴിലാളികളെയും വെച്ചാണ് പണി നടത്തുന്നത്. പുലിക്കുരുമ്പ ടൗണിലടക്കം റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതിനാൽ ജനങ്ങളുടെ ദുരിതം ഏറെയാണ്. ഇഴഞ്ഞുനീങ്ങുന്നതിനാൽ ഈ സാമ്പത്തിക വർഷവും നിർമാണം പൂർത്തിയാകില്ലെന്നതാണ് അവസ്ഥ. കെടുകാര്യസ്ഥതയിൽ സഹികെട്ടാണ് നാട്ടുകാർ പരിഹാസ ബോർഡ് സ്ഥാപിച്ച് വേറിട്ട പ്രതിഷേധം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.