ശ്രീകണ്ഠപുരം: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ 18 വർഷത്തിനുശേഷം അറസ്റ്റിൽ. മടിക്കേരി റാണിപ്പേട്ടയിലെ മുഹമ്മദ് ബാഷയെയാണ് (63) തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിൻെറ നിർദേശപ്രകാരം ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശൻ അറസ്റ്റുചെയ്തത്. നിടിയേങ്ങയിലെ ദിനേശ്കുമാറിന് മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരുലക്ഷം രൂപയും പാസ്പോർട്ടും തട്ടിയെടുത്ത കേസിലാണ് ബാഷ അറസ്റ്റിലായത്.
2003 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. പണവും പാസ്പോർട്ടും കൈപ്പറ്റിയ ശേഷം ദിനേശ്കുമാറിനെ മലേഷ്യയിൽ കൊണ്ടുപോയെങ്കിലും വിസ ശരിയല്ലാത്തതിനാൽ ജയിലിൽ കഴിയേണ്ടിവന്നു. പിന്നീട് തിരികെ നാട്ടിലെത്തിയെങ്കിലും പണം നൽകിയില്ലെന്ന് കാണിച്ചാണ് ദിനേശ് കുമാർ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകിയത്.
2009ലാണ് മുഹമ്മദ് ബാഷയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. മറ്റൊരു പ്രതിയെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. സ്ക്വാഡംഗങ്ങളായ എ.എസ്.ഐ എ. പ്രേമരാജൻ, എസ്.സി.പി.ഒ അബ്ദുൽ ജബ്ബാർ, സി.പി.ഒ ഷമീർ എന്നിവരും ബാഷയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.