ശ്രീകണ്ഠപുരം: ഹോട്ടൽ കേന്ദ്രീകരിച്ച് സമാന്തര ബാർ നടത്തിവന്ന ഉടമ അറസ്റ്റിൽ. കോട്ടൂരിലെ ശ്രീവത്സം ഹോട്ടൽ ഉടമ പുല്ലാഞ്ഞി വീട്ടിൽ അനിൽ (43)നെയാണ് ശ്രീകണ്ഠപുരം എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.
മദ്യ വിൽപനശാലകൾ അവധിയായ ഒന്നാം തീയതി ഇയാളുടെ ഹോട്ടൽ കേന്ദ്രീകരിച്ച് വൻതോതിൽ മദ്യം വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശ്രീകണ്ഠപുരം എക്സൈസ് സംഘം പരിശോധന നടത്തിയത്. ഹോട്ടലിൽനിന്ന് രണ്ട് ലിറ്റർ വിദേശമദ്യവും മദ്യം വിറ്റ വകയിൽ സൂക്ഷിച്ച 1200 രൂപയും പിടിച്ചെടുത്തു. നേരത്തേയും മദ്യവിൽപനക്ക് ഇയാൾ പിടിയിലായിട്ടുണ്ട്.
വൻതോതിൽ വിദേശമദ്യം എത്തിച്ച് ഹോട്ടലിൽ സൂക്ഷിച്ച് ഇടപാടുകാർക്ക് ആവശ്യാനുസരണം ബാറിൽ നൽകുന്നതുപോലെ ഒഴിച്ചും മൊത്തമായും വിൽപന നടത്തുന്നത് നേരത്തേ മുതൽ പതിവാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കുറച്ചുനാളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു.
അസി. ഇൻസ്പെക്ടർ പി.ആർ. സജീവ്, പ്രിവന്റിവ് ഓഫിസർമാരായ എം.പി. ഹാരിസ്, പി.എം. രഞ്ജിത്ത് കുമാർ, സി.ഇ.ഒ എം. രമേശൻ, പി. ഷിബു, പുരുഷോത്തമൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.