ശ്രീകണ്ഠപുരം: കുട്ടികളുടെ ഗ്രന്ഥാലയം എന്ന വ്യത്യസ്തമായ ഒരു സംരംഭത്തിന് രൂപം നൽകുകയാണ് ചെങ്ങളായി ഗ്രാമപഞ്ചായത്ത്. സംസ്ഥാനത്തെ പ്രധാന ഗ്രന്ഥാലയങ്ങളിലെല്ലാം ചിൽഡ്രൺസ് കോർണറുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരു പഞ്ചായത്ത് മുൻകൈയെടുത്ത് കുട്ടികൾക്ക് വേണ്ടി മാത്രമായി ഗ്രന്ഥാലയമൊരുങ്ങുന്നത് ആദ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയോരത്ത് നിടുവാലൂരിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് വായനശാല കെട്ടിടമാണ് കുട്ടികളുടെ ഗ്രന്ഥാലയമായി മാറുന്നത്. ഇവിടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഒരു ബൃഹത്തായ ഗ്രന്ഥശേഖരമൊരുക്കുന്നതിനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി, കുട്ടികൾ ഇഷ്ടപ്പെടുന്ന പുസ്തകങ്ങളെ കുറിച്ചറിയാൻ സ്കൂൾതലത്തിൽ ഒരു സർവേ നടത്താനും പൊതുജനങ്ങളിൽനിന്നും പുസ്തക ശേഖരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഗ്രന്ഥാലയത്തിലേക്കാവശ്യമായ പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള പ്രൊജക്ട് പഞ്ചായത്ത് വാർഷിക പദ്ധതിയിലും ഉൾപ്പെടുത്തും.
ഗ്രന്ഥാലയത്തിെൻറ ഭരണപരമായ കാര്യങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയാണ് മുന്നോട്ടുപോകുക. ഇക്കാര്യങ്ങളൊക്കെ ഉൾപ്പെടുത്തി അനുയോജ്യമായ രീതിയിൽ ഗ്രന്ഥാലയ ബൈലോയും തയാറാക്കും. ചെങ്ങളായി പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും കുട്ടികളെ ആകർഷിക്കുന്ന വിധം ഗ്രന്ഥാലയം കേന്ദ്രീകരിച്ച് കലാ-സാഹിത്യ മത്സരങ്ങൾ, ക്യാമ്പുകൾ തുടങ്ങിയ സംഘടിപ്പിക്കുവാനും ഉദ്ദേശിക്കുന്നുണ്ട്.
ഭാവിയിൽ മികച്ച റഫറൻസ് സൗകര്യങ്ങളൊരുക്കി അധുനിക രീതിയിലുള്ള ചിൽഡ്രൺസ് ലൈബ്രറിയായി നിടുവാലൂരിൽ സ്ഥിതിചെയ്യുന്ന ഗ്രന്ഥാലയത്തെ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.