ശ്രീകണ്ഠപുരം: വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിൽ പുതുതായി സ്ഥാപിച്ച മഴവിൽ ലൈറ്റുകൾ കറുത്ത തുണികൊണ്ട് മറച്ചു. വീണ്ടും ടിക്കറ്റ് ഈടാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാരോപിച്ച് ജനങ്ങൾ രംഗത്തെത്തി.
നിലവിൽ പാലക്കയം തട്ടിലേക്കുള്ള പ്രവേശന നിരക്ക് ഒരാൾക്ക് 45 രൂപയാണ്. കാമറയുണ്ടെങ്കിൽ അതിന് വേറെ തുകയും നൽകണം. ഇത്രയും കാലം ഈ ടിക്കറ്റ് എടുത്തവർക്ക് മലമുകളിൽ മുഴുവൻ സഞ്ചരിക്കാമായിരുന്നു. പച്ചപ്പും ദൃശ്യവിരുന്നും നന്നായി ആസ്വദിക്കാനും കഴിഞ്ഞിരുന്നു. അടുത്തിടെയാണ് രാത്രിയിൽ കാഴ്ചയുടെ അഴകുകൂട്ടാൻ മഴവിൽ പ്രകാശം പരത്തുന്ന ബൾബുകൾ ഇവിടെ സ്ഥാപിച്ചത്. വൈകീട്ട് ഏഴുമുതൽ രാത്രി 11 വരെയാണ് ബൾബുകൾ പ്രകാശിച്ചിരുന്നത്.
പകൽ എത്തുന്നവർക്ക് പച്ചപ്പുല്ലുകളും അവക്കിടയിൽ സ്ഥാപിച്ച ബൾബുകളും ഇതുവരെ കാണാനാവുമായിരുന്നു. എന്നാൽ, ബൾബുകൾ സ്ഥാപിച്ച മലയുടെ ഭാഗങ്ങളിൽ ചുറ്റും കറുത്ത തുണികൊണ്ട് നിലവിൽ മറച്ചതോടെ ഇനി മലയിലെത്തുന്നവരിൽ നിന്ന് ബൾബ് കാണാൻ വീണ്ടും ടിക്കറ്റ് ഈടാക്കാനാണ് നടത്തിപ്പുകാരുടെ ശ്രമം. അതിനായി ചില നിർമാണ പ്രവൃത്തികളും ഇവിടെ നടത്തുന്നുണ്ട്. കാഴ്ച നുകരാനെത്തുന്നവരെ കൊള്ളയടിക്കാനും പരിസ്ഥിതി നശിപ്പിക്കാനുമുള്ള നീക്കമാണ് പാലക്കയം തട്ടിൽ നിലവിൽ നടക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
കറുത്ത തുണി കെട്ടിയതിനാൽ പകൽ സമയത്തെത്തുന്ന സഞ്ചാരികൾക്ക് പച്ചപ്പുപോലും കാണാനാവുന്നില്ല. ജില്ലയുടെ പുറത്തു നിന്നടക്കം നിരവധി സഞ്ചാരികൾ എത്താൻ തുടങ്ങിയതോടെ ഓരോന്നിനും ടിക്കറ്റ് വാങ്ങാനുള്ള ശ്രമം തുടങ്ങിയത് വ്യാപക ചർച്ചയായിട്ടുണ്ട്. തോന്നിയപോലെ നിർമാണങ്ങൾ നടത്തി ഈ മാമലയെ നശിപ്പിക്കാനുള്ള നീക്കം തടയണമെന്നും പാലക്കയം തട്ടിൽ പലവിധ ടിക്കറ്റുകൾ ഈടാക്കാനുള്ള നീക്കം തടഞ്ഞ് പഴയ രീതിയിലുള്ള കാഴ്ച നിലനിർത്തണമെന്നുമാണ് സഞ്ചാരികളുടെ ആവശ്യം. വിനോദ സഞ്ചാര വകുപ്പ് വിഷയത്തിൽ മൗനം പാലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.