ശ്രീകണ്ഠപുരം: ശക്തമായ മഴയിൽ പുഴ കരയിടിച്ചൽ രൂക്ഷം. വളപട്ടണം പുഴയുടെ കൈവഴികളിലെ പ്രദേശങ്ങളാണ് അപകടാവസ്ഥയിലായത്. റോഡുകളും വീടുകളും കൃഷിയിടങ്ങളുമെല്ലാം പുഴ കവരുമ്പോൾ പ്രദേശവാസികൾ സങ്കടപ്പെടുകയാണ്.
ശ്രീകണ്ഠപുരം ചാക്യാറ കോളനി റോഡ്, മലപ്പട്ടം പരിപ്പൻ കടവ്, ചെങ്ങളായി, മടമ്പം എന്നിവിടങ്ങളിലെ പുഴയോരങ്ങളാണ് പുഴ വെള്ള കുത്തൊഴുക്കിൽ തകർന്നത്. ശ്രീകണ്ഠപുരം പുഴ കരകവിഞ്ഞതിനെ തുടർന്ന് പലഭാഗങ്ങളിലും കരയിടിച്ചിൽ രൂക്ഷമായിരുന്നു. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പുഴയോട് ചേർന്ന ചാക്യാറ കോളനിയിലെ കുടുംബങ്ങൾ ഭീതിയുടെ നിഴലിലാണ്.
ഓരോ മഴയിലും പുഴ കരയെടുക്കുകയാണ്. പുഴയോരത്തെ നിരവധി വീടുകളും അപകടത്തിലാണ്. കോട്ടൂർ ചാക്യാറയിലെ നാട്ടുകാർ കലക്ടർക്കും മറ്റ് വകുപ്പുകൾക്കും മുമ്പ് പരാതി നൽകിയുന്നു. ബന്ധപ്പെട്ട വിഷയത്തിൽ നഗരസഭയിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ഒരുവിധ നടപടിയും ഉണ്ടായില്ല. ശക്തമായ മഴയുണ്ടായാൽ പ്രദേശം മുഴുവൻ പുഴയെടുക്കും.
ഈ പ്രദേശത്തെ ജനങ്ങൾക്ക് ആശ്രയമായ ഏക റോഡും തകർച്ചയുടെ വക്കിലാണ്. നിരവധി മരങ്ങളും മറ്റും പുഴയിലേക്ക് പതിക്കുന്ന സ്ഥിതിയുണ്ട്. ഇടിയുന്ന ഭാഗങ്ങളിൽ ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.