ശ്രീകണ്ഠപുരം: നഗരസഭ 14ാം വാർഡിലെ എ.കെ.ജി കോർണർ റോഡിന്റെ പേര് കാക്കാടുവയൽ - പള്ളിയറ പുതിയ ഭഗവതിക്കാവ് എന്നാക്കി മാറ്റിയതിൽ പ്രതിപക്ഷ കൗൺസിലർമാരും ഡി.വൈ.എഫ്.ഐയും പ്രതിഷേധിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് കൗൺസിൽ യോഗം ചേർന്നപ്പോഴാണ് പ്രതിപക്ഷ കൗൺസിലർമാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും പ്രകടനമായെത്തി നഗരസഭ ഹാളിന് മുന്നിൽ പ്രതിഷേധിച്ചത്. തുടർന്ന് പൊലീസെത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തടഞ്ഞു.
10 വർഷത്തിലേറെയായി എ.കെ.ജി കോർണർ എന്നറിയപ്പെടുന്ന റോഡിന്റെ പേര് രാഷ്ട്രീയ താൽപര്യത്തിന്റെ ഭാഗമായാണ് മാറ്റുന്നതെന്നാരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എൽ.ഡി.എഫ് കൗൺസിലർമാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും യോഗം അവസാനിക്കുന്നതുവരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
ഡി.വൈ.എഫ്.ഐ പ്രവർത്തകരോടൊപ്പം കൗൺസിൽ യോഗം അലങ്കോലപ്പെടുത്തി എന്നാരോപിച്ച് 11 എൽ.ഡി.എഫ് കൗൺസിലർമാരെ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന യോഗത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. തുടർന്ന് യോഗത്തിലെ മുഴുവൻ അജണ്ടകളും വായിച്ച് പാസാക്കിയതിനുശേഷം ചെയർപേഴ്സൻ കൗൺസിൽ യോഗം അവസാനിച്ചതായും അറിയിച്ചു. കൗൺസിൽ യോഗത്തിന് ശേഷം നഗരസഭ ഓഫിസിന് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ ധർണ നടത്തി. ശ്രീകണ്ഠപുരം ബ്ലോക്ക് സെക്രട്ടറി കെ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി. വിനീത് അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠപുരം: കൈതപ്രം വാർഡിലെ എ.കെ.ജി കോർണർ റോഡിന്റെ പേര് കാക്കാടുവയൽ-പള്ളിയറ പുതിയ ഭഗവതിക്കാവ് എന്നാക്കിയത് ചട്ടപ്രകാരമാണെന്ന് യു.ഡി.എഫ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെയർപേഴ്സന്റെ അനുമതിയില്ലാതെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭ ഹാളിൽ പ്രതിഷേധവുമായി എത്തിയത്. ഇവരോടൊപ്പം ചേർന്ന് കൗൺസിൽ യോഗം തടസ്സപ്പെടുത്തിയതിനാണ് കൗൺസിൽമാരെ സസ്‌പെൻഡ് ചെയ്തത്.
റോഡിന്റെ ഗുണഭോക്താക്കളായ 10 കുടുംബങ്ങളാണ് റോഡിന്റെ പേര് മാറ്റണമെന്ന് വാർഡ് കൗൺസിലർ വിജിൽ മോഹനോട് ആവശ്യപ്പെട്ടത്. ഇതിൽ സി.പി.എം അനുഭാവികളുമുണ്ട്. ഇതിന്റെ ഭാഗമായി 14ാം വാർഡ് സഭ ചേരുകയും 114 പേർ പങ്കെടുക്കുകയും ചെയ്തു. ഇതിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും പങ്കെടുത്തിട്ടുണ്ട്. വാർഡ് സഭയിൽ പങ്കെടുത്ത 114 പേരും ഐകകേണ്ഠ്യനയാണ് പുനർ നാമകരണ തീരുമാനമെടുത്തത്. ഒരാളുപോലും വിയോജനക്കുറിപ്പ് നൽകിയില്ല. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലിമോന, വൈസ് ചെയർമാൻ കെ. ശിവദാസൻ, 14ാം വാർഡ് കൗൺസിലർ വിജിൽ മോഹൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ജോസഫീന വർഗീസ്, പി.പി. ചന്ദ്രാംഗദൻ, കെ.സി. ജോസഫ് കൊന്നക്കൽ, വി.പി. നസീമ, ത്രേസ്യാമ്മ മാത്യു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.