ശ്രീകണ്ഠപുരം: കാട്ടാനശല്യം തടയാൻ ഏരുവേശ്ശി പഞ്ചായത്തിലെ വനാതിർത്തിയിൽ നിർമിച്ച സൗരോർജ തൂക്കുവേലി ചാർജ് ചെയ്തു. വഞ്ചിയം മുതൽ പുറത്തൊട്ടിവരെ 4.5 കിലോമീറ്റർ ദൂരത്തിലാണ് വേലി നിർമിച്ചത്. 15 അടി ഉയരമുള്ള ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് 50 മീറ്റർ ഇടവിട്ട് തൂണുകൾ സ്ഥാപിച്ചാണ് തൂക്കു വേലികൾ ഒരുക്കിയത്. ഇതിൽ രണ്ട് ലൈനുകളിലായി വൈദ്യുതി പ്രവഹിക്കുന്ന സ്പ്രിങ് കേബിളുകൾ നിശ്ചിത അകലത്തിൽ താഴേക്ക് തൂക്കിയിടും.
പരമ്പരാഗത രീതിയിൽ താഴെ വൈദ്യുതി വേലി ഒരുക്കുന്നതിലെ വലിയ ന്യൂനതകൾക്ക് ഇത്തരത്തിൽ പ്രതിരോധം ഒരുക്കുന്നതിലൂടെ മറികടക്കാനാകും. ജില്ല പഞ്ചായത്തിന്റെ 35 ലക്ഷം, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം, ഏരുവേശ്ശി പഞ്ചായത്തിന്റെ അഞ്ച് ലക്ഷം എന്നിങ്ങനെ 45 ലക്ഷം ചെലവിലാണ് പദ്ധതി പൂർത്തിയായത്.
ഇതോടെ വനാതിർത്തികളിലെ കാട്ടാന ശല്യത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. ഏറെ കാലങ്ങളായി വഞ്ചിയം, പുറത്തൊട്ടി മേഖലയിലുള്ളവർ കാട്ടാനശല്യം മൂലം പൊറുതിമുട്ടുകയായിരുന്നു. ഈ മേഖലയിലെ കൃഷിയിടങ്ങൾ കാട്ടാനകൾ നശിപ്പിക്കുന്നതും പതിവാണ്. ഉദയഗിരി, ഉളിക്കൽ പഞ്ചായത്തുകളിലും തൂക്കുവേലിയുടെ നിർമാണം നടക്കുകയാണ്.
പയ്യാവൂര്‍ പഞ്ചായത്തിലെ ശാന്തിനഗറിലെ ആനപ്പാറ മുതൽ വഞ്ചിയം വരെ 11 കിലോമീറ്റർ ഭാഗത്താണ് 80 ലക്ഷം ചെലവിൽ സൗരോർജ തൂക്കുവേലികൾ ഒരുക്കിയത്. ജില്ല - ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടത്തിയത്. ജില്ല പഞ്ചായത്ത് 40 ലക്ഷവും പയ്യാവൂർ ഗ്രാമപഞ്ചായത്ത് 35 ലക്ഷവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷവും ഇതിനായി ചെലവഴിച്ചിരുന്നു.
14 കിലോമീറ്ററാണ് പയ്യാവൂർ പഞ്ചായത്തിന്റെ വനാതിർത്തി. ഇതിൽ 11 കിലോമീറ്റർ ഭാഗത്താണ് തൂക്കുവേലി ഒരുക്കിയത്. മൂന്ന് കിലോമീറ്റർ ഭാഗത്ത് നേരത്തെ വനംവകുപ്പ് പണിത ആനവേലിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.