ശ്രീകണ്ഠപുരം: പയ്യാവൂർ -ഉളിക്കൽ മലയോര ഹൈവേയിൽ മുണ്ടാനൂർ എസ്റ്റേറ്റിന് സമീപം ഭൂമി പിളർന്ന് റോഡ് രണ്ടായിട്ടും ഭിത്തി കെട്ടി ഹൈവേ പൂർവസ്ഥിതിയിലാക്കുന്നത് വൈകുന്നു. റോഡ് പിളർന്ന് വൻ അപകടക്കെണിയായതിനാൽ ഗതാഗതം പൊലീസ് തടഞ്ഞിരിക്കുകയാണ്.
റോഡ് ബലപ്പെടുത്തി പഴയ സ്ഥിതിയാക്കാതെ ഗതാഗതം അനുവദിക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും അപകടക്കെണിയറിയാതെ നിരവധി ചെറുവാഹനങ്ങൾ ഇതുവഴി അരികു ചേർന്ന് രാത്രി കാലങ്ങളിലടക്കം പോകുന്നുണ്ട്. മീറ്ററുകളോളം നീളത്തിൽ റോഡ് പിളർന്ന് പുഴഭാഗത്തേക്ക് തെന്നിമാറിയ കാഴ്ച ഭീതിയുളവാക്കുന്നതാണ്.
കഴിഞ്ഞ മൂന്നുവർഷത്തോളമായി കാലവർഷം കനക്കുമ്പോൾ ഇവിടെ റോഡ് തകരുന്നതും പുഴയോരം ഇടിയുന്നതും പതിവാണ്. മലവെള്ളപ്പാച്ചിലിൽ മലയോര ഹൈവേയിൽ മുണ്ടാനൂരിനും തോണിക്കടവിനും ഇടയിലാണ് പുഴ റോഡിനെ കവരുന്നത്. എന്നിട്ടും അധികൃതർ ഈ ഭാഗം ശാസ്ത്രീയമായി ബലപ്പെടുത്താൻ തയാറായിട്ടില്ല. ഇനിയും ഇടിഞ്ഞാൽ റോഡിന് സമീപത്തെ വൈദ്യുതി തൂണും ബസ് ഷെൽട്ടറും ഏത് നിമിഷവും അപ്രത്യക്ഷമായേക്കുമെന്ന അവസ്ഥയുണ്ട്.
അപകടത്തെ തുടർന്ന് പയ്യാവൂർ ഭാഗത്തുനിന്നും ഉളിക്കൽ -ഇരിട്ടി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ മുഴുവൻ ചമതച്ചാൽ -വാതിൽമട -മുണ്ടാനൂർ വഴിയാണ് തിരിച്ചുവിട്ടത്. എതിർഭാഗത്തുനിന്നുള്ള വാഹനങ്ങളും ഇതുവഴി പോകണം. റോഡിന് വീതി കുറവും വളവും ഉള്ളതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി പോകാനാവില്ല. വേഗത്തിൽ പണി നടത്തി മലയോര ഹൈവേയിൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. മഴ കുറഞ്ഞയുടൻ പണി നടത്തി റോഡ് പൂർവസ്ഥിതിയിലാക്കുമെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.