ശ്രീകണ്ഠപുരം: പീപ്ൾസ് ഫൗണ്ടേഷന്റെ ഇരുപത്തി ഒന്നാമത് ഭവനപദ്ധതി ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നാടിന് സമർപ്പിച്ചു. എല്ലാവരെയും സഹായിക്കണമെന്ന നല്ല ചിന്തയാണ് പീപ്ൾസ് ഫൗണ്ടേഷനെ ഇത്തരം പ്രവൃത്തി നടത്താൻ പ്രേരിപ്പിച്ചതെന്നും നമ്മൾ ജീവിച്ചിരുന്നതിന്റെ തെളിവ് അവശേഷിക്കുന്നത് നാം എന്ത് ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. 11 വീടുകളാണ് ശ്രീകണ്ഠപുരം കംബ്ലാരിയിൽ സമർപ്പിക്കപ്പെട്ട പീപ്ൾസ് വില്ലേജിലുള്ളത്. പ്രളയ കെടുതിയിൽ വീട് നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങൾക്കും ഭൂരഹിതരായ ആറു കുടുംബങ്ങൾക്കുമാണ് വില്ലേജിൽ വീട് ഒരുക്കിയത്. പ്രളയ കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള വീടിന്റെ താക്കോൽ ദാനം ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബ് റഹ്മാൻ നിർവഹിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന താക്കോൽ ഏറ്റുവാങ്ങി.
ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം സജീവ് ജോസഫ് എം.എൽ.എ നിർവഹിച്ചു. പീപ്ൾസ് പത്രിക ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ നിർവഹിച്ചു. വി.പി. മൊയ്തീൻ ഏറ്റുവാങ്ങി. ഭൂരഹിതർക്കുള്ള വീടിന്റെ താക്കോൽ ദാനം യു.പി. സിദ്ദീഖ് നിർവഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ വി.പി. നസീമ ഏറ്റുവാങ്ങി. വില്ലേജ് ഹരിതവത്കരണ പ്രഖ്യാപനം കൺസിലർ ടി.ആർ. നാരായണൻ നിർവഹിച്ചു. വീടുകളുടെ നിർമാണം നടത്തിയ ഇൻസ്റ്റാ അസോസിയേറ്റ്സ് പ്രതിനിധികളെ പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി ആദരിച്ചു. രണ്ടാംഘട്ട പദ്ധതി പ്രഖ്യാപനം ഡൽഹി ഹ്യൂമൺ വെൽഫെയർ ഫൗണ്ടേഷൻ വൈ. ചെയർമാൻ ടി. ആരിഫലി നിർവഹിച്ചു.
കെ.വി. സുമേഷ് എം.എൽ.എ, പ്രോഗ്രാം കൺവീനർ സി.കെ.എ ജബ്ബാർ, മുസ്ലിം ലീഗ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് പി.ടി.എ. കോയ, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ, കെ.എൻ.എം ശ്രീകണ്ഠപുരം ഘടകം പ്രസിഡന്റ് എം.പി. കുഞ്ഞി മൊയ്തീൻ, സ്വാമി കൃഷ്ണാനന്ദ ഭാരതി, പി.ടി.പി സാജിദ, സക്കീർ ഹുസൈൻ, സൽമാനുൽ ഫാരിസി എന്നിവർ സംസാരിച്ചു. പി.കെ. മുഹമ്മദ് സാജിദ് നദ്വി സ്വാഗതവും എം. ജലാൽ ഖാൻ നന്ദിയും പറഞ്ഞു.
ശ്രീകണ്ഠപുരം: വീടില്ലാത്തതിന്റെ സങ്കടം ഉള്ളിലൊതുക്കിയവർ ശനിയാഴ്ച അതിരുകവിഞ്ഞ ആഹ്ലാദത്തിലാണ്. ആകാശം നോക്കി നിരാശ പൂണ്ട് അന്തിയുറങ്ങിയവർക്ക് ഇന്ന് നന്മ മനസ്സുകളുടെ കനിവിൽ പീപ്ൾസ് വില്ലേജിൽ വീട് ലഭിച്ചിരിക്കുന്നു. ഇനി സമാധാനത്തോടെ കിടന്നുറങ്ങാവുന്ന സ്വപ്നക്കൂട് ലഭിച്ചതിന്റെ സന്തോഷം 11 കുടുംബങ്ങളും തുറന്നു പറയുന്നു.
ഈ വീടൊരുക്കിയവർക്ക് പ്രാർഥനയും നന്ദിയും പറഞ്ഞാൽ തീരാത്ത വാക്കുകളിൽ അവർ പ്രകടിപ്പിക്കുമ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച നല്ല മനസ്സുകൾ ആരുംതിരിച്ചറിയാതെ അവിടെയുണ്ടായിരുന്നു. ഒരുവ്യക്തി ദാനമായി നൽകിയ ഒരേക്കർ ഭൂമിയിലാണ് കംബ്ലാരിയിൽ പീപ്ൾസ് വില്ലേജ് ഒരുക്കിയത്. 2020 സെപ്റ്റംബർ 10ന് കോവിഡ് ഒന്നാം തരംഗവേളയിൽ കെ. സുധാകരൻ എം.പിയാണ് ശിലാസ്ഥാപനം നടത്തിയത്.
കോവിഡ് പ്രതിസന്ധിക്കിടയിലും നിർമാണം തുടങ്ങി 16 മാസത്തിനകം 11 വീടുകളും സമ്പൂർണമായി പൂർത്തീകരിച്ചു. നാല് സെൻറ് ഭൂമിയിൽ രണ്ട് കിടപ്പുമുറികളും അടുക്കളയും മറ്റും ഉൾപ്പെടെ 550 സ്ക്വയർഫീറ്റ് ഭവനങ്ങളാണ് ഓരോരുത്തർക്കും ഉദാരമനസ്ക്കരുടെ കനിവിൽ ഒരുക്കിയത്.
എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയവർക്ക് സമാധാനത്തോടെ കിടന്നുറങ്ങാനായി വീടുകളൊരുക്കിയവരെ നാടാകെ നമിക്കുകയായിരുന്നു. ഇനി രണ്ടാം ഘട്ട നിർമാണവും ഉടൻ ഇവിടെ തുടങ്ങുകയാണെന്ന പ്രഖ്യാപനം കൂടി വന്നതോടെ പീപ്ൾസ് വില്ലേജിൽ കരഘോഷമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.