ശ്രീകണ്ഠപുരം: സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച അഞ്ചുകോടി രൂപ ചെലവിൽ നടപ്പാക്കുന്ന നഗരസൗന്ദര്യവത്കരണ പ്രവൃത്തി പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കോട്ടൂർ ഐ.ടി.ഐ ബസ് സ്റ്റോപ്പ് മുതൽ ചെങ്ങളായി ഭാഗത്തേക്ക് കക്കറക്കുന്ന് വരെയും പയ്യാവൂർ ഭാഗത്തേക്ക് ഓടത്തുപാലം വരെയും ഓവുചാൽ സംവിധാനവും ടൈൽ, ഇന്റർലോക്ക് എന്നിവ വിരിച്ച നടപ്പാതയും കൈവരിയും ഒരുക്കി. ഇവ പെയിന്റടിക്കുന്ന ജോലി പുരോഗമിക്കുകയാണ്.
ടേക്ക് എ ബ്രേക്ക് കെട്ടിടത്തോട് ചേർന്നുള്ള പൊതുമരാമത്ത് ഭൂമിയിലെ ഓപൺ സ്റ്റേജിന്റെ നിർമാണം പൂർത്തിയായി. ഇതിനോട് ചേർന്നുള്ള ഭാഗത്ത് കൈവരിയും ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്.
2022 ഡിസംബർ 21ന് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഇന്റർലോക്ക് വിരിച്ച നടപ്പാത, സായാഹ്നങ്ങളിൽ വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, രാത്രിയാത്രക്കാർക്കായി പാതയോരത്ത് തെരുവുവിളക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. തണൽമരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങളും നിർമിക്കുന്നുണ്ട്. കാഴ്ചക്കാരെ ആകർഷിക്കുന്നതിനൊപ്പം വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി.
പാലക്കയംതട്ട്, പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങി മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കൂടുതൽ പേരും ഇത് വഴിയാണ് കടന്ന് പോകുന്നത്. മലയോരത്തിന്റെ ടൂറിസം ഹബ്ബായി ശ്രീകണ്ഠപുരത്തെ വളർത്താനാണ് ലക്ഷ്യം. കോടിക്കണ്ടി ഗ്രൂപ്പിനാണ് നിർമാണച്ചുമതല.
സുരക്ഷിതമായ രാത്രി യാത്രക്കും നഗരത്തെ കൂടുതൽ മനോഹരമാക്കാനും 50 ലക്ഷം രൂപ ചെലവിൽ നടപ്പാതയോട് ചേർന്നു മനോഹരമായ തെരുവു വിളക്കുകളും സ്ഥാപിക്കുന്നുണ്ട്. നഗരവികസനം രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. നഗരവികസന പ്രവൃത്തികളുടെ ഭാഗമായി കഴിഞ്ഞ വർഷം ശ്രീകണ്ഠപുരം സെൻട്രൽ ജങ്ഷനിൽ ഗാന്ധി പ്രതിമ സ്ഥാപിച്ച് ഗാന്ധി സ്ക്വയർ എന്ന പേര് നൽകിയിരുന്നു. നഗരസഭയുടെ പ്രത്യേക തീരുമാനപ്രകാരമാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്.
സംസ്ഥാന പാതയിൽ മൂന്ന് ഭാഗത്തേക്ക് വാഹനങ്ങൾ തിരിയുന്ന ഇവിടത്തെ സിഗ്നലിനു നടുവിലായാണ് ഗാന്ധിജിയുടെ പൂർണകായ പ്രതിമ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.