ശ്രീകണ്ഠപുരം: മലയോരപ്രദേശങ്ങളിലും ഭീതിപടർത്തി വീണ്ടും തെരുവുനായ്ക്കൾ. ഉൾഗ്രാമങ്ങളിലെല്ലാം വഴിയോരങ്ങൾ നായ്ക്കൾ കൈയടക്കിയതോടെ ജനങ്ങൾ ഭീതിയിലാണുള്ളത്. വിദ്യാർഥികളും പത്രവിതരണക്കാരും രാവിലെ നടക്കാനിറങ്ങുന്നവരുമെല്ലാം നായ്ക്കളുടെ ആക്രമണത്തിനിരയാവുന്നുണ്ട്. മുഴപ്പിലങ്ങാട് സംഭവത്തിനു ശേഷവും അധികൃതർ കാര്യം ഗൗരവമായി എടുക്കാത്തതിനാലാണ് നഗര, ഗ്രാമവഴികളെല്ലാം നായ്ക്കൾ കൈയടക്കുന്നത്.
ശ്രീകണ്ഠപുരം, ചെങ്ങളായി, പയ്യാവൂർ, ഏരുവേശി, ഇരിക്കൂർ, ഉളിക്കൽ, നടുവിൽ, ആലക്കോട് മേഖലകളിലെല്ലാം നായ് ശല്യം വർധിച്ചിട്ടുണ്ട്. തെരുവുനായ്ക്കളായതിനാൽ പേയിളകിയവയും കൂട്ടത്തിലുണ്ടോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങളിലും ഇറച്ചി മാർക്കറ്റ് പരിസരങ്ങളിലുമാണ് നേരത്തെ നായ്ക്കൾ തമ്പടിച്ച് കടിപിടികൂടിയിരുന്നത്.
എന്നാൽ, നിലവിൽ ബസ് സ്റ്റാൻഡിലും വഴിയോരങ്ങളിലും സ്കൂൾ, പള്ളി, മദ്റസ പരിസരങ്ങളിലുമെല്ലാം നായ്ക്കൾ കൂട്ടത്തോടെ എത്തുന്നുണ്ട്. കുട്ടികളെയും സ്ത്രീകളെയും ഓടിക്കുന്നതും പതിവാണ്. ബൈക്ക് യാത്രികരെ പിന്തുടർന്ന് ചാടി കടിക്കാൻ ശ്രമിക്കുന്നതും കുറുകെ ഓടി അപകടം വരുത്തുന്നതും പതിവാണ്.
ചിലയിടങ്ങളിൽ വീടുകളിൽ കയറുന്നതും വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ ശ്രമിക്കുന്നതും നിത്യസംഭവമാണ്. ആളൊഴിഞ്ഞ പ്രദേശങ്ങളിലെ റോഡുകളിലും മറ്റും രാത്രികാലങ്ങളിൽ നായ്ക്കളും കുറുക്കൻമാരും കടിപിടികൂടി ഭീതി സൃഷ്ടിക്കുന്നുണ്ട്.
നായ്ക്കൾ ആളുകൾക്ക് ഭീതി സൃഷ്ടിച്ചിട്ടും നടപടിയെടുക്കേണ്ടവർ ഇപ്പോഴും അലസത കാട്ടുകയാണ്. ഊരത്തൂരിൽ നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്നുണ്ടെങ്കിലും പ്രവർത്തനം മന്ദഗതിയിലാണെന്ന ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.