ശ്രീകണ്ഠപുരം: പകലും രാവും കത്തുമ്പോൾ കൊടുംചൂടിൽ വാടിത്തളർന്ന് തൊഴിലാളികൾ. വേനലിന്റെ കാഠിന്യം നേരത്തെയെത്തിയതിനാൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ തൊഴിലാളികളാണ് കഷ്ടതയിലേക്ക് നീങ്ങിയത്. പൊരിവെയിലത്തും ആവശ്യത്തിന് കുടിവെള്ളം പോലും കിട്ടാതെ പണിയെടുക്കുകയാണ് ഇവർ.
ഇവിടുത്തെയും അതിഥികളായെത്തിയവരുമായ പതിനായിരക്കണക്കിന് തൊഴിലാളികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെങ്കൽ-കരിങ്കൽ ക്വാറികളിലും കെട്ടിട നിർമാണമേഖലയിലും വയലുകളിലും റോഡ് ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തികളിലും ഏർപ്പെടുന്നത്.
നെൽക്കതിർ കൊയ്യാനും നിലമുഴുതുമറിക്കാനും ഉൾപ്പെടെ വയലിലിറങ്ങുന്ന തൊഴിലാളികൾ പൊരിവെയിലിൽ ഏറെ ദുരിതമാണനുഭവിക്കുന്നത്.
ചെങ്കൽ-കരിങ്കൽ ക്വാറി മേഖലകളിൽ കൊടുംചൂടിനെ നേരിട്ട് ശുദ്ധമായ കുടിവെള്ളം പോലും ലഭിക്കാതെ പണിയെടുക്കുന്നവരും നിരവധിയാണ്. പുഴകളിൽനിന്നും മറ്റും ലോറികളിലെ ടാങ്കുകളിൽ വെള്ളം നിറച്ചെത്തിച്ചാണ് പല ചെങ്കൽ പണകളിലും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.
പ്രധാന ചെങ്കൽ മേഖലകളായ കുറുമാത്തൂർ, ചെങ്ങളായി എടക്കുളം, മൊയാലംതട്ട്, കൊളത്തൂർ, ശ്രീകണ്ഠപുരം ചേപ്പറമ്പ്, ഏരുവേശ്ശി, അരീക്കാമല, പയ്യാവൂർ, കുന്നത്തൂർ, ആനയടി, കല്യാട്, ഊരത്തൂർ, ബ്ലാത്തൂർ, മട്ടന്നൂർ, വെള്ളിയാംപറമ്പ്, കാങ്കോൽ, ചെറുപുഴ, പെരിങ്ങോം തുടങ്ങിയ പ്രദേശങ്ങളിലടക്കം വേനൽചൂടിൽ തൊഴിലാളികൾ പാടുപെടുകയാണ്.
ചെങ്കൽ പണകളിൽ യന്ത്രം നിയന്ത്രിച്ച് കല്ല് മുറിക്കുന്നവരും കല്ല് കൊത്തിയെടുക്കുന്ന തൊഴിലാളികളും ദുരിതക്കയത്തിലാണ്. കൊടുംചൂടാണ് ഇവർ നേരിടുന്നത്. നട്ടുച്ചയിലും തൊഴിലാളികൾക്ക് വിശ്രമമില്ല. ഉച്ചഭക്ഷണത്തിന് നാമമാത്ര സമയമാണ് കിട്ടുന്നത്. സൂര്യാഘാതമുൾപ്പെടെയുള്ള പ്രശ്നങ്ങൾ മുൻകാലങ്ങളിൽ വ്യാപകമായിരുന്നു.
അതിനാൽ തൊഴിലാളികൾക്ക് പകൽ ഉച്ച മുതൽ മൂന്ന് മണിക്കൂറെങ്കിലും വിശ്രമം നൽകാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, തൊഴിലിടങ്ങളിൽ എവിടെയും ഇത് നടപ്പാക്കിയിട്ടില്ല. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ചൂട് പരിഗണിച്ചുള്ള വിശ്രമം ലഭിക്കുന്നുണ്ട്. വേനലിൽ ഉണ്ടാകുന്ന കാട്ടുതീ പലപ്പോഴും ഭീഷിയാകുന്നു. അഗ്നിരക്ഷനിലയം ഇല്ലാത്ത ശ്രീകണ്ഠപുരം ഉൾപ്പെടുന്ന മലയോരങ്ങളിലാണ് തൊഴിലാളികൾ തീയണക്കാൻ നെട്ടോട്ടമോടേണ്ടി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.