ശ്രീകണ്ഠപുരം: ഞെട്ടലും ഭീതിയും മനസ്സിൽനിന്ന് മായാത്ത ദിനം. എല്ലാം അപ്രതീക്ഷിതം. സംഗീതനിശ കാത്തിരുന്നിടം ഒരു നിമിഷം കൊണ്ട് ദുരന്ത വേദിയാവുകയായിരുന്നു... ഇത് പറയുന്നത് കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) കാമ്പസിൽനിന്ന് വീട്ടിലേക്കെത്തിയ ചെങ്ങളായി നിടുവാലൂരിലെ പ്രകാശൻ - പ്രീത ദമ്പതിമാരുടെ മകൻ പി.പി. നവനീതിന്റെ വാക്കുകൾ.
മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ നവനീതും കൂട്ടുകാരുമെല്ലാം പരിപാടിയുടെ സംഘാടകരായിരുന്നു. കളി ചിരിയും ആഘോഷവുമായി അവരെല്ലാം വലിയ ഹാളിൽ പരിപാടിക്കായി ഒത്തുകൂടുമ്പോഴായിരുന്നു ആ ദുരന്തം വന്നെത്തിയത്.
പെട്ടെന്ന് ചിരിയുടഞ്ഞു. ന്യൂ ജെൻ പ്രതീക്ഷയിൽ വിരിയുന്ന പരിപാടി വേറിട്ടതാക്കാൻ ഓരോ വിദ്യാർഥിയും അഹോരാത്രം പണിപ്പെട്ടിരുന്നു. എന്നാൽ സന്തോഷ ദിനത്തിൻ വന്നണഞ്ഞതാവട്ടെ ദുരന്തവും. മൂന്ന് കൂട്ടുകാരും പുറമെ നിന്നുള്ള ഒരാളും ഉൾപ്പെടെ നാലു ജീവനുകൾ പൊലിഞ്ഞു. നിരവധി പേർ ഇപ്പോഴും ആശുപത്രിയിൽ. എങ്ങനെ സഹിക്കുമെന്ന് സഹപാഠികൾ.
ദിവസങ്ങൾ കഴിയുമ്പോഴും രാവും പകലുമെല്ലാം സങ്കടക്കടലിരമ്പമായി മനസിലുണ്ടെന്ന് നവനീത് പറയുന്നു. അന്ന് വൈകീട്ട് 5.30 മുതൽ 6.30 വരെയാണ് പ്രത്യേകം ടീ ഷർട്ട് അണിഞ്ഞ വിദ്യാർഥികൾക്ക് പ്രവേശനം നൽകിയത്. പലരും കയറിയതോടെ മറ്റ് വിദ്യാർഥികളും പുറമെയുള്ള ചിലരും കയറാൻ തുടങ്ങി.
പിന്നിൽ നിന്ന് തള്ളിക്കയറുന്നതിനിടെ മുന്നിലുണ്ടായിരുന്ന വിദ്യാർഥികൾ പടിയിൽനിന്ന് താഴേക്ക് വീണു. മേൽക്കുമേൽ പലരും നിലംപതിച്ചതോടെ വലിയ ദുരന്തമായി മാറി. നിലവിളി കേട്ടതോടെ പ്രവേശന കവാടത്തിനു സമീപത്തുണ്ടായിരുന്ന താനും മറ്റ് കൂട്ടുകാരും ചേർന്ന് ഓടിയെത്തിയാണ് വീണു കിടന്നവരെ ആശുപത്രിയിലേക്കെത്തിച്ചതെന്ന് നവനീത് പറഞ്ഞു.
പൊലീസും അവിടെ കുതിച്ചെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. നാലു ജീവൻ തൽക്ഷണം പൊലിഞ്ഞത് ചിന്തിക്കാൻ കൂടിയാവുന്നില്ല.
ഇതിലും വലിയ ഒട്ടേറെ പരിപാടികൾ ഇതിനു മുമ്പ് ഇതേ ഹാളിൽ നടന്നിട്ടുണ്ട്. അന്നൊന്നും ഇല്ലാതിരുന്ന ദുരന്തം കാമ്പസിന് താങ്ങാവുന്നതല്ല. ഇത്രയും ദിനം അവധിയായിരുന്നു. ബുധനാഴ്ച തിരികെ ക്ലാസിലേക്ക് പോകും. മൗനസങ്കടത്തോടെ അവർ ക്ലാസിലേക്ക് കയറും. പ്രിയപ്പെട്ട കൂട്ടുകാരില്ലാതെ. അവരുടെ ഓർമയിൽ വിങ്ങലോടെ ഇനി വീണ്ടും പഠനത്തിലേക്ക് അവരെല്ലാം മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.