ശ്രീകണ്ഠപുരം: കഴിഞ്ഞ വർഷത്തെ വേനൽക്കാലത്ത് ശ്രീകണ്ഠപുരം, ആലക്കോട്, നടുവിൽ ഭാഗങ്ങളിൽ 40ഓളം സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായി. മഴക്കാല ദുരന്തങ്ങൾ വേറെയും. എന്നാൽ, ഇത്തരം ദുരന്തങ്ങളുണ്ടായാൽ നേരിടേണ്ട അഗ്നിരക്ഷസേനക്ക് മലയോര പഞ്ചായത്തുകൾ ചേർന്നുള്ള ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ശ്രീകണ്ഠപുരം കേന്ദ്രമായി കാര്യാലയം വേണമെന്ന ആവശ്യം യാഥാർഥ്യമായില്ല. മലയോരത്തെ ഉൾഗ്രാമങ്ങളിൽ അപകടമുണ്ടാകുമ്പോൾ ഓടിയെത്താനാകാതെ വലയുകയാണ് അഗ്നിരക്ഷസേന.
മലയോര മേഖലയിൽ വിവിധ സ്ഥലങ്ങളിൽ തീപിടിത്തം വ്യാപകമാണ്. കഴിഞ്ഞയാഴ്ച ചുണ്ടപ്പറമ്പ് അഞ്ചാംമൈലിൽ റബർഷീറ്റ് ഉണക്കാൻ ഉപയോഗിച്ചിരുന്ന ചേരംമൂട്ടിൽ ഷൈനോയുടെ പഴയവീടിന് തീപിടിച്ചിരുന്നു. ഏറെ സമയത്തിന് ശേഷം ഇരിട്ടിയിൽനിന്ന് അഗ്നിരക്ഷസേന എത്തിയാണ് തീയണച്ചത്. പലപ്പോഴും മലയോര മേഖലകളിലെ തീപിടിത്തവും മറ്റപകടങ്ങളും നടക്കുമ്പോൾ കൃത്യസമയത്ത് എത്താൻ അഗ്നിരക്ഷസേനക്ക് സാധിക്കാറില്ല.
ഉൾഗ്രാമങ്ങളിൽ പ്രകൃതിദുരന്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ ഏറെ ദൂരെയുള്ള തളിപ്പറമ്പ്, മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷസേന എത്തണമെങ്കിൽ സമയമെടുക്കും. ദുരന്തങ്ങൾ കഴിഞ്ഞശേഷമാണ് പലപ്പോഴും അഗ്നിരക്ഷസേനക്ക് അതിർത്തി ഗ്രാമങ്ങളിലെത്താൻ കഴിയാറുള്ളത്.
ജില്ലയിൽ 2019, 2020 വർഷങ്ങളിലുണ്ടായ പ്രളയം കൂടുതൽ ബാധിച്ചത് ശ്രീകണ്ഠപുരം മേഖലയെയാണ്. ഏരുവേശ്ശി, പയ്യാവൂർ, ആലക്കോട്, നടുവിൽ, ഉദയഗിരി പഞ്ചായത്തുകളിൽ കഴിഞ്ഞവർഷങ്ങളിൽ 22 സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. മഴകനത്താൽ ഈ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും ചെങ്ങളായി, ശ്രീകണ്ഠപുരം മേഖലയിലും വെള്ളം കയറുന്നത് പതിവാണ്.
വേനൽക്കാലത്ത് പൈതൽമലയിലും പാലക്കയംതട്ടിലും കാഞ്ഞിരക്കൊല്ലിയിലും കാക്കണ്ണൻപാറയിലും മലയോരത്തെ മറ്റ് ഗ്രാമങ്ങളിലും കാട്ടുതീയും ഉണ്ടാകാറുണ്ട്. ചെങ്ങളായി, പയ്യാവുർ, ശ്രീകണ്ഠപുരം, പൊടിക്കളം പുഴകളിൽ അഞ്ചുവർഷത്തിനിടെ വിദ്യാർഥികളടക്കം 20ഓളം പേർ മുങ്ങിമരിച്ചിരുന്നു. കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. തക്കസമയത്ത് അഗ്നിരക്ഷസേനയുടെ സേവനം കിട്ടിയിരുന്നെങ്കിൽ ഇത്തരം ദുരന്തങ്ങളിൽ ചില ജീവനുകളെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നു.
ഇരിക്കൂർ മണ്ഡലത്തിന്റെ കേന്ദ്രമെന്ന നിലയിൽ ശ്രീകണ്ഠപുരത്ത് അഗ്നിരക്ഷനിലയം സ്ഥാപിക്കുമെന്ന് യു.ഡി.എഫ്-എൽ.ഡി.എഫ് സർക്കാറുകൾ ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപനമിറക്കിയിട്ടും തുടർനടപടികളില്ല. ശ്രീകണ്ഠപുരം കൊട്ടൂർവയലിലെ നഗരസഭയുടെ സ്ഥലമോ കക്കണ്ണൻപാറ കലാഗ്രാമത്തിനോട് ചേർന്നുള്ള സർക്കാർ ഭൂമിയോ അഗ്നിരക്ഷനിലയം സ്ഥാപിക്കാൻ അനുയോജ്യമാണ്.
മലയോരത്തെ ദുരന്തസാധ്യത മേഖലകൾ കേന്ദ്രീകരിച്ച് സിവിൽ ഡിഫൻസ് അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള മിനി ഫയർസ്റ്റേഷൻ മാതൃകയിലുള്ള ഫയർ ഔട്ട് പോസ്റ്റുകൾ തുടങ്ങിയും അപകടങ്ങളുടെ തീവ്രത കുറക്കാനാകും. തീപിടിത്തവും ഉരുൾപൊട്ടലും പ്രളയവും മുങ്ങി മരണങ്ങളും മറ്റ് ദുരന്തങ്ങളും തനിയാവർത്തനമായ മലയോരത്ത് ഇനിയെങ്കിലും വൈകാതെ ശ്രീകണ്ഠപുരം കേന്ദ്രമായി അഗ്നിരക്ഷനിലയം സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വേനൽ കടുക്കുന്നതോടെ കാട്ടുതീയെന്ന പേരിലും തീപിടിത്തം വ്യാപകമാവും. പുകവലിക്കാർ വലിച്ചെറിയുന്ന ബീഡികളിൽ നിന്ന് തീപടരാറുണ്ട്.
ചിലയിടങ്ങളിൽ സാമൂഹികവിരുദ്ധർ തീയിട്ട് മുങ്ങുന്ന സ്ഥിതിയുമുണ്ട്. കാട്ടുതീയെന്ന് പ്രചരിപ്പിക്കുന്നവർ ദുരന്തഭീകരതയോ നഷ്ടക്കണക്കോ അന്വേഷിക്കാറില്ല. കഴിഞ്ഞവർഷം കുറുമാത്തൂർ വെള്ളാരംപാറയിൽ പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്ന സ്ഥലം വരെ തീപടർന്ന് വലിയ നഷ്ടമാണുണ്ടായത്.
കേസിലുൾപ്പെട്ട നിരവധി വാഹനങ്ങളാണ് കത്തിയമർന്നത്. പൈതൽമലയിലും മറ്റും തീപിടിത്തത്തിൽ വന്യജീവികളും അത്യപൂർവ ഔഷധച്ചെടികളുമെല്ലാം വെന്തുരുകിയ കാഴ്ച മുൻ വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്. മലയോര മേഖലകളിൽ സീസൺ തുടങ്ങാനിരിക്കെ കശുമാവുതോട്ടങ്ങൾക്കും തീ വലിയ ഭീഷണിയാണ്. മുൻ കാലങ്ങളിൽ ഇവിടെ റബർ തോട്ടങ്ങളും നിരവധി കത്തിനശിച്ചിരുന്നു. ഒട്ടേറെ സംഭവങ്ങൾ ആവർത്തിക്കുമ്പോഴും അധികൃതർ കെടുകാര്യസ്ഥത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.