ശ്രീകണ്ഠപുരം: റോഡ് നിർമാണത്തിലെ ക്രമക്കേടിന് ഇരയായി യുവാവിന് ബൈക്കപകടത്തിൽ ഗുരുതര പരിക്ക്. ഒരുവർഷം മുമ്പ് മലപ്പട്ടം-കണിയാർവയൽ റോഡ് മെക്കാഡം ടാറിങ്ങിനിടെ രൂപപ്പെട്ട കുഴിക്ക് മുന്നിൽവെച്ച ഇരുമ്പ് ഡിവൈഡറിൽ ബൈക്ക് തട്ടിയാണ് അഡുവാപ്പുറത്തെ പി. രാജേഷിന് സാരമായി പരിക്കേറ്റത്.
കണ്ണൂർ കൃഷ്ണ ജ്വല്ലറി സെയിൽസ്മാനായ രാജേഷ് കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബൈക്ക് ഡിവൈഡറിൽ തട്ടി റോഡിൽ തെറിച്ചുവീഴുകയായിരുന്നു.
ദീർഘനേരം റോഡിൽ കിടന്ന രാജേഷിനെ വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. കാലിെൻറ എല്ല് പൊട്ടിയിട്ടുണ്ട്.
32 കോടി രൂപ മുടക്കി മെക്കാഡം ടാറിങ് നടത്തി മലപ്പട്ടം- കണിയാർവയൽ-അഡുവാപ്പുറം-പാവന്നൂർമൊട്ട റോഡിലെ കണിയാർവയൽ കയറ്റത്തിൽ പ്രവൃത്തി കഴിഞ്ഞ പിറ്റേ ദിവസം തന്നെ കുഴി രൂപപ്പെട്ടിരുന്നു. ഉടൻതന്നെ ഇതിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടുകയും ഇരുമ്പുകൊണ്ട് നിർമിച്ച ഡിവൈഡർ സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ, വർഷം ഒന്നുകഴിഞ്ഞിട്ടും ഡിവൈഡറുകൾ മാറ്റാനോ കുഴിയടക്കാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ കരാറുകാരനോ തയാറായില്ല. കഴിഞ്ഞദിവസം ഇതേസ്ഥലത്ത് അപകടം നടന്നതോടെ പ്രതിഷേധത്തിലാണ് നാട്ടുകാർ.
2018ൽ ആരംഭിച്ച റോഡ് പണിയിൽ ക്രമക്കേടുണ്ടെന്ന് തുടക്കം മുതൽതന്നെ നാട്ടുകാർ ആരോപണമുന്നയിച്ചിരുന്നു. നിർമാണം തുടങ്ങി മൂന്നു വർഷമായിട്ടും ഇപ്പോഴും റോഡ് പണി ഇഴഞ്ഞുനീങ്ങുകയാണ്. കരാറുകാരെൻറയും ഉദ്യോഗസ്ഥരുടെയും അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.