ശ്രീകണ്ഠപുരം: നാലുഭാഗവും പുഴകവരുമ്പോൾ ഭീതിയിലാണ് തേർളായി നിവാസികൾ. വളപട്ടണം പുഴയാൽ നാലു ഭാഗവും ചുറ്റപ്പെട്ട തേർളായി ദ്വീപിന്റെ വിസ്തൃതി ദിനംപ്രതി കുറഞ്ഞുവരികയാണ്. ജില്ലയിലെ ആൾത്താമസമുള്ള തുരുത്തുകളിൽ ഒന്നായ ഇവിടം കരയിടിച്ചിലിന്റെയും വെള്ളപ്പൊക്കത്തിന്റെയും ഭീതിയിലാണ്. കരയിടിച്ചൽ രൂക്ഷമായ ഭാഗങ്ങളെല്ലാം സംരക്ഷണഭിത്തി കെട്ടിയില്ലെങ്കിൽ വൈകാതെ ദ്വീപിനെയും വളപട്ടണം പുഴ കവരും. സംരക്ഷണഭിത്തി ഒരുക്കാത്ത ദ്വീപിന്റെ ഭാഗങ്ങളിലാണ് കരയിടിയുന്നത്. ഇവിടുത്തെ മണ്ണും തെങ്ങും മറ്റു മരങ്ങളുമെല്ലാം പുഴയെടുത്തു കൊണ്ടിരിക്കയാണ്. വീടുകളും ഭീഷണിയിലാണ്.
ചെങ്ങളായി പഞ്ചായത്തിലെ 198 ഏക്കർ വിസ്തൃതി മാത്രമുള്ള ദ്വീപിൽ 130 കുടുബാംഗങ്ങളാണ് താമസിക്കുന്നത്. 2005ൽ തേർത്തല ഭാഗത്തു നിന്ന് തേർളായി ദ്വീപിലേക്ക് പാലം വന്നതോടെ തോണിയാത്ര മൂന്ന് ഭാഗത്തു മാത്രമായി. നിലവിൽ മയ്യിൽ കണ്ടക്കൈ ഭാഗത്തും കുറുമാത്തൂരിലും പെരിന്തലേരി ബോട്ടുകടവ് ഭാഗത്തും എത്തേണ്ടവർ തോണിയാണ് ആശ്രയിക്കുന്നത്. 2019ലെ പ്രളയത്തിൽ ദ്വീപ് രണ്ട് ദിവസത്തോളം വെള്ളത്തിലായിരുന്നു. കരയിടിച്ചിലിനെ തുടർന്ന് നേരത്തെ ദ്വീപിന്റെ കുറുമാത്തൂർ ഭാഗത്ത് പുൾക്കാടി കടവ് മുതൽ ചിറമ്മൽ കടവ് വരെ 220 മീറ്റർ നീളത്തിൽ കരഭിത്തി നിർമിച്ചു. പുഴ സംരക്ഷണ പദ്ധതിയിൽ അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് അന്ന് ഇവിടെ ഭിത്തി നിർമിച്ചത്.
പിന്നീട് കെ.സി. ജോസഫ് എം.എൽ.എ ഇടപെട്ട് സംരക്ഷണ ഭിത്തി കെട്ടാനായി ജലസേചന വകുപ്പിൽ നിന്ന് 1.20 കോടി രൂപ ലഭ്യമാക്കിയിരുന്നു. ഈ തുക ഉപയോഗിച്ച് പാലംകടവ് മുതൽ മൊയ്തീൻ പള്ളി കടവ് വരെയും മാധവി കടവ് ഭാഗത്തും സംരക്ഷണ ഭിത്തി ഒരുക്കി. ഇനി മോലത്തുംകടവ്, കുനിമ്മൽ കടവ്, ഓട്ടുവളപ്പ് കടവ് ഉൾപ്പെടെ കരിയിടിച്ചൽ രൂക്ഷമായ ഒരു കിലോമീറ്റർ വരുന്ന അഞ്ച് ഭാഗങ്ങളിൽ കൂടി സംരക്ഷണ ഭിത്തി ഒരുക്കേണ്ടതുണ്ട്.
കരയിടിഞ്ഞ ഭാഗങ്ങളിൽ ഭിത്തി നിർമിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സജീവ് ജോസഫ് എം.എൽ.എക്കും ചെങ്ങളായി പഞ്ചായത്തംഗം മൂസാൻ കുട്ടി തേർളായി നിവേദനം നൽകിയിരുന്നു. തുടർന്ന് 4.5 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി. എന്നാൽ, ഇതുവരെ ഭരണാനുമതിക്കായി സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഫണ്ടില്ലാത്തതിനാൽ തത്കാലം മാറ്റിവെച്ചിട്ടുണ്ടെന്ന മറുപടിയാണ് കിട്ടിയത്. കരയിടിച്ചൽ രൂക്ഷമായ സാഹചര്യത്തിൽ സംരക്ഷണഭിത്തി കെട്ടാൻ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
കൊടുംവേനലിലും പരന്നൊഴുകുന്ന പുഴയുടെ സാമീപ്യമുള്ളതിനാൽ ടൂറിസം വികസനത്തിനും സാധ്യതയുള്ള പ്രദേശമാണിത്.പുഴയോരങ്ങൾ സംരക്ഷിക്കാനായി ചെങ്ങളായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിപ്പായി മുതൽ തേർളായി വരെയുള്ള വളപട്ടണം പുഴയുടെ തീരത്ത് പുഴയോരടൂറിസം പദ്ധതികൾ ഒരുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. പരിപ്പായി, ചെങ്ങളായി, തവറൂൽ, കൊയ്യം, ബോട്ട് കടവ്, തേർളായി തുടങ്ങിയ സ്ഥലങ്ങളിൽ പഞ്ചായത്ത് പുഴയോര പാർക്കുകൾ നിർമിക്കാനായിരുന്നു പദ്ധതി. ഇതിനായി നേരത്തെ പഞ്ചായത്ത് 10 ലക്ഷം രൂപയും വകയിരുത്തിട്ടുണ്ട്. എന്നാൽ മറ്റ് നടപടികളൊന്നും ഉണ്ടായില്ല. തേർളായിയിൽ പുഴയോരത്തെ സംരക്ഷിക്കുന്നതിനോടൊപ്പം ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.