ശ്രീകണ്ഠപുരം: വേറിട്ട കോഴ്സുകൾ പഠിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളുമായി വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ 12 വിദ്യാർഥികൾ. അഞ്ച് മാസത്തിലധികമായി സജീവ് ജോസഫ് എം.എൽ.എക്കൊപ്പമായിരുന്നു അവർ. പാർലമെൻററി കാര്യങ്ങളെക്കുറിച്ചും നേതൃശേഷിയെക്കുറിച്ചും ജനപ്രതിനിധിയുടെ പ്രവർത്തനങ്ങളെപ്പറ്റിയുമെല്ലാം അവർ പഠിക്കുകയായിരുന്നു.
സജീവ് ജോസഫ് എം.എൽ.എ നടത്തിയ ജനപ്രതിനിധി കോഴ്സിലെ ആദ്യ ബാച്ച് ഇന്റേൺഷിപ്പ് വിദ്യാർഥികളാണ് പഠനം പൂർത്തിയാക്കി സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ശനിയാഴ്ച മടമ്പം പി.കെ.എം കോളജിൽ നടന്ന ബിരുദദാന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ റൂറൽ പൊലീസ് മേധാവി എം. ഹേമലത മുഖ്യാതിഥിയായി.
പാർലമെൻറററി സംവിധാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾ അറിഞ്ഞ് പരിഹാരങ്ങൾ കണ്ടെത്താനും സർക്കാറിന്റെ വിവിധ പദ്ധതികൾ, ഫണ്ടുകൾ, നയരൂപവത്കരണത്തിന്റെ വിവിധ മേഖലകൾ എന്നിവ മനസ്സിലാക്കുന്നതിനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു.
ഇരിക്കൂർ മണ്ഡലത്തിലെ ശ്രീകണ്ഠപുരത്തും ആലക്കോടുമുള്ള എം.എൽ.എയുടെ ഓഫിസുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്റേൺഷിപ്. രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെന്റിലെ പൂർവ വിദ്യാർഥികളുടെ സോഷ്യൽ എൻജിനീയറിങ് കൂട്ടായ്മയായ വൈബ്രന്റ് കമ്മ്യൂണിറ്റി ആക്ഷൻ നെറ്റ് വർക്കാണ് ഇന്റേൺഷിപ് പരിപാടി രൂപകൽപന ചെയത് നടപ്പാക്കിയത്.
വിവിധ ജില്ലകളിൽനിന്നുള്ള ഇരുനൂറോളം അപേക്ഷകളിൽനിന്ന് പരീക്ഷ, അഭിമുഖം, ഗ്രൂപ് ചർച്ച എന്നിവയിലൂടെയാണ് 21 വയസ്സ് കഴിഞ്ഞ 12 പേരെ തിരഞ്ഞെടുത്തത്. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ഇന്റേൺഷിപ് തുടങ്ങിയത്. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്, കോർപറേഷൻ, ജില്ല പഞ്ചായത്ത്, കലക്ടറേറ്റ് എന്നിവ സന്ദർശിക്കുകയും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി സംവദിക്കുകയും ചെയ്തു.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ നടത്തിയ ത്രിദിന ക്യാമ്പിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും വികസന മാതൃകകളും മനസ്സിലാക്കി. 10 ദിവസം നിയമസഭ സന്ദർശിക്കാനും ഗവർണർ, മുഖ്യമന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മന്ത്രിമാർ, എം.എൽ.എമാർ എന്നിവരുമായി ആശയവിനിമയം നടത്താനുമുള്ള അവസരവും ലഭിച്ചു.
ഏറെ അഭിമാനമുണ്ടെന്നും പാർലമെൻററി നടപടിക്രമങ്ങൾ മനസ്സിലാക്കാൻ പലരും എം.എൽ.എമാരെ സമീപിക്കുന്നത് കണ്ടപ്പോഴാണ് ഇത്തരമൊരു ആശയം തോന്നിയതെന്നും തുടർന്നും പരിപാടിയുടെ അടുത്ത ഘട്ടം നടത്തുമെന്നും സജീവ് ജോസഫ് എം.എൽ.എ മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.