ശ്രീകണ്ഠപുരം: ഒാൺലൈൻ പഠനം നടത്താൻ മലമടക്കിലും മരക്കൊമ്പിലും കയറേണ്ട ഗതികേടാണ് ഇവർക്ക്. ഓൺലൈൻ ക്ലാസിൽ പെങ്കടുക്കണമെങ്കിൽ വീടിനു പുറത്തിറങ്ങി കാട്ടിലൂടെ നടക്കണം. മഴക്കാലത്ത് ഈ ഭാഗങ്ങളിൽ നെറ്റ് തപ്പി പോകുന്നത് തന്നെ അപകടമാണ്. എപ്പോൾ വേണമെങ്കിലും തെന്നി വീഴാം. ചില ഭാഗങ്ങളിൽ പാമ്പുകളും ഉണ്ടാവും. മറ്റ് പ്രയാസങ്ങൾ വേറെ. ഇത് മലയോരെത്ത വിദ്യാർഥികളുടെ പൊതുവായ അവസ്ഥയാണ്. നെറ്റ്വർക്ക് ഇല്ലാത്തതുകൊണ്ടും മൊബൈൽ ടവറുകളുടെ പ്രസാരണശേഷി കുറച്ചതുകൊണ്ടും മലയോര കുടിയേറ്റ ഗ്രാമങ്ങളിൽ ഓൺലൈൻ പഠനം നടത്താനാവാതെ നിരവധി വിദ്യാർഥികളാണ് രണ്ടാം വർഷവും ദുരിതക്കയത്തിലായത്.
നടുവിൽ പുല്ലംവനം, ഏരുവേശ്ശി, വലിയ അരീക്കാമല, ചക്കാലക്കവല, പുളിമരംചീത്ത, കക്കുംതടം, പയ്യാവൂർ വഞ്ചിയം, ആടാംപാറ, കാഞ്ഞിരക്കൊല്ലി തുടങ്ങിയ മലയോര ഗ്രാമങ്ങളിലെല്ലാം നെറ്റ്വർക്ക് പ്രശ്നം ഇപ്പോഴും രൂക്ഷമാണ്.
ബി.എസ്.എൻ.എൽ ടവറുകളും നെറ്റ്വർക്കും മാത്രമാണ് ഈ മേഖലയിലുണ്ടായിരുന്നത്. ഈ ടവറുകളുടെ പ്രസാരണ ശേഷിയും കുറച്ചു. സ്വകാര്യ മൊബൈൽ കമ്പനികൾ വരുമെന്ന് പലതവണ പറഞ്ഞെങ്കിലും യാഥാർഥ്യമായിട്ടില്ല. വൈദ്യുതി മുടക്കം പതിവായതിനാൽ ടെലിവിഷൻ വഴിയുള്ള പഠനവും കൃത്യമായി ലഭിക്കുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. വൈദ്യുതി മുടങ്ങുമ്പോൾ ബി.എസ്.എൻ.എൽ ടവറുകൾ പ്രവർത്തിക്കാറില്ലെന്നും ആക്ഷേപമുണ്ട്.
ബി.എസ്.എൻ.എൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ളവരുടെ ഫോണുകളും മാസങ്ങളായി നിശ്ചലമാണ്. വെറുതേ മാസബില്ല് അടക്കേണ്ട ഗതികേടാണെന്നും പരാതി അറിയിച്ചാലും ജീവനക്കാർ തിരിഞ്ഞു നോക്കാറില്ലെന്നും ഉപഭോക്താക്കൾ പറയുന്നു. ജീവനക്കാർ വിരമിച്ചതോടെ മലയോരത്തെ ടെലിഫോൺ എക്സ്ചേഞ്ചുകൾ പലതും അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ബ്രോഡ് ബാൻഡ് കണക്ഷനുകളിലെ തകരാറുകൾ പരിഹരിക്കാനും ആളില്ല. കർണാടക വനാതിർത്തിയോട് ചേർന്നുള്ള ആടാംപാറ, നറുക്കുംചീത്ത തുടങ്ങിയ മേഖലയിലെ കുട്ടികൾക്ക്, ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നതിനാൽ നെറ്റ്വർക്ക് തേടി പുറത്തിറങ്ങാനും സാധിക്കുന്നില്ല.
നടുവിൽ പുല്ലംവനത്തെ കുട്ടികൾ എല്ലാദിവസവും ഓൺലൈൻ ക്ലാസിെൻറ പരിധിക്ക് പുറത്താണ്. നടുവിൽ പഞ്ചായത്തിലെ ഒമ്പത്,10,11,13 വാർഡുകളിൽപെടുന്ന കൈതളം,പള്ളിക്കുന്ന്,കോട്ടയം തട്ട്, കൊക്കായി പ്രദേശങ്ങളിലും നെറ്റ്വർക്ക് ലഭ്യമല്ലാത്തതുമൂലം പഠനം പ്രതിസന്ധിയിലായി.
പ്രദേശത്തെ 70ഒാളം കുട്ടികൾക്കാണ് ഓൺലൈൻ ക്ലാസ് കാണാനും അധ്യാപകരുമൊത്തുള്ള ചർച്ചകളിൽ പങ്കെടുക്കാനും കഴിയാതായത്. പട്ടികവർഗ കോളനികൾ കൂടിയാണ് പ്രദേശം. നടുവിൽ ഹയർസെക്കൻഡറി സ്കൂൾ, ടെക്നിക്കൽ ഹൈസ്കൂൾ, പുലിക്കുരുമ്പ സെൻറ് ജോസഫ്സ് ഹൈസ്കൂൾ, യു.പി സ്കൂൾ, തുരുമ്പി ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്നവരാണിവർ. കഴിഞ്ഞ വർഷം ക്ലാസുകൾ ലഭ്യമാകാതെ വിഷമിച്ചവരാണ് ഇത്തവണയും ദുരിതമനുഭവിക്കുന്നത്.
മുൻവർഷത്തെ അപേക്ഷിച്ച് കൂടുതലായും ഗൂഗ്ൾ മീറ്റ് വഴിയാണ് അധ്യാപകർ ക്ലാസെടുക്കുന്നത്. എന്നാൽ, ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് കുട്ടികൾ പറയുന്നു. ജില്ല കലക്ടർ, എം.എൽ.എ, മന്ത്രിമാർ എന്നിവർക്കെല്ലാം വിദ്യാർഥികളും രക്ഷിതാക്കളും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.