ശ്രീകണ്ഠപുരം: മഴ കനത്തതോടെ ചെങ്ങളായി തേർളായി ദ്വീപിലുള്ളവർക്ക് ആധിയാണ്. സംരക്ഷണഭിത്തി ഒരുക്കാത്ത ദ്വീപിെൻറ ഭാഗങ്ങളിലാണ് കരയിടിയുന്നത്. മണ്ണും തെങ്ങും മറ്റ് മരങ്ങളുമെല്ലാം പുഴയെടുത്തു കൊണ്ടിരിക്കുകയാണ്. കരയിടിഞ്ഞ് പുഴയോരത്തെ കുന്നിൽ കമാലിെൻറ വീട് അപകടാവസ്ഥയിലായി. വീടുകളും പുഴയെടുക്കാനൊരുങ്ങുമ്പോൾ ഇനിയെന്ത് ചെയ്യുമെന്ന് ദ്വീപ് നിവാസികൾ ചോദിക്കുന്നു.
ചെങ്ങളായി പഞ്ചായത്തിലെ, 198 ഏക്കർ വിസ്തൃതി മാത്രമുള്ള വളപട്ടണം പുഴയിലെ ഈ ദ്വീപിൽ ഇപ്പോൾ 124 കുടുംബാംഗങ്ങളാണ് താമസിക്കുന്നത്. 2005ൽ തേർത്തല ഭാഗത്തു നിന്നും തേർളായി ദ്വീപിലേക്ക് പാലം വന്നതോടെ തോണിയാത്ര മൂന്ന് ഭാഗത്തു മാത്രമായി.
നിലവിൽ മയ്യിൽ കണ്ടക്കൈ ഭാഗത്തും കുറുമാത്തൂരിലും പെരിന്തലേരി ബോട്ടുകടവ് ഭാഗത്തും എത്തേണ്ടവർ തോണിയാണ് ആശ്രയിക്കുന്നത്. 2019ലെ പ്രളയത്തിൽ ദ്വീപ് രണ്ട് ദിവസത്തോളം പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. കുടുംബങ്ങളെ കുറുമാത്തൂരിലും ബന്ധുവീടുകളിലുമാണ് അന്ന് മാറ്റിപ്പാർപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷവും പലയിടങ്ങളിലും വെള്ളം കയറി നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചു.
കരയിടിച്ചിലിനെ തുടർന്ന് നേരത്തെ ദ്വീപിെൻറ കുറുമാത്തൂർ ഭാഗത്ത് പുൾക്കാടി കടവ് മുതൽ ചിറമ്മൽ കടവ് വരെ 220 മീറ്റർ നീളത്തിൽ കരഭിത്തി നിർമിച്ചു. പുഴ സംരക്ഷണ പദ്ധതിയിൽ അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇവിടെ ഭിത്തി നിർമിച്ചത്. രണ്ട് വർഷം മുമ്പ് കെ.സി. ജോസഫ് എം.എൽ.എ ഇടപെട്ട് സംരക്ഷണഭിത്തി കെട്ടാനായി ജലസേചന വകുപ്പിൽ നിന്ന് 1.20 കോടി രൂപ ലഭ്യമാക്കിയിരുന്നു. ഈ തുക ഉപയോഗിച്ച് പാലംകടവ് മുതൽ മൊയ്തീൻ പള്ളി കടവ് വരെയും മാധവി കടവ് ഭാഗത്തും സംരക്ഷണഭിത്തി പൂർത്തിയാക്കിയിട്ടുണ്ട്.
ഇനി മോലത്തുംകടവ്, കുനിമ്മൽ കടവ്, ഓട്ടുവളപ്പ് കടവ് ഉൾപ്പെടെ കരിയിടിച്ചൽ രൂക്ഷമായ ഒരു കിലോമീറ്റർ വരുന്ന അഞ്ച് ഭാഗങ്ങളിൽ കൂടി സംരക്ഷണഭിത്തി ഒരുക്കേണ്ടതുണ്ട്. ഇതിനെല്ലാം കൂടി 4.5 കോടിയുടെ എസ്റ്റിമേറ്റും തയാറാക്കിയിട്ടുണ്ട്.
കരയിടിഞ്ഞ ഭാഗങ്ങളിൽ ഭിത്തി നിർമിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെംബർ മൂസാൻകുട്ടി തേർളായി മുഖ്യമന്ത്രിക്കും സജീവ് ജോസഫ് എം.എൽ.എക്കും നിവേദനം നൽകിയിട്ടുണ്ട്. തേർളായി ദ്വീപിൽ കരയിടിഞ്ഞ ഭാഗങ്ങൾ ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ് വി.പി. മോഹനൻ, വാർഡ് മെംബർ മൂസാൻ കുട്ടി തേർളായി എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.