ശ്രീകണ്ഠപുരം: 2018ൽ നിർമാണം തുടങ്ങിയിട്ടും പണിപൂർത്തിയാകാതെ കണിയാർവയൽ - ഉളിക്കൽ റോഡ്. പണി നടക്കാത്ത ഭാഗങ്ങളിൽ അപകടങ്ങളും പതിവായി. പത്തോളം ഭാഗങ്ങൾ ഒഴിച്ചുവിട്ടാണ് ടാറിങ് നടത്തിയത്. ഈ ഭാഗങ്ങളിൽ കുറെ മാസമായി നിരവധി അപകടങ്ങളാണ് നടന്നത്.
പണി നടത്തിപ്പിലെ അശാസ്ത്രീയതയാണ് മൂന്ന് ജീവൻ പൊലിയാൻ ഇടയാക്കിയത്. കഴിഞ്ഞയാഴ്ച കൊശവൻവയലിനും തായ്ക്കുണ്ടത്തിനും ഇടയിലെ കയറ്റത്തിൽ കാർ മറിഞ്ഞു. യാത്രികർ അത്ഭുതകരമായാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ എതിർപ്പിനെ തുടർന്നാണ് ഇവിടെ റോഡ് നിർമാണം നിലച്ചതെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗങ്ങളിലാണ് തുടർച്ചയായി അപകടങ്ങൾ ഉണ്ടായത്.
കഴിഞ്ഞ മാസങ്ങളിൽ ഈ റോഡിലെ പണി നടക്കാത്ത ഭാഗങ്ങളിലുണ്ടായ അപകടത്തിൽ മൈക്കിൾഗിരി സ്വദേശിയായ യുവാവും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കാറ്ററിങ് നടത്തുന്ന കാഞ്ഞിലേരിയിലെ താഴെ പുരയിൽ സാദിഖും മരിച്ചിരുന്നു.
കണിയാർവയൽ - ഉളിക്കൽ റോഡിൽ തായ്ക്കുണ്ടം ഭാഗത്താണ് യാത്രാക്ലേശം രൂക്ഷമായിരിക്കുന്നത്. തേർമല മുതൽ മഞ്ഞാങ്കരി വരെയുള്ള മൂന്ന് കി.മീ. ദൂരം പൂർണമായും തകർന്നിരിക്കുകയാണ്. തുടങ്ങിയിട്ട് നാലുവർഷം കഴിഞ്ഞിട്ടും പൂർത്തിയാകാത്തതിനാൽ പ്രദേശവാസികൾ പന്തംകൊളുത്തി പ്രതിഷേധമടക്കം നടത്തിയിരുന്നു. സ്കൂൾ തുറന്നതോടെ ഈ മേഖലയിലെ വിദ്യാർഥികളും ദുരിതയാത്രയിലാണ്.
റോഡ് ഉയർത്താൻ മണ്ണിട്ടതിനാൽ സമീപത്തെ വൈദ്യുതി ലൈനുകൾ കൈ ഉയർത്തിയാൽ തൊടാമെന്ന നിലയിലാണ്. ഇത് വാഹനങ്ങളിൽ തട്ടാനും അപകടമുണ്ടാക്കാനും സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു. മഴക്കാലത്തിനകം റോഡുപണി പൂർത്തിയായില്ലെങ്കിൽ വലിയ ദുരന്തങ്ങൾ കാണേണ്ടി വരും.
പണിയിൽ തുടക്കം തൊട്ടുതന്നെ കരാറുകാരുടെയും അധികൃതരുടെയും തികഞ്ഞ അനാസ്ഥയാണുണ്ടായത്. ഇതാണ് കണിയാർവയൽ റോഡ് നിർമാണം ഇഴഞ്ഞുനീങ്ങാൻ കാരണമായത്. നിർമാണത്തിൽ പുരോഗതിയില്ലാത്തതിനാൽ കിഫ്ബി മഞ്ഞപ്പട്ടികയിൽ ഉൾപ്പെടുത്തിയ റോഡ് കൂടിയാണിത്.
കിഫ്ബിയുടെ രണ്ടാമത്തെ പരിശോധനയിൽ റോഡുനിർമാണം 50 ശതമാനംപോലും പൂർത്തിയാകാത്തതിനാലാണ് മഞ്ഞപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. 2018ൽ നിർമാണം തുടങ്ങിയ റോഡ് 2020 നവംബർ ആറിന് പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ, നാലുവർഷം കഴിഞ്ഞിട്ടും എങ്ങുമെത്താത്ത നിലയിലാണ്. കഴിഞ്ഞ വർഷം ഈ റോഡ് വികസനത്തിനായി വീട്ടുമുറ്റത്ത് നിന്ന് അശാസ്ത്രീയമായി മണ്ണെടുക്കുന്നതിനെതിരെ പരാതി നൽകിയ വയക്കരയിലെ ഇടച്ചേരി ഗംഗാധരൻ 10 അടി താഴ്ചയിലേക്ക് കാൽതെറ്റി വീണ് മരിച്ചിരുന്നു. റോഡിനായി മണ്ണെടുത്തതിനുശേഷം സുരക്ഷവേലി ഒരുക്കാത്തതായിരുന്നു അപകടത്തിന് വഴിയൊരുക്കിയത്. ഈ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളും സമരങ്ങളും നടന്നിരുന്നു.
62.12 കോടി രൂപ ചെലവിലാണ് കണിയാർവയൽ-കാഞ്ഞിലേരി - ഉളിക്കൽ റോഡ് നിർമാണം നടത്തുന്നത്. 18 കിലോമീറ്റർ വരുന്ന റോഡ് ഇരിക്കൂർ, മട്ടന്നൂർ നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഏറനാട് കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണ ചുമതല. 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്.
പുഴവെള്ളം കയറുന്ന പ്രദേശങ്ങളിൽ രണ്ടര കിലോമീറ്റർ നീളത്തിൽ റോഡ് ഉയർത്തുകയും നടപ്പാത നിർമിക്കുകയും റോഡരികുകളിൽ സൗരോർജ വിളക്കുകളും ഒരുക്കുന്നതുമാണ് പദ്ധതി. നാൽപതോളം കലുങ്കുകളും ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തികളും ഒരുക്കിയാണ് റോഡ് നിർമാണം. കാഞ്ഞിലേരിയിൽ പുഴയോര ഭാഗങ്ങളിലടക്കം ഭിത്തി നിർമിക്കേണ്ടതുണ്ടെങ്കിലും അതും നടന്നിട്ടില്ല. ഇവിടെയും റോഡുപണി നടത്തിയിട്ടില്ല. വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.