ശ്രീകണ്ഠപുരം: പോളിങ് ബൂത്തില്‍ അതിക്രമിച്ചുകയറി സ്ഥാനാർഥിയുടെ ഏജൻറിനെ മർദിച്ച കേസില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉള്‍പ്പെടെ ആറ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് കോടതി തടവും പിഴയും വിധിച്ചു. ബ്ലോക്ക് പ്രസിഡൻറ് റോബര്‍ട്ട് ജോര്‍ജ്, മലപ്പട്ടത്തെ സി.പി.എം പ്രവര്‍ത്തകരായ രാജു എന്ന രാജേഷ്, കെ.കെ. വിജയന്, വി. സഹദേവന്, സുരേഷ്, എന്‍.കെ. പ്രകാശന് എന്നിവരെയാണ് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആര്. അനിത ശിക്ഷിച്ചത്.
2014ല്‍ ലോക്സഭ തെരഞ്ഞെടുപ്പ് ദിവസം മലപ്പട്ടം കൊളന്ത എ.എല്‍.പി സ്കൂളില്‍ 159ാം ബൂത്തില്‍ പോളിങ് ഏജൻറായിരുന്ന കെ.ഒ.വി. നാരായണനെ ആക്രമിച്ച കേസിലാണ് ശിക്ഷ. സ്വതന്ത്ര സ്ഥാനാർഥിയായ പുത്തലത്ത് ശ്രീമതിയുടെ ഏജൻറായിരുന്നു നാരായണന്. രാവിലെ വോട്ട് രേഖപ്പെടുത്തിയയാള്‍ വൈകീട്ട് നാലോടെ കള്ളവോട്ട് ചെയ്യാനെത്തിയപ്പോള്‍ നാരായണന് ചലഞ്ച് ചെയ്തതിനെത്തുടർന്നുണ്ടായ വിരോധമാണ് അക്രമത്തിന് കാരണം.
ബൂത്തില്‍ ഇരച്ചുകയറി മർദിച്ചുവെന്നാണ് കേസ്. ഐ.പി.സി 341 പ്രകാരം 10 ദിവസം തടവും 500 രൂപ വീതം പിഴയുമാണ് ശിക്ഷ. ഇതിനുപുറമെ ഐ.പി.സി 326 പ്രകാരം ഒരുവര്‍ഷം തടവും 3000 രൂപ വീതം പിഴയും 323ാം വകുപ്പനുസരിച്ച് ഒരുമാസം തടവും 1000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചാല്‍ 15,000 രൂപ നാരായണന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം, വിധിക്കെതിരെ ജില്ല കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റോബർട്ട് ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.